2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

വീരേന്ദ്രകുമാറിന്റെ ഇടതു പ്രവേശന നീക്കത്തെ എതിര്‍ത്ത് ജെ.ഡി.എസ്; പാര്‍ട്ടിയുടെ രൂപം മാറ്റില്ലെന്ന് മാത്യു ടി തോമസ്

തിരുവന്തപുരം: ജനതാ പാര്‍ട്ടികളുടെ ലയനത്തിനുള്ള വീരേന്ദ്രകുമാറിന്റെ ഫോര്‍മുല തള്ളി ജെ.ഡി.എസ്. പാര്‍ട്ടിയുടെ രൂപം മാറ്റിയുള്ള ലയനം സാധ്യമല്ലെന്ന് പാര്‍ട്ടി ദേശിയ സമിതിയംഗം മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കി.

വീരേന്ദ്രകുമാറുമായുള്ള സഹകരണത്തോട് പാര്‍ട്ടിയില്‍ ഒരുവിഭാഗം ഇതിനോടകം മുഖം തിരിച്ചുകഴിഞ്ഞുവെന്ന് വെളിവാക്കുന്നതായിരുന്നു മാത്യു ടി. തോമസിന്റെ പ്രതികരണം.

ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ വീരേന്ദ്രകുമാറും കൂട്ടരും തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ്പ്രതികരണം. ജനതാ പാര്‍ട്ടികളുടെ ലയനമെന്ന അജണ്ട ഉയര്‍ത്തി ജെ.ഡി.എസിനേയും ഒപ്പം കൂട്ടാനായിരുന്നു നീക്കം. ഒരു പാര്‍ട്ടിയായി മുന്നോട്ടുപോയാലെ കേരളത്തില്‍ നിലനില്‍പ്പുള്ളുവെന്ന വികാരമാണ് ജെ.ഡി.എസിലെ മുതിര്‍ന്ന നേതാക്കളായ കൃഷ്ണന്‍കുട്ടിയോടും, സി.കെ നാണുവിനോടും വീരേന്ദ്രകുമാര്‍ പങ്കുവച്ചത്.

എന്നാല്‍ മാത്യു ടി. തോമസും കൂട്ടരും വീരേന്ദ്രകുമാറിന്റെ നീക്കത്തോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്.

ജെ.ഡിയുവില്‍നിന്ന് പുറത്താക്കിയെന്ന് ദേശീയ നേതൃത്വം കൂടി അറിയിച്ചതോടെ വീരേന്ദ്രകുമാറിന്റെ നില കൂടുതല്‍ പരുങ്ങലിലായി.

പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മാത്യു ടി തോമസ് പരോക്ഷമായി പരിഹരിക്കുകയും ചെയ്തു. ലയനത്തിലൂടെ കൂടുതല്‍ അധികാരത്തിനാണ് വീരേന്ദ്രകുമാര്‍ ശ്രമിക്കന്നതെന്നാണ് ജെ.ഡി.എസിലെ ഭൂരിപക്ഷ അഭിപ്രായം. കുടുംബവാഴ്ച്ച ഉന്നമിട്ടുള്ള നീക്കത്തിന് നിന്നുകൊടുക്കുകയാണോയെന്ന ചോദ്യവും പാര്‍ട്ടിയില്‍ ശക്തമാകുന്നുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.