2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

വി.എസിന്റെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പലപ്പോഴും മേനി പറഞ്ഞിരുന്ന പ്രതിപക്ഷനേതാവ് വി.എസ.് അച്യുതാനന്ദന്‍ ആരെയാക്കെയോ എന്തിനെയൊക്കെയോ ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാം തന്റെ പിഴവാണെന്ന് വി.എസ് കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയത് ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്ലാ ഊര്‍ജ്ജവും നഷ്ടപ്പെട്ട് അധികാരസ്ഥാനത്തിന് വേണ്ടി ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങി ആദര്‍ശത്തോട് പോലും സന്ധിചെയ്യുന്ന വി.എസിന്റെ തെരഞ്ഞെടുപ്പ് കാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുന്നു.
പിണറായി വിജയന്‍ പങ്കാളിയായ ലാവ്‌ലിന്‍ കേസില്‍ താങ്കള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ കേട്ട് ജനങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ലാവ്‌ലിന്‍കേസില്‍ കോടതി വിധി അംഗീകരിക്കുന്നു. മറിച്ചൊരു വിധി വരുന്നതുവരെ ഈ നിലപാടില്‍ തുടരും എന്ന് താങ്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് വിവാദമായതോടെ മിനിട്ടുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് അഭിപ്രായത്തില്‍ നിന്നും ഒളിച്ചോടി. ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്ന ലാവ്‌ലിന്‍ കേസില്‍ വി.എസ് ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത് ആശയസമരമാണെന്ന പ്രതികരണമാണ് ഏറ്റവും വലിയ തമാശ. ഇതിലൂടെ കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി പിണറായി വിജയനെതിരെ വി.എസ്്് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്്് 2012 ജൂലൈയില്‍ കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ സംസ്ഥാന നേതൃത്വത്തേയും പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ചതിന്റെ പൂര്‍ണരൂപം പത്രങ്ങളില്‍ അടിച്ചു വന്നില്ലേ. ലാവ്‌ലിന്‍ കേസില്‍ പരസ്യമായ വിമര്‍ശനം നടത്തിയതിന്റെ പേരിലല്ലേ പി.ബിയില്‍ നിന്നും പുറത്തുപോവേണ്ടി വന്നതെന്നും മുഖ്യമന്ത്രി വി.എസിനെ ഓര്‍മിപ്പിച്ചു. പിണറായി സീനിയര്‍ നേതാവാണെന്നും അദ്ദേഹത്തെ പ്രസംഗിച്ച്്് തോല്‍പ്പിക്കാന്‍ താനില്ലെന്നും വേറെ ആളെ നോക്കണമെന്നുള്ള പ്രസ്താവന എല്ലാ ആയുധങ്ങളും വച്ച് പിണറായിക്ക്് മുന്നില്‍ കീഴടങ്ങിയതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി കുറിക്കുന്നു.
ടി.പി വധക്കേസില്‍ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് ആവര്‍ത്തിക്കുന്ന താങ്കള്‍ ഇതുമായി ബന്ധപ്പെട്ട ഉന്നതതലഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന യു.ഡി.എഫ് നിലപാടിനോട് യോജിക്കുന്നുണ്ടോയെന്ന്്് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ പ്രതിയായി ജയിലിലുള്ള കുഞ്ഞനന്തനെ സി.പി.എം ഏരിയാ കമ്മിറ്റിയില്‍ എടുത്തതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
പാര്‍ട്ടിക്കുള്ളില്‍ താങ്കളോടൊപ്പം ഉറച്ചു നിന്നതിന്റെ പേരില്‍ പാര്‍ട്ടി അംഗത്വവും ബന്ധുത്വവും നഷ്ടപ്പെട്ട നൂറുകണക്കിന് സഹപ്രവര്‍ത്തകരുടെ ജീവിതമാണ് താങ്കള്‍ തുലച്ചതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നു. ഇത്തരത്തിലൊരു നിറം മാറ്റത്തിനു വേണ്ടിയായിരുന്നെങ്കില്‍ എന്തിനായിരുന്നു ഇതെല്ലാം. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അങ്ങ് കാണിക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകാല വേഷപ്പകര്‍ച്ച ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് മുഖ്യമന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.