2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കും

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യു.ഡി.എഫിനെന്ന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലയ്ക്കു പ്രചാരണം നടത്തും. തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒന്നാമതോ രണ്ടാമതോ എത്തുന്ന സാഹചര്യമുണ്ടായാല്‍ അവിടെ പൊതുതത്ത്വം മാറ്റി ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. അഞ്ചു വര്‍ഷമായി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഭരണഘടന മുന്നോട്ടുവച്ച അടിസ്ഥാന മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. കേരളത്തിലെ എല്‍.ഡി.എഫിനു നേതൃത്വം നല്‍കുന്ന സി.പി.എം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്കു ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്കശേഷി എല്‍.ഡി.എഫിനില്ല. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ടു സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ ബി.ജെ.പി.യെ മാറ്റി നിര്‍ത്തി മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ എന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.