2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

വീണ്ടും സഭ കയറിയ ശബരിമല

അന്‍സാര്‍ മുഹമ്മദ്#

 

രണ്ടു ദിവസത്തെ ശാന്തതയ്ക്ക് ശേഷം ശബരിമല ഇന്നലെ വീണ്ടും സഭ കയറി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷമായിരുന്നുവെങ്കില്‍ ഇന്നലെ സഭയ്ക്കുള്ളില്‍ ബി.ജെ.പിയുമായി കൂട്ടു കൂടിയ പൂഞ്ഞാര്‍ സിംഹം പി.സി ജോര്‍ജാണ് ശബരിമല വിഷയത്തില്‍ ചോദ്യവുമായി എത്തിയത്. പ്രതിപക്ഷത്തിനാകട്ടെ അടിയന്തര പ്രമേയമായി വിഷയങ്ങള്‍ സഭയില്‍ അവതരിപ്പിക്കാം. എന്നാല്‍ സ്വതന്ത്രനായ പി.സി ജോര്‍ജിന് അതിനു കഴിയില്ലല്ലോ. അതിനാല്‍ പിന്നെ ചോദ്യോത്തര വേളയില്‍ ചോദ്യമായിട്ടു തന്നെ പി.സി രംഗത്തു വന്നു. ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമാണ് ജോര്‍ജ് ഉന്നയിച്ചത്. എന്നാല്‍, തന്ത്രശാലിയായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇതെത്ര കണ്ടതാണ്. മന്ത്രി, ജോര്‍ജിന്റെ ചോദ്യത്തിന് തന്മയത്വത്തോടെ മറുപടി നല്‍കി. എന്നാല്‍ ജോര്‍ജ് വിടാന്‍ ഭാവമില്ല. തന്ത്രിമാരില്‍ തുടങ്ങി സാവകാശ ഹരജി വഴി ശശികലവരെയെത്തി. ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് തന്ത്രി ഒരു രാഷ്ട്രീയനേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് കമ്മീഷനര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി ജോര്‍ജിനെ അറിയിച്ചു. ഇതിനിടയില്‍ പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ഉപ ചോദ്യങ്ങളുടെ പൂരമായി. കടകംപള്ളിയോടാണോ കളി. യു.ഡി.എഫ് ഇപ്പോള്‍ എടുക്കുന്ന നിലപാട് വര്‍ഗീയവാദികളെ വളര്‍ത്തുവാനാണ് ശ്രമിക്കുന്നത്. ഇത് തിരുത്തിയില്ലെങ്കില്‍ ചരിത്രം നിങ്ങള്‍ക്ക് മാപ്പു തരില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ക്ക് കടകംപള്ളി ഉപദേശവും നല്‍കി. തന്റെ മണ്ഡലത്തിന്റെ ഭാഗമായ ശബരിമലയെ മറ്റൊരു അയോധ്യയാക്കാന്‍ സംഘ്പരിവാറിനൊപ്പം യു.ഡി.എഫും നില്‍ക്കുന്നുവെന്നതാണ് രാജു എബ്രഹാമിന്റെ സങ്കടം. ശബരിമലയില്‍ അക്രമം അഴിച്ചുവിട്ട സംഘ്പരിവാറുകാരെ കുറിച്ചായി സ്വരാജിന്റെ വിശദീകരണം. വത്സന്‍ തില്ലങ്കേരിയിലെത്തിയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ നിന്നും ശബ്ദമുയര്‍ന്നു. ശബരിമലയില്‍ ആര്‍.എസ്.എസുകാര്‍ക്ക് അന്നദാനത്തിന് അനുമതി നല്‍കിയതിനെ കുറിച്ചായി പ്രതിപക്ഷത്തിന്റെ അടുത്ത ചോദ്യം. അനുമതി പിന്‍വലിക്കുമോ എന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. എന്നാല്‍, ആര്‍.എസ്.എസ് അല്ല അന്നദാനം നടത്തുന്നതെന്നും ദേവസ്വം ബോര്‍ഡാണെന്നും മന്ത്രി തിരിച്ചടിച്ചു. ചുമതല ഒരു സംഘടനയെ ഏല്‍പ്പിച്ചു എന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസായാലും, കമ്മ്യൂണിസ്റ്റായാലും ആര്‍.എസ്.എസുകാരായാലും അന്നദാനത്തിന് അരി കൊണ്ടു തന്നാല്‍ സ്വീകരിക്കുമെന്നും അങ്ങനെ സഹായം വേണ്ടെന്ന് പറയാന്‍ പ്രതിപക്ഷനേതാവിന് സാധിക്കുമോയെന്നും കടകംപള്ളി.
ഇതിനിടയില്‍ ബി.ജെ.പി അംഗം രാജഗോപാല്‍ യുവതീ പ്രവേശം അനുവദിക്കരുതെന്ന ആവശ്യവുമായി എണീറ്റു. ജനുവരി 22ന് സുപ്രിംകോടതി റിവ്യു ഹരജികള്‍ പരിഗണിച്ചിട്ടു പോരെ ഈ ബഹളം വയ്ക്കലും വെല്ലു വിളികളുമെന്നായി രാജഗോപാല്‍. കടകംപള്ളി രാജഗോപാലിനെ വിട്ടില്ല. ഇതിനിടയില്‍ സ്പീക്കര്‍ ഇടപെട്ടു. ഒരുപാട് ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ഇനി ശബരിമലയെ കുറിച്ച് ഒറ്റ അക്ഷരം മിണ്ടരുതെന്നും പറഞ്ഞ് അടുത്ത ചോദ്യത്തിലേയ്ക്ക് കടന്നു.
ഇന്നലെ മാധ്യമ വിലക്കിനെ കുറിച്ചായിരുന്നു അടിയന്തര പ്രമേയം. കെ.സി ജോസഫാണ് ശൂന്യ വേളയില്‍ വിഷയം അവതരിപ്പിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഉത്തരവിറക്കിയത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടു തന്നെയെന്നും പി.ആര്‍.ഡിയുടെ അധികാരം ആഭ്യന്തരവകുപ്പ് ഈ ഉത്തരവിലൂടെ കവര്‍ന്നെടുത്തുവെന്നും കെ.സി ജോസഫ് പറഞ്ഞു. മാധ്യമ വിലക്കല്ല ക്രമീകരണം ഒരുക്കുകയാണ് സര്‍ക്കുലറിലൂടെ ലക്ഷ്യമിടുന്നതെന്നും എല്ലാവരുടെയും ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മറുപടി പറഞ്ഞ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് മറ്റു വിഷയങ്ങള്‍ ഇല്ലാത്തതിനാലാണ് മൂന്നു ദിവസം മുമ്പ് അവതരിപ്പിച്ച സബ്മിഷന്‍ തന്നെ അടിയന്തര പ്രമേയമായി കൊണ്ടു വന്നതെന്ന് ഒരു കുത്ത് കൊടുക്കാനും ഇ.പി മറന്നില്ല. ഇതേ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.