2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കളംമാറ്റം സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്

 

#ആഷിഖ് അലി ഇബ്രാഹിം

മുക്കം: ഇടതു രാഷ്ട്രീയത്തോട് ഒളിഞ്ഞും തെളിഞ്ഞും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത് സി.പി.എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച്. എല്‍.ഡി.എഫില്‍നിന്ന് നിരന്തരമായി അവഗണന നേരിട്ടതും ഇടതു രാഷ്ട്രീയത്തോട് എപ്പോഴും ചാഞ്ഞു നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി മാറിച്ചിന്തിക്കാന്‍ കാരണമായി.

വെല്‍ഫെയര്‍ പാര്‍ട്ടിയെ തീവ്രവാദ സംഘടനയായി സി.പി.എം നിരന്തരം ആക്ഷേപിക്കുന്നതും മാറ്റത്തിന് കാരണമായി. കെ.എ.എസ് സംവരണ അട്ടിമറി ശ്രമം, ഗെയില്‍ സമരം, മലപ്പുറത്തെ ദേശീയപാത സമരം, പുതുവൈപ്പ് സമരം, കീഴാറ്റൂര്‍ സമരം, ആലപ്പാട് സമരം, മുന്നാക്ക സംവരണം നടപ്പിലാക്കിയത്,

കൊലപാതക രാഷ്ട്രീയം, മാവോയിസ്റ്റുകളെ വധിച്ചത് തുടങ്ങി ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തു നടന്ന നിരവധി സംഭവങ്ങളില്‍ എല്‍.ഡി.എഫ് നിലപാടിനെതിരേയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊണ്ടത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നടന്ന ഗെയില്‍ വിരുദ്ധ സമരമാണ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന തീരുമാനത്തിന് പിന്നിലെ നിര്‍ണായക ഘടകം. മുക്കം നഗരസഭ, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നത്. ഗെയില്‍ സമരകാലത്തു തന്നെ എല്‍.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അണികള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയമാണ് സി.പി.എം പിന്തുടരുന്നതെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പോഷകസംഘടനകളായ എസ്.ഐ.ഒ, ഫ്രറ്റേണിറ്റി എന്നിവരുടെ നിലപാടും തീരുമാനത്തിനു കാരണമായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.