2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

വെള്ളത്തിലായ വിവാഹ സ്വപ്‌നങ്ങള്‍ക്ക് ചിറകുപകര്‍ന്ന് വാട്ട്‌സ്ആപ്പ് കൂട്ടായ്മ

മിനി മോഹന്‍

പാലക്കാട്: വെള്ളത്തിലായ വിവാഹ സ്വപ്നങ്ങള്‍ക്ക് ചിറകു പകര്‍ന്ന് ജില്ലയിലെ വാട്ട്‌സ്ആപ്പ് കൂട്ടായ്മ. പ്രകൃതിയുടെ വികൃതികള്‍ മങ്ങലേല്‍പ്പിച്ചത് ശംഖുവാരത്തോട് പരേതനായ അബ്ദുള്‍ റഹ്മാന്‍-താഹിറ ദമ്പതികളുടെ മകളുടെ വിവാഹ സ്വപ്നങ്ങള്‍ക്കുമാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ട് അഞ്ച് അടിയില്‍ കൂടുതലായി തുറന്നതുമൂലം ശംഖുവാരത്തോട് ഉള്‍പ്പെടുന്ന പാലക്കാടിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി.
പ്രളയം കവര്‍ന്നത് വീടും, വിവാഹവസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കമാണ്.വിവരമറിഞ്ഞ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയായ ‘പാലക്കാട് ഫ്‌ളഡ് റിലീഫ് ടീം’ സഹായവുമായി രംഗത്തുവരികയും മണിക്കൂറുകള്‍ക്കുള്ളില്‍ ശേഖരിച്ചത് 28000 രൂപയാണ്. ശംഖുവാരത്തോട് പള്ളി മദ്രസ ഹാളില്‍ 26ന് വൈകുന്നേരം നാലിന് നടന്ന വിവാഹസത്കാര വേദിയില്‍ തുക കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്ന് വധുവരന്മാര്‍ക്ക് കൈമാറി. കോയമ്പത്തൂര്‍ സ്വദേശിയായ പര്‍വീസ് മുഹമ്മദാണ് റംലയുടെ വരന്‍.
സാമൂഹ്യ മാധ്യമമായ വാട്ട്‌സ്ആപ്പിലൂടെ പാലക്കാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും പ്രളയസമയത്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏകോപിപ്പിച്ച കൂട്ടായ്മയാണ് ‘പാലക്കാട് ഫ്‌ളഡ് റിലീഫ് ടീം. മുന്‍ ഡി.വൈ.എസ്.പി. മുഹമ്മദ്കാസിം, ഡോ.അലക്‌സ് പോള്‍, ജിസാജോമോന്‍, ഹാരിസ് കലീല്‍ എന്നിവരുടെ നേതൃത്തത്തില്‍ ഇരുനൂറോളം പേരാണ് കൂട്ടായ്മയില്‍ അംഗങ്ങളായുള്ളത്.
ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങി കിടക്കുകയും 74 സ്ഥലങ്ങളിലായി വന്‍ മരങ്ങള്‍ വീണു റോഡ് മാര്‍ഗം തകര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആദ്യമായി അവിടെ ഭക്ഷണവും വെള്ളവുമായി എത്തിചേര്‍ന്നത് മുന്‍ ഡി.വൈ.എസ്.പി. മുഹമ്മദ്കാസിം നേതൃത്തത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന ഈ കൂട്ടായ്മയിലെ അംഗങ്ങളാണ്.
30 കിലോമീറ്ററോളം കാല്‍നടയായി അവിടെ അവശ്യസാധനങ്ങള്‍ എത്തിച്ചു. കൂടാതെ വെള്ളം കയറി ചെളി നിറഞ്ഞ നിരവധി വീടുകളുംകൂട്ടായ്മ വൃത്തിയാക്കിയിരുന്നു. ഓരാഴ്ച നീണ്ടു നിന്ന പ്രളയം കവര്‍ന്നത് ആയുഷ്‌കാല സമ്പാദ്യങ്ങളും, ബാക്കിവെച്ചത് ഭാവിയെ കുറിച്ചുള്ള നിരാശയും വേവലാധികളും മാത്രം. ഈ സാഹചര്യങ്ങളില്‍ തുണയാവുന്നത് സന്നദ്ധ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുമാണ്. സംസ്ഥാനത്ത് പ്രളയം ബാധിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പങ്ക് നേരത്തെ പ്രശംസ നേടിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News