2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

വി.എസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാല്‍ യു.ഡി.എഫ് സുധീരനെ കളത്തിലിറക്കും

വി. അബ്ദുല്‍ മജീദ്

തിരുവനന്തപുരം: ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്തു വന്നാല്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മത്സരരംഗത്തിറങ്ങുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സ്ഥാനാര്‍ഥി എന്ന പരോക്ഷ സൂചന നല്‍കിക്കൊണ്ടായിരിക്കും സുധീരനെ കോണ്‍ഗ്രസ് കളത്തിലിറക്കുക. ഇതുവഴി ‘വി.എസ് ഫാക്റ്ററി’ന് തടയിടാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാര്‍കോഴയും സോളാര്‍ തട്ടിപ്പുമായിരിക്കും ഇടതുമുന്നണി മുഖ്യ പ്രചാരണായുധങ്ങളാക്കുക എന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതിച്ഛായയുള്ള വി.എസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന അഭിപ്രായമാണ് ഇടതുമുന്നണിയില്‍ സി.പി.എം ഒഴികെയുള്ള ഘടകകക്ഷികള്‍ക്കെല്ലാമുള്ളത്. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സോളാര്‍ കേസില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ പരാമര്‍ശങ്ങളോ മറ്റോ ഉണ്ടായാല്‍ വി.എസ് തന്നെയായിരിക്കും ഇടതുമുന്നണിയുടെ നായകസ്ഥാനത്തു വരുന്നത്. അങ്ങനെ സംഭവിച്ചാല്‍ വി.എസിന്റെ ജനസ്വാധീനത്തിനു പുറമെ ഈഴവ വോട്ടുകളും ഇടതുമുന്നണിക്ക് അനുകൂലമായി മാറിയേക്കുമെന്ന ആശങ്ക യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.

അത്തരമൊരു സാഹചര്യത്തെ നേരിടാന്‍ മികച്ച പ്രതിച്ഛായയുള്ള സുധീരന്റെ സ്ഥാനാര്‍ഥിത്വം വഴി സാധിക്കുമെന്ന അഭിപ്രായം യു.ഡി.എഫില്‍ ശക്തമാണ്. സുധീരന്റെ പ്രതിച്ഛായ വഴി ലഭിക്കുന്ന ഗുണത്തിനു പുറമെ ഈഴവ വോട്ടുകളുടെ ഇടതുമുന്നണിയിലേക്കുള്ള ഒഴുക്കു തടയാനും അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും. നായകനായി പ്രഖ്യാപിക്കാതെ വി.എസിനെ ഇടതുമുന്നണി മത്സരിപ്പിക്കുകയാണെങ്കിലും സുധീരന്‍ മത്സരിക്കണമെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ശക്തമാണ്. പാര്‍ട്ടി പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ ശക്തമായ പിന്തുണയും സുധീരനുണ്ട്.

എന്നാല്‍ സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരസ്യമായി പ്രഖ്യാപിച്ചു രംഗത്തു വന്നാല്‍ സ്വന്തം പാളയത്തില്‍ നിന്നു തന്നെ തിരിച്ചടിയുണ്ടാകുമോ എന്ന് ആശങ്കയും കോണ്‍ഗ്രസില്‍ ശക്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ഈ തെരഞ്ഞെടുപ്പിലും നായകസ്ഥാനത്തു വരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിലുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നായകത്വം ആഗ്രഹിക്കുന്ന വിഭാഗവും ശക്തമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സുധീരനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചാല്‍ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാകാനും അതു തെരഞ്ഞെടുപ്പില്‍ ദോഷമുണ്ടാക്കാനുമുള്ള സാധ്യതയും നേതൃത്വം തള്ളിക്കളയുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് ആരു മുഖ്യമന്ത്രിയാകണമെന്ന കാര്യം തെരഞ്ഞടുപ്പിനു ശേഷം തീരുമാനിക്കുമെന്ന് ആന്റണി പറയുന്നത്. നായകനെ പ്രഖ്യാപിക്കാതെ മൂന്നു പേരും മത്സരരംഗത്തിറങ്ങുക എന്ന തന്ത്രമായിരിക്കും ഗുണകരമെന്നാണ് ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

ആലപ്പുഴ ജില്ലയിലെയോ തൃശൂരിലെയോ ഏതെങ്കിലും മണ്ഡലത്തിലായിരിക്കും സുധീരന്‍ മത്സരിക്കുകയെന്നാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. ഈ ജില്ലകളില്‍ സുധീരന് വ്യക്തിപരമായി തന്നെ സ്വാധീനമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. ഇനി മത്സരത്തിനില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുസ്്‌ലിം ലീഗിന്റെ കൂടി അഭിപ്രായമാരാഞ്ഞ് നിലമ്പൂരില്‍ സുധീരനെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ലീഗ് നേതൃത്വം അനുകൂല നിലപാട് അറിയിച്ചതായാണ് വിവരം. എന്നാല്‍ നിലമ്പൂരില്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആര്യാടന്റെയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെയും ആഗ്രഹമെന്ന് അറിയുന്നു. അവര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ സുധീരന്‍ അവിടെ മത്സരിക്കാനിടയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.