2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വീയപുരത്ത് കുടിവെള്ള പദ്ധതികള്‍ ഫലപ്രദമാകുന്നില്ല; ജലക്ഷാമം രൂക്ഷം

ഹരിപ്പാട് : വീയപുരത്ത് ശുദ്ധ  ജല ക്ഷാമം രൂക്ഷമായിട്ടും നടപടിയില്ല. പതിനാലര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ഗ്രാമ  പഞ്ചായത്ത്  ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കാര്‍ഷിക ഗ്രാമമായ ഇവിടെ പാടശേഖരങ്ങളില്‍ നിന്നും പുറം തള്ളുന്ന വിഷാംശം നിറഞ്ഞ ജലമാണ് ജലാശയങ്ങളിലുള്ളത് ഈ വെള്ളം  കുടിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പ്രദേശ വാസികള്‍.
കുടിവെള്ള പദ്ധതിയ്ക്ക് ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ കഴിയുന്നില്ല. പഞ്ചായത്ത്  12ലക്ഷം രൂപയാണ് കുടിവെള്ള കരമായി എടത്വാ വാട്ടര്‍ അതോറിറ്റിയില്‍ അടയ്ക്കുന്നത്.258 പൊതുടാപ്പുകളാണ് ഗ്രാമപഞ്ചായത്തിലുള്ളത്.
1988 ല്‍ ഡോ.കെ.സി ജോസഫ് എം.എല്‍.എ ആയിരിക്കെയാണ് പായിപ്പാട്ട് ജലസംഭരണി നിര്‍മ്മിയ്ക്കുന്നത്.രണ്ടരലക്ഷം ലിറ്റര്‍ സംഭരണശേഷിയുണ്ട്. വെള്ളംകുളങ്ങര,കാരിച്ചാല്‍  എന്നിവിടങ്ങളിലെ കോളനികള്‍ കേന്ദ്രീകരിച്ച് ജില്ലാ പഞ്ചായത്ത് വക രണ്ടു മിനി ടാങ്കും വീയപുരം കിഴക്ക്,പടിഞ്ഞാറ്, കാരിച്ചാല്‍ ,പായിപ്പാട് ,മേല്‍പ്പാടം,എന്നിവിടങ്ങളില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി  ആര്‍.ഒ പ്‌ളാന്റുകളും നീരേറ്റുപുറത്ത് നിന്നും പ്രത്യേക കുടിവെള്ള പദ്ധതിയും വീയപുരത്തിന് സ്വന്തമായിട്ടുണ്ട്.
ജപ്പാന്‍ കുടി വെള്ള പദ്ധതിക്കും ഹരിപ്പാട് കുടി വെള്ള പദ്ധതിക്കും  ശുദ്ധ ജലം കണ്ടെത്തുന്നത് വീയപുരത്തു കൂടി ഒഴുകുന്ന പമ്പാ നദിയില്‍ നിന്നുമാണ്.
പായിപ്പാട് ജല സംഭരണിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന്റെ 13 വാര്‍ഡുകളെ കൂടാതെ മാന്നാര്‍ ഗ്രാമ പഞ്ചായത്തിലെ ഏതാനും വാര്‍ഡുകളില്‍ കൂടി കുടി വെള്ളം എത്തിക്കണ്ട ചുമതല  ഈ ജല സംഭരണിക്കുണ്ട്.
10 ലക്ഷം ലിറ്റര്‍ കുടി വെള്ളമാണ് ദിനേന പ്രദേശ വാസികള്‍ക്ക് വേണ്ടത് രണ്ടര ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നാലു തവണ തുടരെ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ ഈ ലക്ഷ്യത്തിലെത്താന്‍ കഴിയൂ. കപ്പാസിറ്റി ഇല്ലാത്ത മോട്ടോറും കാലപ്പഴക്കം ചെന്ന പൈപ്പുകളും വൈദ്യുതി തകരാറും തടസമായി നില്‍ക്കുന്നു.
കൂടാതെ മൂന്ന് ഷിഫ്റ്റ് വേണ്ടിടത്ത് രണ്ട് ഷിഫ്റ്റില്‍ മാത്രമേ ജീവനക്കാരുള്ളൂ. ഇതും പോരായ്മയായി കണക്കാക്കുന്നു. നീരേറ്റു പൂറത്ത് നിന്നുള്ള കുടിവെള്ള പദ്ധതിയുടെ പണി പൂര്‍ത്തീകരിച്ചെങ്കിലും കമ്മീഷന്‍ ചെയ്തിട്ടില്ല.
അഞ്ച്  ആര്‍.ഒ  പ്‌ളാന്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും നാഥനില്ലാ കളരിയായി തുടരുന്നു.   ജില്ലാ പഞ്ചായത്ത് വക മിനി ടാങ്കില്‍ നിന്നും  വെള്ളമെടുക്കുന്നവര്‍ തന്നെയാണ് വൈദ്യുതി ചാര്‍ജ് അടക്കുന്നത്. മുന്‍ സര്‍ക്കാര്‍ കുടിവെള്ള പദ്ധതിക്കായി 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.എന്നാല്‍ പദ്ധതി മാത്രം നടപ്പിലായില്ല.
ദൈനംദിന  പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഗ്രാമ പഞ്ചായത്തെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റുകയും കപ്പാസിറ്റിയുള്ള  മോട്ടോര്‍ സ്ഥാപിക്കുകയും മൂന്ന് ഷിഫ്റ്റില്‍ ജീവനക്കാരെ നിയമിക്കുകയും, മേല്‍പ്പാടത്ത് എക്സ്റ്റ്‌റാ ട്യൂബുവെല്‍ സ്ഥാപിക്കുകയും ചെയ്താല്‍ വീയപുരത്തെ കുടി വെള്ള ക്ഷാമത്തിന് ശ്ാശ്വത പരിഹാരമാവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.