2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: മഴമാറി, വീടുകളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങിയെങ്കിലും ഉരുള്‍ പൊട്ടി ഇറങ്ങിയ മണ്ണിനടിയില്‍ ഇനിയുമുണ്ട് 57പേര്‍. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മലപ്പുറത്ത് 49 പേരും വയനാട്ടില്‍ ഏഴു പേരും കോട്ടയത്ത് ഒരാളുമാണ് കാണാമറയത്ത്.
ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയിലെ മണ്ണിനടിയിലാണ് ഏറ്റവും കൂടുതലാളുകളുള്ളതെന്നാണ് സംശയം.
രണ്ടാം പ്രളയത്തില്‍ ആകെ മരണം 98 ആണെന്നാണ് ഔദ്യോഗിക കണക്ക്. ഔദ്യോഗിക കണക്കനുസരിച്ച് 38 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രം മരിച്ചത്. കോഴിക്കോട് 17ഉം വയനാട്ടില്‍ 12ഉം കണ്ണൂരില്‍ ഒന്‍പതും ഇടുക്കിയില്‍ അഞ്ചും തൃശൂരില്‍ എട്ടും ആലപ്പുഴ, കോട്ടയം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതവും മരിച്ചു.
കവളപ്പാറയില്‍ മാത്രം 27 പേരുടെ മരണം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്ന ഇവിടെ ഇന്നലെ അഞ്ച് മൃതദേഹം കണ്ടെടുത്തു. വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാംദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞദിവസത്തില്‍ നിന്ന് വ്യത്യസ്തമായി 12 ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്. അതിനിടെ, ദുരന്തമേഖലകളില്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആകാശ നിരീക്ഷണം നടത്തുകയും വയനാട്ടിലെയും മലപ്പുറത്തെയും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
കാണാതായവരുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും വീടുകള്‍ പൂര്‍ണമായും ഭാഗികമായി തകര്‍ന്നവര്‍ക്കും ഇന്നത്തെ മന്ത്രിസഭാ യോഗം സഹായം തീരുമാനിക്കും.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തമാകുന്നതിനാല്‍ ഇന്ന് രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയെന്നാണ് പ്രവചനം.
ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് എറണാകുളം ജില്ലയിലും 15ന് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 16ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

ദുരിതാശ്വാസ ക്യാംപുകളില്‍ 2.24 ലക്ഷം പേര്‍

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം രണ്ടാംപ്രളയത്തില്‍ 1,243 ദുരിതാശ്വാസ ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 68,098 കുടുംബങ്ങളില്‍ നിന്നായി 2,24,506 പേര്‍ കഴിയുന്നു. കനത്ത മഴയ്ക്ക് ശമനം വന്ന് വെള്ളമിറങ്ങിയതോടെ കോഴിക്കോട്, പാലക്കാട്, കാസര്‍കോട്, എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ദുരിതാശ്വാസ ക്യംപുകളുടെ എണ്ണം കുറച്ചു. വെള്ളമിറങ്ങിയപ്പോള്‍ പലരും വീട്ടിലേക്ക് മടങ്ങിയതോടെയാണിത്.

വടക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും ഇന്നലെയും ഇന്നുമായി മധ്യ കേരളത്തില്‍ കനത്ത മഴ പെയ്യുകയാണ്. ഇതേ തുടര്‍ന്ന് കോട്ടയത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം കൂട്ടി. ഏറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 257 ക്യാംപുകളില്‍ 16,050 കുടുംബങ്ങളില്‍ നിന്നായി 48,523 പേരെത്തി. മലപ്പുറത്ത് 11,129 കുടുംബങ്ങളില്‍ നിന്നായി 38,446 പേരാണ് അഭയം തേടിയത്. ഇവിടെ 165 ക്യാംപുകളാണ് തുറന്നത്. വയനാട്ടില്‍ 196 ക്യാംപുകളില്‍ 10,077 കുടുംബങ്ങളില്‍ നിന്നായി 35,878 പേരെ പ്രവേശിപ്പിച്ചു. കോട്ടയത്ത് 57 ക്യാംപുകളാണ് ഉണ്ടായിരുന്നത്. രണ്ടുദിവസം കൊണ്ട് ഇത് 159 ക്യാംപുകളാക്കി ഉയര്‍ത്തി. 8,690 കുടുംബങ്ങളില്‍ നിന്നായി 29,097 പേരാണ് ഇവിടെയുള്ളത്. ആലപ്പുഴയില്‍ 97 ക്യാംപുകളില്‍ 4,874 കുടുംബങ്ങളാണുള്ളത്. പാലക്കാട്ട് 19 ക്യാംപുകളില്‍ 505 കുടുംബങ്ങളാണുള്ളത്.
കോഴിക്കോട്ട് 139 ക്യാംപുകളില്‍ 9,443 കുടുംബങ്ങള്‍ കഴിയുന്നു. എറണാകുളത്ത് 54 ദുരിതാശ്വാസ ക്യാംപുകളില്‍ 2,400 കുടുംബങ്ങളും ഇടുക്കിയില്‍ എട്ട് ക്യാംപുകളില്‍ 96 കുടുംബങ്ങളും തിരുവനന്തപുരത്ത് ആറു ക്യാംപുകളില്‍ 141 കുടുംബങ്ങളും പത്തനംതിട്ടയില്‍ 88 ക്യാംപുകളില്‍ 2,146 കുടുംബങ്ങളും കണ്ണൂരില്‍ 49 ക്യാംപുകളില്‍ 2,395 കുടുംബങ്ങളും കാസര്‍കോട് രണ്ടു ക്യാംപുകളില്‍ നാലുകുടുംബങ്ങളും കൊല്ലത്ത് നാലു ക്യാംപുകളില്‍ 148 കുടുംബങ്ങളും കഴിയുന്നുണ്ട്.

ഒന്‍പത് ജില്ലകളില്‍ ഇന്ന് അവധി

തിരുവനന്തപുരം: മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. അതേസമയം, കണ്ണൂരില്‍ പ്രഫഷനല്‍ കോളജുകള്‍ക്ക് അവധിയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.