2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

വെള്ളത്തില്‍ കുതിര്‍ന്നു സ്റ്റേഡിയം; ഉപജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരം വഴിപാടാകുന്നു

തൃക്കരിപ്പൂര്‍: മൈതാനത്ത് കെട്ടിനിന്ന വെള്ളവും കനത്ത മഴയും കാരണം ഉപജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ വഴിപാടായി മാറി. സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായാണ് ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മിനിസ്റ്റേഡിയത്തില്‍ ഇന്നലെ തുടക്കമായത്. ജൂനിയര്‍ വിഭാഗത്തിന്റെ മത്സരമാണ് ഇന്നലെ തുടങ്ങിയത്.
ഏതാനും മാസം മുന്‍പാണ് പൈക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴുലക്ഷം രൂപ ചെലവഴിച്ചു മൈതാനം നവീകരിച്ചത്. എന്നാല്‍ മൈതാനത്തിനു തൊട്ടടുത്ത കൂലേരി എല്‍.പി സ്‌കൂള്‍ ചുറ്റു മതിലിന് പുറത്തുനിന്നു സ്വകാര്യ കെട്ടിടങ്ങളുടെ മുകളില്‍ നിന്നുള്ള മഴവെള്ളം കുത്തിയൊലിച്ച് മൈതാനത്താണ് എത്തുന്നത്. മഴയേക്കാള്‍ മത്സരാര്‍ഥികളെ കൂടുതല്‍ ബുദ്ധിമുട്ടിച്ചതും മൈതാനത്തു കെട്ടിക്കിടക്കുന്ന വെള്ളമാണ്.
മൂന്നു ദിവസമായി നടക്കുന്ന മത്സരത്തില്‍ 27 ടീമുകളാണു പങ്കെടുക്കുന്നത്. ഒക്‌ടോബറില്‍ നടക്കുന്ന സോണല്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുക്കാനും ജില്ലാ ടീമിലേക്കുള്ള പ്രതിഭകളെ കണ്ടെത്താനുമാണ് ഉപജില്ലാ തലത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്.
ഓണാവധിക്കാലത്ത് ഉപജില്ലാ സ്‌കൂള്‍ മത്സരം സംഘടിപ്പിക്കാന്‍ കാല്‍പന്തുകളിയോടു കൂറുള്ള പി.ഇ.ടി അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗം അധ്യാപകരും ഇതിനെ എതിര്‍ക്കുകയാണ്. ഇവരുടെ പിടിവാശിയാണ് ഈ പെരുമഴയത്തു മത്സരം സംഘടിപ്പിക്കാന്‍ കാരണമായത്.
ഒക്‌ടോബറില്‍ നടക്കുന്ന സോണല്‍ മത്സരങ്ങളിലേക്ക് നവംബര്‍ അവസാന വാരത്തിലോ ഒക്‌ടോബര്‍ ആദ്യ വാരത്തിലോ മത്സരങ്ങള്‍ സംഘടിപ്പിച്ചാല്‍ മതിയെന്നിരിക്കെയാണ് ചിലര്‍ക്ക് വേണ്ടിമത്സരം സംഘടിപ്പിച്ച് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്നതെന്നാണ് ആരോപണം.
ആദ്യ ദിവസമായ ഇന്നലെ ജൂനിയര്‍ ടീമില്‍ കളിക്കാനെത്തിയത് 13 സ്‌കൂള്‍ ടീമുകളാണ്. ഇന്ന് സീനിയര്‍ ടീമില്‍ കളിക്കേണ്ടത് 14 ടീമുകളും. അടുത്ത ദിവസം  ഇരു വിഭാഗത്തിന്റെ സെമിഫൈനലും ഫൈനലും നടക്കും. മഴയത്തും വെള്ളത്തിലും കളിക്കുന്ന കുട്ടികളെ ഏതു മാനദണ്ഡം ഉപയോഗിച്ചാണ് ജില്ലാ ടീമിലേക്കു തിരഞ്ഞെടുക്കുകയെന്നാണു കാല്‍പന്തുകളിയില്‍ കഴിവ് തെളിയിച്ച തൃക്കരിപ്പൂരുകാരുടെ ചോദ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.