
തലശ്ശേരി: എം.പി വീരേന്ദ്രകുമാര്‍ എം.പിയും മകന് എം.വി ശ്രേയാംസ്കുമാറും സര്‍ക്കാര്‍ ഭൂമി കൈവശംവച്ചെന്ന പരാതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിനെതിരേ എതിര്‍ഹരജി നല്കി. എറണാകുളം പാലാരിവട്ടത്തെ പി. രാജനാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ എതിര്‍ഹരജി നല്‍കിയത്.
ആദിവാസികള്‍ക്കു പതിച്ചുനല്‍കാനുള്ള സുല്‍ത്താന്‍ ബത്തേരിയിലെ ഭൂമി അനധികൃതമായി കൈവശംവച്ചെന്ന പരാതിയില്‍ വയനാട് വിജിലന്‍സ് ഡിവൈ.എസ്.പിയാണ് ത്വരിതാന്വേഷണം നടത്തിയത്. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന് ഉന്നയിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണവിധേയമാക്കിയില്ലെന്നും സര്‍ക്കാരിന്റെ രേഖകള്‍ പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അഭിഭാഷകരായ സി.കെ ശ്രീനിവാസന്, സി.കെ അംബികാസുധന് എന്നിവര്‍ മുഖേന നല്കിയ എതിര്ഹരജിയില് ചൂണ്ടിക്കാട്ടി.
ബത്തേരി കൃഷ്ണഗിരി വില്ലേജിലെ 14.44 ഏക്കര്‍ ഭൂമി വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും അനധികൃതമായി കൈവശംവച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിവരും പരാതിയിലെ എതിര്‍കക്ഷികളാണ്. ഇവര്‍ക്കെതിരേയും അന്വേഷണം നടക്കും.