2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

വി.എച്ച്.പിയില്‍ തൊഗാഡിയ യുഗത്തിന് അന്ത്യം

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തില്‍ തൊഗാഡിയ യുഗത്തിന് അന്ത്യം. പ്രകോപനപരമായ പരാമര്‍ശങ്ങളിലും മറ്റ് മതസ്ഥരോടുള്ള അസഹിഷ്ണുതാ സമീപനത്തിലും വിവാദങ്ങള്‍ തീര്‍ത്ത തൊഗാഡിയക്ക് വി.എച്ച്.പിയിലും ബി.ജെ.പിയിലും ഉണ്ടായ വിഭാഗീയതയാണ് പ്രസിന്ധിയായത്. ഇന്നലെ അഖിലേന്ത്യാ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് കനത്ത തോല്‍വിയുണ്ടായതിന് പിന്നാലെ അദ്ദേഹത്തെ രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റുകയും പകരം അശോക് ചാഗുലേയെ നിയമിക്കുകയും ചെയ്തു.
52 വര്‍ഷത്തെ വി.എച്ച്.പിയുടെ ചരിത്രത്തിലാദ്യമായി നടന്ന അഖിലേന്ത്യാ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷക്കാരനായ രാഘവ് റെഡ്ഡിയെ പരാജയപ്പെടുത്തിയത് ബി.ജെ.പിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന മുന്‍ ഹിമാചല്‍പ്രദേശ് ഗവര്‍ണറും മധ്യപ്രദേശ് ഹൈക്കോടതി മുന്‍ജഡ്ജിയുമായ വി.എസ് കോക്‌ജെയാണ്.
192 വോട്ടുകള്‍ രേഖപ്പെടുത്തിയതില്‍ കോക്‌ജെക്ക് 131 വോട്ടുകള്‍ ലഭിച്ചപ്പോള്‍ റെഡ്ഡിക്ക് 60 വോട്ടുകളാണ് ലഭിച്ചത്. തന്റെ പക്ഷക്കാരന്റെ പരാജയത്തോടെയാണ് തൊഗാഡിയക്ക് രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടത്.
തെരഞ്ഞെടുപ്പിന് പിന്നാലെ അദ്ദേഹത്തിന് കനത്ത തിരിച്ചടി നല്‍കിയാണ് നേതൃത്വം രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ഭുവനേശ്വറില്‍ നടന്ന വിശ്വഹിന്ദു പരിഷത്ത് പ്രതിനിധി സഭാ യോഗത്തില്‍ തൊഗാഡിയയെ നേതൃത്വത്തില്‍ നിന്നൊഴിവാക്കാന്‍ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പരോക്ഷമായി അംഗീകരിച്ചിരുന്നു.
മോദിക്കും അമിത്ഷാക്കും മുന്നില്‍ അനഭിമതനായ തൊഗാഡിയയെ വി.എച്ച്.പി തലപ്പത്തു നിന്ന് നീക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടന്നിരുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിനു പിന്നാലെ താന്‍ രാജ്യത്തെ 100 കോടി വരുന്ന ഹിന്ദുക്കള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ആളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയപ്പോള്‍ വി.എച്ച്.പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞത് അക്കാര്യം മറക്കാനും ഭാവിയെക്കുറിച്ചാണ് ഇനി ചിന്തിക്കേണ്ടതെന്നുമാണ്.
ഇതോടെ വി.എച്ച്.പിയിലെ ആഭ്യന്തര സംഘര്‍ഷത്തിന്റെ ഇരയായി പ്രമുഖ നേതാവിനു തന്നെ പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.