2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പ്രതി അറസ്റ്റില്‍

കാട്ടാക്കട: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന 55 കാരിയായ വീട്ടമ്മയെ പിന്‍തുടര്‍ന്ന് കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ മലയിന്‍കീഴ് പൊലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, പൂന്തുറ, മുട്ടത്തറ, പള്ളിവിളാകത്ത് പുരയിടത്തില്‍ ടി. സി. 751566നമ്പര്‍ വീട്ടില്‍ താമസിക്കുന്ന ആരോഗ്യം എന്ന രാജു (19) ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 16 ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. മലയിന്‍കീഴ് പൊറ്റവിളയില്‍ നിന്നും വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ തള്ളി നിലത്തിട്ടശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ച് ഇയാള്‍ ഓടിക്കളഞ്ഞു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലിസ് നിരീക്ഷണ ക്യാമറകളുടെയും സൈബര്‍ സെല്ലിന്റെയും സഹായത്താല്‍ അന്ന് വൈകുന്നേരം പ്രദേശത്ത് വന്നുപോയ അപരിചിതരുടെ വിവരം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായി കണ്ട രാജുവിനെ കുറിച്ചുള്ള വിവരം അന്വേഷിച്ചതില്‍ ഇയാളുടെ ഒരു ബന്ധു അടുത്തിടെ മലയിന്‍കീഴില്‍ താമസത്തിനെത്തിയിട്ടുണ്ടന്നും അവിടെ ഇയാള്‍ വന്നിരുന്നതായും സ്ഥിരീകരിച്ചു. മലയിന്‍കീഴ് സബ് ഇന്‍സ്‌പെക്ടര്‍ കെ. സുരേഷ്‌കുമാര്‍, എ.എസ്.ഐമാരായ ജയകുമാര്‍, സുരേഷ്‌കുമാര്‍, സി.പി.ഒ വിപിന്‍ എന്നിവര്‍ ചേര്‍ന്ന് പൂന്തുറയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സമാനമായ കേസുകളില്‍ ഇതര സ്റ്റേഷനുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പൊലിസ് പറഞ്ഞു. ഇന്നലെ പ്രതിയുമായി പൊറ്റവിളയില്‍ പൊലിസെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്തെ നാട്ടുകാര്‍ പലരും ഇയാള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടിട്ടുള്ളതായി പൊലിസിനോട് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.