2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

വെടിമരുന്ന് കോട്ട അകാല മരണത്തിലേക്ക്; നശിക്കുന്നത് കേരള ചരിത്രത്തിലെ സുപ്രധാന ഏട്

തക്കല: വെടിമരുന്ന് സൂക്ഷിക്കാനായുള്ള കോട്ട നാശത്തിലേക്ക്. കേരള ചരിത്രത്തില്‍ വിദേശികളെ തുരത്തിവിടുകയും ആ സൈന്യത്തിലെ മേധാവിയെ പിടികൂടുകയും ചെയ്തതുവഴി വൈദേശിക മേധാവിത്വത്തിനെതിരെ ആദ്യ വിജയം നേടിയ തിരുവിതാംകൂര്‍ രാജ്യത്തിലെ ഗതകാല കോട്ടയാണ് അധികൃതരുടെ കൊടിയ അവഗണന കാരണം കാട് മൂടാന്‍ തുടങ്ങിയിരിക്കുന്നത്.
പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് അല്‍പ്പം അകലെ തക്കല -കുലശേഖരം റോഡിലാണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ വകയായ മരുന്നുകോട്ട നാശമായി കിടക്കുന്നത്. 3.69 ഹെക്ടറില്‍ സമുദ്രനിരപ്പില്‍ നിന്ന് 260 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ചതാണ് മരുന്നുകോട്ട. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1729-58) കുളച്ചല്‍ യുദ്ധത്തില്‍ പിടികൂടിയ ഡച്ച് ജനറല്‍ ഡിലോനായിയുടെ നേതൃത്വത്തിലാണ് മരുന്ന് കോട്ട പണിതത്.
യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ച് സൈന്യ മേധാവിയെ സൈനികര്‍ പിടികൂടി വധിക്കാന്‍ തീരുമാനിച്ചെങ്കിലും മാര്‍ത്താണ്ഡവര്‍മ്മ രാജാവ് തിരുവിതാം കൂര്‍ സൈന്യത്തിന്റെ മേധാവിയാക്കുകയായിരുന്നു. അങ്ങിനെയാണ് പത്മനാഭപുരം കൊട്ടാരത്തിലിരുന്നാല്‍ കാണാന്‍ കഴിയുന്ന വിധത്തില്‍ വെടിമരുന്നുകോട്ട പണിതത്.
വെടിമരുന്ന് സൂക്ഷിക്കാന്‍ വേണ്ടി ഡിലനായിയുടെ നീക്കത്തിലൂടെയാണ് ഇവിടെ കോട്ട പണിതത്. വെടിമരുന്നും തോക്കുകളും മറ്റ് ആയുധങ്ങളും സൂക്ഷിക്കാനായി പണിത കോട്ട പിന്നീട് മരുന്ന് കോട്ട എന്നറിയപ്പെട്ടു. ഗ്രാനെറ്റ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച തറയും ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടു നിര്‍മിച്ച ചുമരുകളും ശക്തിയുടെ പര്യായമായിരുന്നു. കോട്ടയ്ക്ക് 20 മുതല്‍ 40 വരെ ഉയരമുള്ള മതിലും കെട്ടി. ഇവിടെ നിന്ന് പത്മനാഭപുരം കൊട്ടാരത്തിലേക്ക് രഹസ്യവഴി നിര്‍മിച്ചിട്ടുണ്ട്. ഇതു വഴി രാജാവും സൈന്യമേധാവിയും മാത്രം വരുമായിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു.
കോട്ടയ്ക്ക് ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ തുറക്കാന്‍ കഴിയുന്ന ഗേറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് കാണാനില്ല. പട്ടാണികുളം എന്ന പേരില്‍ ഒരു കുളവും ഇവിടുണ്ട്. പട്ടാണികളായ ഭടന്മാര്‍ കുളിച്ചിരുന്നത് ഇവിടെയാണ്. ഇപ്പോഴും വര്‍ഷത്തില്‍ ഒരു തവണ ആര്‍ക്കോട്ട് നവാബിന്റെ കുലത്തില്‍പ്പെട്ട പട്ടാണികള്‍ ഇവിടെ എത്തി കുളത്തില്‍ കുളിക്കാറുണ്ട്. അത്യന്തം രഹസ്യങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ട കോട്ട നശിച്ചത് കേരളവിഭജനത്തോടെയാണ്.
കന്യാകുമാരി ജില്ല തമിഴ്‌നാടിന് വിട്ടുകൊടുത്തതോടെ കോട്ടയെ സംരക്ഷിക്കാന്‍ ആരും ഇല്ലാതെയായി. തിരുവിതാംകൂറിന്റെ സന്തതിയല്ലേ തങ്ങളെന്തിന് സംരക്ഷിക്കണം എന്ന ചിന്താഗതിയിലായി തമിഴ്‌നാട് സര്‍ക്കാര്‍. പിന്നെ കോട്ടയിലെ എല്ലാ ഭാഗവും ആരൊക്കോയോ തകര്‍ത്തു. വിഭജനത്തിനുശേഷം തമിഴ്‌നാടിന്റെ പൊതുമാരാമത്ത് വകുപ്പിന്റെ കീഴിലായി കോട്ട.
അടുത്തിടെ കലക്ടര്‍ ഇവിടെ എത്തി കോട്ട പരിശോധിച്ച് രഹസ്യ വഴി കണ്ടെത്തിയെങ്കിലും അത് ഏതാണ്ട് മൂടിയ നിലയിലായാണ് കാണപ്പെട്ടത്.
250 ഓളം വര്‍ഷം പഴക്കമുള്ള കോട്ട ഇനി അധികാലത്തിലേയ്ക്കില്ല. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഈ പരിസരം ഇപ്പോള്‍. ഇതൊരു പുരാവസ്തു കേന്ദ്രമായി പ്രഖ്യാപിക്കണമെന്നും സംരക്ഷണമൊരുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.