2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വെളളിയാങ്കല്ല് ഷട്ടറുകള്‍ അടച്ചപ്പോള്‍ മീന്‍ പിടുത്തക്കാര്‍ക്ക് ചാകര

അബൂബക്കര്‍ കൂറ്റനാട്

കൂറ്റനാട്: വെളളിയാങ്കല്ല് ഷട്ടറുകള്‍ അടച്ചപ്പോള്‍ മീന്‍ പിടുത്തക്കാര്‍ക്ക് ചാകര. എന്നാല്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് പൊതുജനങ്ങളും മത്സ്യതൊഴിലാളികളും. വെള്ളിയങ്കല്ലു ഷട്ടര്‍ അടച്ചപ്പോള്‍ മീന്‍ പിടിക്കാന്‍ പുഴയുടെ അടിഭാഗത്തേക്ക്ഇറങ്ങിയിരിക്കുകയാണ് ആളുകള്‍. വെള്ളിയാങ്കല്ലില്‍ തടയണയില്‍ മത്സ്യ ബന്ധനം വ്യാപകമായിരിക്കുകയാണ്. സ്വന്തം ജീവന്‍ പണയം വച്ചുള്ള മീന്‍പിടുത്തത്തിനായി ജില്ലയില്‍ നിന്നും അയല്‍ ജില്ലകളില്‍ നിന്നുമായി നിരവധിപേരാണ് ഇവിടേക്കെത്തുന്നത്. തടയണയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ് ഷട്ടറുകള്‍ അടച്ചതോടെ ഇതര സംസ്ഥാനക്കാരുള്‍പ്പടെയുള്ള മീന്‍പിടുത്തക്കാരുടെ എണ്ണവും വര്‍ധിച്ചു. ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഇവിടുത്തെ മത്സ്യബന്ധനം. ഷട്ടര്‍ ഉയര്‍ത്താനായി സ്ഥാപിച്ച ഉരുക്കു വടങ്ങളിലൂടെയും പാലത്തിന്റെ കൈവരിയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറുകളിലൂടെയുമാണ് മിക്കവരും പുഴയിലേക്കിറങ്ങുന്ന്.
കൈ തെറ്റിയാല്‍ പതിക്കുന്നത് താഴെയുള്ള കോണ്‍ക്രീറ്റ് കട്ടകളിലേക്കോ ഉരുക്ക് ഷട്ടറുകള്‍ക്ക് മുകളിലേക്കോ ആയിരിക്കും. ഭിത്തികളിലെ വഴുക്കലും കമ്പി കളിലെ തുരുമ്പുംഅപകട സാധ്യത ഇരട്ടിയാക്കുകയുമാണ്.പുഴയേക്കുറിച്ചോ ഇവിടുത്തെ അപകട സാധ്യതയെക്കുറിച്ചോ വേണ്ടത്ര ധാരണയില്ലാതെ അയല്‍ജില്ലകളില്‍ നിന്നെത്തുന്നവരാണ് കൂടുതല്‍.
പാലത്തിന്റെ അടിത്തറയുടെ ഉറപ്പിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകളുടെ മുകളില്‍ നിന്നാണ് ഇപ്പോള്‍ തകൃതിയായി മീന്‍പിടുത്തം നടക്കുന്നത്.കാല് തെന്നിയാല്‍ വീഴുന്നത് കട്ടകള്‍ക്കിടയിലെ വിടവുകളിലേക്കായിരിക്കും. തുറന്ന ഷട്ടറുകള്‍ക്ക് മുന്‍പിലെ മീന്‍പിടുത്തവും അപകടം നിറഞ്ഞതാണ്.ശക്തമായ ഒഴുക്കില്‍പ്പെട്ടാല്‍ പതിക്കുന്നത് പുഴയുടെ പടിഞ്ഞാറ് ഭാഗത്തെ കുത്തൊഴുക്കിലേക്കായിരിക്കും. ചെറുതും വലുതുമായ അപകട കുഴികള്‍ നിറഞ്ഞ പുഴയുടെ ഭാഗവുമാണിവിടം. രാത്രിയെന്നോ,പകലെന്നോ വ്യത്യാസമില്ലാതെ, യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയുള്ള മീന്‍പിടുത്തത്തില്‍ എത് നിമിഷവും അപകടം പ്രതീക്ഷിക്കാമെന്ന് നാട്ടുകാരും പറയുന്നു.
പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ തടയണക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ മീന്‍ പിടിക്കാനെത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.ഇതര സംസ്ഥാന തൊഴിലാളികളാണ് ചെറിയ കുട്ടികളെ സാഹസിക മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്നത്. ഉപജീവനമാര്‍ഗത്തിനായി മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ വിനോദത്തിനായി എത്തുന്നവരാണ് ഭൂരിഭാഗവും.ഇവരുടെ പുഴയേക്കുറിച്ചുള്ള അജ്ഞത എത് നിമിഷവും അപകടം വിളിച്ച് വരുത്തുന്ന നിലയിലാണ്.
വെള്ളിയാങ്കല്ല് കേന്ദ്രീകരിച്ചുള്ള അപകടകരമായ മീന്‍പിടുത്തം ശ്രദ്ധയില്‍പ്പെട്ടിട്ടും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലയെന്ന ആക്ഷേപവും ജനങ്ങള്‍ക്കുണ്ട്.കൂടാതെ മത്സ്യതൊഴിലാളി ലൈസന്‍സോ രേഖകളോ ഇല്ലാതെ അപകടകരമായ രീതിയില്‍ മീന്‍ പിടിക്കുന്നവര്‍ക്കെതിരെ അതികൃതര്‍ ഒന്നും ചെയ്യുന്നില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.