2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വെള്ളം എടുത്തതിന് അധിക്ഷേപിച്ചു; ദലിതന്‍ കിണര്‍ കുത്തി വെള്ളം കണ്ടു

നാഗ്പൂര്‍: കുടിവെള്ളം ശേഖരിക്കാന്‍ പോയ ഭാര്യയെ അധിക്ഷേപിച്ചു തിരിച്ചയച്ചതില്‍ മനംനൊന്ത ദലിത് കര്‍ഷകന്‍ സ്വന്തം പറമ്പില്‍ കിണര്‍ കുത്തി വെള്ളം കണ്ടു പ്രതിഷേധിച്ചു. നാഗ്പൂരിലെ ബാപ്പുറാവു താജ്‌നെയാണ് മറ്റാരുടെയും സഹായം തേടാതെ കിണര്‍ കുത്തിയത്. നാലോ അഞ്ചോ പേര്‍ ചേര്‍ന്നു കുഴിക്കേണ്ട കിണര്‍ ഇയാള്‍ ഒറ്റയ്ക്കു കുഴിക്കുകയായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന മഹാരാഷ്ട്രയില്‍ വെള്ളത്തിനു നെട്ടോട്ടമാണ്. ഉയര്‍ന്ന ജാതിക്കാരുടെ കിണറിനു സമീപം കാത്തുനിന്ന് ഒരുകുടം വെള്ളം ശേഖരിക്കുന്നതിനിടെ ആട്ടുംതുപ്പും സഹിക്കേണ്ടിവന്ന ഭാര്യ സംഗീതയുടെ അവസ്ഥ കണ്ടാണ് ബാപ്പു കിണര്‍ കുത്താന്‍ തീരുമാനിച്ചത്. 40 ദിവസത്തെ പരിശ്രമത്തിനൊടുവില്‍ 15 അടി താഴെ വെള്ളം കണ്ടു. അതോടെ ബാപ്പു ഗ്രാമത്തിലെ ദലിതരെയെല്ലാം അവിടേക്കു ക്ഷണിച്ചു. ആര്‍ക്കും എത്രകുടം വെള്ളം വേണമെങ്കിലും കൊണ്ടുപോകാമെന്നു ബാപ്പു പറഞ്ഞപ്പോള്‍ ദലിതര്‍ സന്തോഷം തെളിനീര്‍പോലെ പരന്നൊഴുകി. വാശിം ജില്ലയിലെ കലംബേശ്വറിലെ സാധാരണ തൊഴിലാളിയാണ് ബി.എ വരെ പഠിച്ച ബാപ്പു. മുന്‍പ് കിണര്‍കുത്തി പരിചയമില്ലെങ്കിലും ഭാര്യയെ ആട്ടിപ്പായിച്ചതിന്റെ സങ്കടത്തില്‍ ജോലിസമയത്തിനുശേഷം ദിവസം ആറു മണിക്കൂര്‍ ഉറച്ച മണ്ണില്‍ ആഞ്ഞുവെട്ടിയാണ് ബപ്പു വെള്ളം കണ്ടത്. സ്വന്തം കുടുംബാംഗങ്ങളുടെ സഹായം പോലും അയാള്‍ തേടിയില്ല. പലരും കരുതിയത് ബാപ്പുവിന്റെ മനോനില തെറ്റിയെന്നുതന്നെയാണ്. കാരണം വരണ്ട മണ്ണില്‍ ജലം കിനിയുമെന്ന് അവര്‍ കരുതിയതേയില്ല. മാത്രമല്ല തൊട്ടടുത്തുള്ള മൂന്നു കിണറുകളും ഒരു കുഴല്‍ക്കിണറും വറ്റിവരണ്ടിരുന്നുതാനും. അപമാനിക്കപ്പെട്ടത് ദലിതരായതിനാല്‍ തങ്ങളെ നിന്ദിച്ചവരുടെ പേരുപറയുന്നതില്‍ അര്‍ഥമില്ല. ഗ്രാമത്തില്‍ ജാതിചിന്ത വേണ്ട. ദലിതരായതുകൊണ്ടാണു നിന്ദിക്കപ്പെട്ടത്. മാര്‍ച്ചിലെ ആ ദിനം കരയിക്കുന്നതായിരുന്നു. തന്റെ ഭാര്യയെ ആട്ടിപ്പായിച്ച ദിനം. പിന്നെ ഒന്നും ഓര്‍ത്തില്ല. വെള്ളത്തിനുവേണ്ടി ആരുടെയും മുന്നില്‍ യാചിക്കേണ്ടെന്നു തീരുമാനിച്ചു. നേരേ മലേഗാവില്‍ പോയി പിക്കാസ് അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങി ഒരുമണിക്കൂറില്‍ കിണര്‍ കുത്താന്‍ തുടങ്ങുകയായിരുന്നുവെന്ന് ബാപ്പു പറഞ്ഞു. വെള്ളം എവിടെക്കിട്ടുമെന്നറിയില്ലായിരുന്നു. എല്ലാം ദൈവത്തിലര്‍പ്പിച്ചാണു കിണര്‍കുത്താന്‍ തുടങ്ങിയത്. പ്രയത്‌നം സഫലമായതില്‍ ദൈവത്തിനോടു നന്ദിപറയുന്നു. ബാപ്പു പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.