2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിറകെ അഫ്ഗാനില്‍ താലിബാന്‍ ജില്ലാ ഗവര്‍ണറെ കൊലപ്പെടുത്തി

കാബൂള്‍: വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിനു പിറകെ ജില്ലാ ഗവര്‍ണറെ കൊലപ്പെടുത്തി താലിബാന്‍. വടക്കന്‍ അഫ്ഗാനിസ്താനിലെ ജില്ലാ ഗവര്‍ണറെയാണ് താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത്. ഗവര്‍ണറുടെ കൊലപാതകത്തിനു പുറമെ ഫര്‍യാബ് പ്രവിശ്യയിലെ ഏതാനും പ്രദേശങ്ങളും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞയാഴ്ചയാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി 12 മുതല്‍ 19 വരെ താലിബാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. റമദാനോടനുബന്ധിച്ചാണ് എട്ടു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
ഇതിന്റെ പ്രതികരണമെന്നോണം താലിബാനും മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ എട്ട് ദിവസത്തെ വെടിനിര്‍ത്തല്‍ ഇന്നലെ ആരംഭിച്ചു. താലിബാന്റെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ചയാണ് ആരംഭിക്കുക. ഫര്‍യാബ് പ്രവിശ്യയിലെ കൊഹിസ്റ്റനാറ്റ് ജില്ലയിലെ ഗവര്‍ണറായ അബ്ദുറഹ്മാന്‍ പാണ ആണ് കൊല്ലപ്പെട്ടത്. ഫര്‍യാബ് പ്രവിശ്യാ വക്താവ് ജാവേദ് ബെദര്‍ ഗവര്‍ണറുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗസ്‌നിയിലെ ഗവര്‍ണറുടെ വസതിക്കു സമീപം കാര്‍ ബോംബ് സ്ഥാപിച്ചാണ് ഗവര്‍ണറെ കൊലപ്പെടുത്തിയത്. അഞ്ച് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗവര്‍ണറുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ എട്ട് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. താലിബാന്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് പാകിസ്താനാണെന്ന് അഫ്ഗാനിസ്താന്‍ ആരോപിച്ചു.
അതേസമയം പാകിസ്താന്‍ ആരോപണം നിഷേധിച്ചു. താലിബാന്‍ അപ്രതീക്ഷിത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ താലിബാന്റെ നീക്കം സമാധാനത്തിലേക്കുള്ള വഴികളാണ് തുറക്കുന്നതെന്ന് പാകിസ്താനിലെ അഫ്ഗാന്‍ അംബാസിഡര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ താലിബാന്‍ അതിനു തയാറല്ലെന്നാണ് പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.