2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

വിസ്മയം തീര്‍ത്ത് പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തിലെ പൂരം

തച്ചനാട്ടുകര: പനങ്കുറുശ്ശി ഭഗവതി ക്ഷേത്രത്തില്‍ പൂരം ആസ്വാദകര്‍ക്ക് വിസ്മയ കാഴ്ച്ചയായി. തട്ടകത്തെ പ്രധാന ഭഗവതി ക്ഷേത്രത്തിലേക്ക് വര്‍ണാഭമായ ദൃശ്യവിരുന്നൊരുക്കിയാണ് പൂരങ്ങളുടെ വരവ് ഉണ്ടായത്. പഞ്ചവാദ്യത്തോടെ മുത്തുക്കുടകള്‍ ചൂടിയ ഗജവീരന്മാര്‍, പൂതന്‍, തിറ, തെയ്യം, പൂക്കാവടികള്‍, വിവിധ വേഷങ്ങള്‍, വാദ്യങ്ങള്‍, ചെണ്ടവാദ്യം, കൊടിക്കുറുകള്‍, മറ്റു വിവിധ കലാരൂപങ്ങള്‍ എന്നിവയോടെ വേലകള്‍ ഗ്രാമ പ്രദക്ഷിണവുമായി എത്തിയത് പൂരത്തിന് വര്‍ണ ചാരുതയേകി.
വിശേഷാല്‍പൂജകള്‍ക്ക് കറുത്തേടത്തു ശങ്കരനാരായണന്‍ നമ്പൂതിരിയും, താന്ത്രിക ചടങ്ങുകള്‍ക്ക് തിയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരിപ്പാടും കാര്‍മ്മികനായി. വടക്കന്‍വേല, പെരുമ്പാലപ്പാറദേശ വേല, ആലിക്കല്‍ ദേശവേല, പാലക്കട ദേശവേല, ശ്രീകൃഷ്ണ ക്ഷേത്രംവേല, മങ്കുഴി ദേശവേല, ആറാട്ട്കടവ്, മാമ്പ്രദേശ വേല, മണപ്പുള്ളിതറ ദേശവേല,ആറ്റാശ്ശേരിവേല, കുറ്റാനശ്ശേരി വേല, തൃപ്പുലിക്കല്‍ ദേശ വേല, വടക്കന്‍ വെള്ളിനേഴി ദേശവേല, മണലുംപുറം ദേശവേല, കരിങ്കല്ലത്താണി ദേശവേല, തുടങ്ങി ചെറുതും വലതുമായ വേലകള്‍ കൊട്ടപ്പള്ള്യാലിലെ നിശ്ചിതസ്ഥലത്ത് അണിനിരന്നു.
പകല്‍ പൂരം കൂട്ടിയെഴുന്നള്ളിപ്പില്‍ തലയെടുപ്പുള്ള 20 ലധികം ആനകള്‍ അണിനിരന്നു. വൈകീട്ട് ഏഴിന് ദേവസ്വം പൂരം കൊട്ടിയിറങ്ങലും ശിവശൈലേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും, തുടര്‍ന്ന വടക്കേ നടയിലൂടെ മൂന്ന് ആനകള്‍, പല്ലശന മുരളിയുംസംഘവും അവതരിപ്പിച്ച പഞ്ചവാദ്യം അകമ്പടിയില്‍ തിരിച്ചെഴുന്നള്ളിപ്പ് ഉണ്ടായി. തച്ചനാട്ടുകര, ആലിപ്പറമ്പ്, അരക്കുപ്പറമ്പ്, വെള്ളിനേഴി, നാട്ടുകല്‍ കരിങ്കല്ലത്താണി പ്രദേശങ്ങളില്‍ നിന്നായി ജാതി മത ഭേദമെന്യേ നിരവധി പേരാണ് പൂരം വീക്ഷിക്കാന്‍ കൊട്ട പള്ള്യാലില്‍ എത്തി ചേര്‍ന്നത്. പൂര ദിവസമായ ഇന്നലെ രാവിലെ ദേവി പ്രതീകമായി വീടുകളിലെത്തിയ പൂതന്‍, തിറകളെ നിലവിളക്ക് കത്തിച്ച് നെല്ലും അരിയും കാണിക്കയും നല്‍കി തട്ടകവാസികള്‍ സ്വീകരിച്ചു. വീടുകളില്‍ ദേവിയുടെ പേരില്‍ സ്തുതിച്ചു പാടി കൊട്ടും പാട്ടും ഒപ്പം ചെറിയ നൃത്തവുമായി നായാടികള്‍ എത്തി. ക്ഷേത്രത്തില്‍ രാവിലെ ഏഴിന് ശ്രീഭൂതബലി, എട്ട് മുതല്‍ 12 വരെ വടക്കന്‍ ദേശവേല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭഗവതിയുടെ ആറാട്ട് നടന്നു. പഞ്ചവാദ്യസമേതം എഴുന്നള്ളിപ്പും തിരിച്ചെഴുന്നള്ളിപ്പ്, ഓട്ടന്‍തുള്ളല്‍ എന്നിവുമുണ്ടായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News