2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വെയിലേല്‍ക്കുമോ പോര്‍ച്ചുഗലിന്

പാരിസ്: യൂറോ കപ്പിലെ ആദ്യ സെമിയില്‍ ഇന്നു വെയ്ല്‍സ്- പോര്‍ച്ചുഗല്‍ പോരാട്ടം. ഇരു ടീമുകളും ഫൈനല്‍ ലക്ഷ്യമിട്ട് അവസാനം വരെ പൊരുതുമെന്നുറപ്പ്. പോര്‍ച്ചുഗല്‍ 2004ല്‍ ഫൈനലിലെത്തിയ ടീമാണ്. എന്നാല്‍ അന്നു ഗ്രീസിനോടു പരാജയപ്പെട്ട് കിരീടം കൈവിട്ടതിനാല്‍ അവര്‍ കന്നി യൂറോ കിരീടമാണ് സ്വപ്നം കാണുന്നത്. വെയ്ല്‍സാകട്ടെ ചരിത്രത്തിലാദ്യമായി യൂറോ കളിക്കാനെത്തിയ അവര്‍ 58 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റിലും കളിക്കുന്നത്. സെമി വരെയെത്തിയതു തന്നെ അവരെ സംബന്ധിച്ച് സ്വപ്നതുല്ല്യ കുതിപ്പായിരുന്നു. അതേസമയം ഭാഗ്യം കൊണ്ടല്ല അവര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. മികച്ച ടീം വര്‍ക്കിന്റെ കരുത്തിലാണ് വെയ്ല്‍സിന്റെ വരവ്. ബെല്‍ജിയത്തെ ക്വാര്‍ട്ടറില്‍ വ്യക്തമായ ആധിപത്യത്തില്‍ തന്നെ കീഴടക്കിയതിനാല്‍ പോര്‍ച്ചുഗലും അവരെ സംബന്ധിച്ച് കീഴടക്കാന്‍ ബുദ്ധിമുട്ടുള്ള ടീമല്ല. അതിനാല്‍ കനത്ത ആക്രമണ പ്രത്യാക്രമണ ഫുട്‌ബോള്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

ക്രിസ്റ്റ്യാനോ- ബെയ്ല്‍
ടൂര്‍ണമെന്റിലെ അദ്ഭുത ടീം എന്നാണ് വെയ്ല്‍സിനുള്ള വിളിപേര്. വെയ്ല്‍സ് പ്രതിഭകളുടെയും അതിലുപരി പോരാട്ട മികവിന്റെയും ടീമാണ്. ക്വാര്‍ട്ടറില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചു ബെല്‍ജിയത്തെ തകര്‍ത്താണ് വെയ്ല്‍സ് സെമിയിലെത്തിയത്. ആ ഒരു കളി മതി ടീം എത്രത്തോളം കരുത്തുറ്റതാണെന്ന് തെളിയിക്കാന്‍.
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരത് ബെയ്‌ലും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. എന്നാല്‍ ടൂര്‍ണമെന്റിലെ ഫോം പരിശോധിക്കുമ്പോള്‍ ബെയ്ല്‍ ഒരുപടി മുന്നിലാണ്. മൂന്നു ഗോളുകള്‍ നേടുകയും ടീമിന്റെ മുന്നേറ്റങ്ങളെ നയിക്കുകയും ചെയ്യുന്നത് ബെയ്‌ലാണ്. എന്നാല്‍ ഹംഗറിക്കെതിരേ മാത്രമാണ് ക്രിസ്റ്റ്യാനോയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. മറ്റു മത്സരങ്ങളിലെല്ലാം വേണ്ടത്ര മികവിലേക്കുയരാന്‍ താരത്തിന് സാധിച്ചിട്ടില്ല.. ക്വാര്‍ട്ടറില്‍ പോളണ്ടിനെതിരേ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്കായി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ താരം ഫോമിലേക്കുയരുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.
ഇരു ടീമുകള്‍ക്കും പ്രമുഖ താരങ്ങളുടെ സസ്‌പെന്‍ഷനാണ് നിര്‍ണായക മത്സരത്തില്‍ തിരിച്ചടിയായിരിക്കുന്നത്. വെയ്ല്‍സ് നിരയില്‍ പ്രതിരോധ താരം ബെന്‍ ഡേവിസും ആരോണ്‍ റാംസിയും കളിക്കില്ല. ക്വാര്‍ട്ടറില്‍ ടീമിനെ മുന്നേറ്റങ്ങളെല്ലാം നയിച്ചത് റാംസിയാണ്. താരത്തിന്റെ അഭാവം ടീമിന് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കും. റാംസിക്ക് പകരം ആന്‍ഡി കിങ് കളിക്കും. അതേസമയം ഡേവിസിന് പകരം ജെയിംസ് കോളിന്‍സ് കളത്തിലിറങ്ങും. പോര്‍ച്ചുഗല്‍ നിരയില്‍ വില്യം കാര്‍വാലോ കളിക്കില്ല. പോളണ്ടിനെതിരായ ക്വാര്‍ട്ടറില്‍ താരത്തിന് ടൂര്‍ണമെന്റിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. നിര്‍ണായക മത്സരത്തിലെ താരങ്ങളുടെ അഭാവത്തില്‍ യുവേഫയെ ബെയ്ല്‍ വിമര്‍ശിച്ചു. യുവേഫയുടെ ഇത്തരം നിയമങ്ങള്‍ അംഗീകരിക്കുക ടീമുകള്‍ക്ക് കഠിനമാണ്. മത്സര ഫലത്തെ തന്നെ ഇതു ബാധിച്ചേക്കാം. സെമി ഫൈനല്‍ പോലൊരു സുപ്രധാന മത്സരത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്നും ബെയ്ല്‍ പറഞ്ഞു.
മികച്ച ടീം കരുത്തുമായിട്ടാണ് വെയ്ല്‍സ് കളത്തിലിറങ്ങുന്നത്. മുന്നേറ്റത്തില്‍ റോബ്‌സന്‍ കാനു എന്ന അദ്ഭുത താരം ബെയ്‌ലിന് കൂട്ടുണ്ട്. ബെല്‍ജിയത്തിനെതിരേ കാനു നേടിയ വണ്ടര്‍ ഗോള്‍ അദ്ദേഹത്തിന്റെ മികവ് പ്രകടമാക്കുന്നതായിരുന്നു. അലന്‍, ആന്‍ഡി കിങ്, നീല്‍ ടെയ്‌ലര്‍, ലെഡ്‌ലി എന്നിവരുടെ മികവ് വെയ്ല്‍സിന് ഗുണം ചെയ്യും. ബെല്‍ജിയത്തിനെതിരേ മികവു കാട്ടിയ പ്രതിരോധ നിരയിലും വെയ്ല്‍സിന് കാര്യമായ ആശങ്കകളില്ല. ചെസ്റ്റര്‍, ആഷ്‌ലി വില്യംസ്, കോളിന്‍സ് എന്നിവര്‍ക്കൊപ്പം ഹെന്നസിയുടെ ഗോള്‍ വല കാക്കാനുള്ള മികവും പോര്‍ച്ചുഗലിന് വെല്ലുവിളിയുയര്‍ത്തുന്നതാണ്.
അതേസമയം പോര്‍ച്ചുഗല്‍ റെനാറ്റോ സാഞ്ചസ് എന്ന അദ്ഭുത സ്‌ട്രൈക്കറിലാണ് പ്രതീക്ഷ വയ്ക്കുന്നത്. ക്വാര്‍ട്ടറില്‍ കളം നിറഞ്ഞു കളിക്കാന്‍ സാഞ്ചസിന് സാധിച്ചിരുന്നു. മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ നിര്‍ണായകമായ സമനില ഗോള്‍ നേടിയതും സാഞ്ചസായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പരിശീലനത്തില്‍ തുടയ്‌ക്കേറ്റ പരുക്കിനെ തുടര്‍ന്ന് പെപ്പെ പങ്കെടുത്തിരുന്നില്ല. ഇതു ടീമിനെ ആശങ്കപ്പെടുത്തുന്നു. വെയ്ല്‍സിനെതിരേ താരം കളിച്ചിട്ടില്ലെങ്കില്‍ ടീമിന് തിരിച്ചടിയാവും. മുന്നേറ്റത്തില്‍ നാനിക്ക് വേണ്ട വിധം തിളങ്ങാനാകുന്നില്ലെന്നും വിമര്‍ശനമുണ്ട്. പകരക്കാരന്‍ റിക്കാര്‍ഡോ ക്വാറെസ്മ മികച്ച ഫോമിലാണ്. ടൂര്‍ണമെന്റില്‍ രണ്ടും ഗോള്‍ താരം നേടിയിട്ടുണ്ട്. ആദ്യ ഇലവനില്‍ നാനിക്ക് പകരം ക്വാറെസ്മ ഇടം പിടിക്കാന്‍ സാധ്യതയുണ്ട്. മധ്യനിരയില്‍ മോട്ടീഞ്ഞോ, ജാവോ മരിയ, ഡാനിലോ എന്നിവരും മികച്ച രീതിയില്‍ കളിക്കുന്നു. എന്നാല്‍ പ്രതിരോധം കാര്‍വാലോ കളിക്കാത്ത സാഹചര്യത്തില്‍ ദുര്‍ബലമാണ്. പെപ്പെ കൂടി കളിക്കുന്നില്ലെങ്കില്‍ വെയ്ല്‍സിനെ പിടിച്ചു കെട്ടാന്‍ പോര്‍ച്ചുഗല്‍ പ്രതിരോധത്തിന് കഷ്ടപ്പെടേണ്ടി വരും. സെഡ്രിക്, ഫോണ്ടെ, എലിസ്യൂ എന്നിവരാണ് പ്രതിരോധത്തിലുള്ള മറ്റ് താരങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.