2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

വീട് ആട്ടിന്‍കൂട്

 

പനമരം: പനമരം പഞ്ചായത്തിലെ താഴെ പാതിരിയമ്പം കോളനിയിലെ വേണുവിനെയും കുടുംബത്തെയും ആദ്യം കരാറുകാരന്‍ പറ്റിച്ചു. തൊട്ടുപിന്നാലെ താമസിച്ചിരുന്ന ഷെഡ് ഇക്കഴിഞ്ഞ പ്രളയവുമെടുത്തു. ഇതോടെ തലചായ്ക്കാനിടമില്ലാതായ കുടുംബം അവരുടെ ആട്ടിന്‍കൂട്ടില്‍ കിടക്കേണ്ട ഗതികേടിലുമായി.
2017ലാണ് കുടുംബത്തിന് പാസായ വീട് കരാറുകാരന്‍ ഏറ്റെടുക്കുന്നത്. തുടര്‍ന്നിയാള്‍ അന്‍പതിനായിരം രൂപ കൈപറ്റി വീടിനായി എട്ട് കുഴികളെടുത്ത് സ്ഥലം വിടുകയായിരുന്നെന്നാണ് വേണുവും ഗീതയും പറയുന്നത്. പല തവണ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ല.

അതിനിടെയാണ് ഇക്കഴിഞ്ഞ പ്രളയം തങ്ങള്‍ക്ക് തലചായ്ക്കാന്‍ ഉണ്ടായിരുന്ന ഏക ഷെഡും കവര്‍ന്നത്. ഇതോടെ ഇവര്‍ ഒരാഴ്ചയോളം നടവയലിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു. ക്യാംപ് പിരിച്ച് വിട്ടതോടെ ഇവര്‍ കോളനിയിലെത്തി. കേറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതായതോടെ കുടുംബം സമീപത്തെ ആട്ടിന്‍കൂട് വീടാക്കി മാറ്റുകയായിരുന്നു.
കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞുങ്ങളെയും കൊണ്ട് എവിടെ പോകുമെന്നറിയാതെ നിന്നപ്പോഴാണ് ആട്ടിന്‍ക്കുട്ടികളെ വളര്‍ത്താന്‍ ലഭിച്ച കൂട് ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂട്ടില്‍ ചോര്‍ച്ചയില്ലാതെ ഉറങ്ങാന്‍ സാധിക്കുമെന്ന് മനസിലായപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ആട്ടിന്‍ക്കൂട്ടിലേക്ക് താമസം മാറ്റുകയായിരുന്നു വേണുവും ഗീതയും കുഞ്ഞുങ്ങളും.
പ്ലസ്ടു പൂര്‍ത്തിയാക്കി തുടര്‍ പഠനത്തിന് പോകാന്‍ വഴിയില്ലാതെ നില്‍ക്കുന്ന ഗിരീഷ്, അഞ്ചാംക്ലാസുകാരന്‍ കിരണ്‍, നാലാം ക്ലാസുകാരി ഗ്രീഷ്മ, അങ്കണവാടിയില്‍ പോകുന്ന കിഷോര്‍ എന്നീ മക്കളെയും ചേര്‍ത്തുപിടിച്ച് വേണുവും ഗീതയും ആട്ടിന്‍ക്കൂട്ടില്‍ ഭീതിയോടെ കഴിയുകയാണിന്ന്. ഇനിയെങ്കിലും അധികൃതരുടെ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിര്‍ധന കുടുംബമുള്ളത്. ട്രൈബല്‍ വകുപ്പും ഈ കുടുംബത്തെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കുടുംബത്തിന്റെയും കോളനിയിലെ മറ്റു കുടുംബങ്ങളുടെയും ആരോപണം.
കോളനിയില്‍ മറ്റ് നാല് വീടുകള്‍ കൂടി ഇത്തരത്തില്‍ കുഴിയിലൊതുങ്ങിപ്പോയിട്ടുണ്ടെന്ന് ഇവരുടെ അയല്‍ക്കാരനായ ഗോകുല്‍ പറയുന്നു. വയനാട്ടിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരായ അമ്മിണി കെ. വയനാട്, കമല എന്നിവരാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പുറത്തെത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.