2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

വി.എസിന്റെ പിണറായി അനുകൂല പ്രചാരണം ഇരട്ടത്താപ്പായി മാത്രമേ പ്രവര്‍ത്തകര്‍ കാണൂ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ മുതിര്‍ന്ന നേതാവും മലമ്പുഴ സ്ഥാര്‍ഥിയുമായ വി.എസിന്റെ പിണറായി അനൂകൂല പ്രചാരണം ഇരട്ടത്താപ്പെന്ന് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ ദിവസം ധര്‍മടത്ത് പിണറായിക്ക് അനുകൂല പ്രചാരണം വി.എസ് നടത്തിയതിന് ശക്തമായ ഭാഷയിലാണ് ഉമ്മന്‍ചാണ്ടി പ്രതികരിച്ച് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

വി.എസ് പിണറായി മുമ്പ് ചെയ്ത തെറ്റുകളെല്ലാം പരസ്യമായും രഹസ്യമായും വിളിച്ചു പറഞ്ഞയാളാണ്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ പ്രതിയാണെന്നും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കണമെന്നും കാട്ടി അങ്ങ് പൊളിറ്റ് ബ്യൂറോയ്ക്ക് കത്തുകള്‍ അയച്ചിരുന്നുവല്ലോ. താങ്കള്‍ ഇപ്പോഴും ആ നിലപാടുകള്‍ മാറ്റിയിട്ടുമില്ല, അയച്ച കത്തുകള്‍ പിന്‍വലിച്ചിട്ടുമില്ല. സി.ബി.ഐ കോടതി ലാവലിന്‍ കേസില്‍ പിണറായിയെ താല്‍ക്കാലികമായി കുറ്റിവിമുക്തനാക്കിയപ്പോഴും താങ്കള്‍ അത് ആ വിധിയെ സ്വീകരിച്ചില്ല. പകരം വിധി പഠിച്ചിട്ട് പറയാം എന്നാണ് അങ്ങ് അന്ന് പറഞ്ഞത്. ലാവലിന്‍ കേസ് ഇല്ലാതായി എന്നു പറയുന്ന സി.പി.എമ്മിനു വേണ്ടി ധര്‍മടത്ത് എത്തിയ താങ്കള്‍ കോണ്‍ഗ്രസ്സിലെ മന്ത്രിമാര്‍ക്കെതിരെയെല്ലാം ഉയര്‍ന്ന ആരോപണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. എന്നാല്‍, ലാവലിനെ കുറിച്ചോ അതില്‍ സി.ബി.ഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയതിനെ കുറിച്ചോ ഒന്നും പറഞ്ഞില്ല.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്നു ചൂണ്ടിക്കാട്ടി താങ്കള്‍ പൊളിറ്റ് ബ്യൂറോയ്ക്കയച്ച കത്തുകളെ കുറിച്ചോ ഒന്നും ധര്‍മടത്ത് ജനങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞില്ല. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് താങ്കളും സി.ബി.ഐ കോടതി വിധി അംഗീകരിക്കുന്നു എന്നാണ്. എന്നാല്‍, അതെങ്കിലും ജനങ്ങളോട് പറയേണ്ടതല്ലേ..
ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ താങ്കള്‍ ടി.പിയുടെ ഭാര്യ രമയെയും മകനെയും സന്ദര്‍ശിക്കുകയും അന്ന് ആശ്വസിപ്പിക്കവെ പൊട്ടിക്കരയുന്ന രമയുടെ ചിത്രം ജനമനസ്സുകളില്‍ നിന്നും ഇന്നും മാഞ്ഞിട്ടില്ല. അന്ന് ടി.പി വധത്തിന് ഉത്തരവാദിയെന്ന് താങ്കള്‍ പരസ്യമായി പ്രഖ്യാപിച്ച പിണറായിക്കു വേണ്ടി ധര്‍മടത്ത് പ്രചാരണത്തിന് പോയപ്പോള്‍ അത് ടി.പി ചന്ദ്രശേഖരനോട് കാട്ടിയ അനാദരവല്ലേ എന്ന പോസ്റ്റില്‍ ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു.

സ്വന്തം പാര്‍ട്ടിയില്‍ പാര്‍ട്ടി വിരുദ്ധനെന്ന പ്രസ്താവനകള്‍ പുറത്തുവരികയും പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിരുന്നു. അവയൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ടെന്ന് പിണറായി വിജയന്‍ അടുത്തിടെ ആവര്‍ത്തിച്ചല്ലോ. എന്നിട്ടും താങ്കള്‍ക്ക് എങ്ങനെ പിണറായി വിജയനു വേണ്ടി ധര്‍മടത്ത് പ്രചാരണത്തിന് പോകാന്‍ കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും അപ്പപ്പോള്‍ പ്രതികരിക്കുന്ന അങ്ങേക്ക് ഇപ്പോള്‍ പ്രതികരണശേഷി നഷ്ടപ്പെട്ടോ? അതോ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിച്ചുകയറാന്‍ നടത്തുന്ന ഒരു താല്‍ക്കാലിക അഭ്യാസമായിരുന്നോ അങ്ങയുടെ ധര്‍മടത്തെ പ്രചാരണം? അങ്ങനെയെങ്കില്‍ താങ്കളുടെ ഈ പ്രവര്‍ത്തികളെ കേരളത്തിലെ ലക്ഷകണക്കിന് ഇടുപക്ഷ പ്രവര്‍ത്തകര്‍ ഇതിനെ തികഞ്ഞ ഇരട്ടത്താപ്പായി മാത്രമേ കാണൂ എന്ന് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.