2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വെടിക്കെട്ട് -ആനയെഴുന്നള്ളിപ്പ്: ബി.ജെ.പിയെ തള്ളി ആര്‍.എസ്.എസ്

തിരുവനന്തപുരം: വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന് ആര്‍.എസ്.എസ്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖപത്രമായ കേസരിയിലാണ് ബി.ജെ.പി നിലപാടിനെ തള്ളിപ്പറഞ്ഞ് ആര്‍.എസ്.എസ് രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രോത്സവങ്ങളിലെ കാലാനുസൃതമല്ലാത്ത സമ്പ്രദായങ്ങള്‍ ഹിന്ദുസമൂഹം ഒഴിവാക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു.

കോഴിക്കൂടിന്റെ വലിപ്പമുള്ള ക്ഷേത്രങ്ങളില്‍ വരെ കോടിക്കണക്കിനു രൂപയുടെ കരിമരുന്ന് കത്തിക്കുന്നത് സാമൂഹ്യദ്രോഹമാണ്. ശബരിമലയില്‍ വന്യജീവികളെ അകറ്റാന്‍ ആരംഭിച്ച കതിനാവെടിയെ അനുഷ്ഠാനമായി അനുകരിച്ച് വെടിവഴിപാട് നടത്തുന്നത് ശരിയായ രീതിയല്ല.
ഭക്തരുടെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും ഇല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രം തകര്‍ക്കുന്ന വിധത്തില്‍ നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണമെങ്കില്‍ തലയ്ക്ക് തകരാര്‍ സംഭവിച്ചവര്‍ക്ക് മാത്രമേ സാധിക്കൂവെന്നും ലേഖനത്തില്‍ പറയുന്നു.
വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിരോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഏതാനും ദിവസം മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ആര്‍.എസ്.എസ് മറുപടിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.