2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

വിഷുക്കൊള്ളയുമായി അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വിസുകള്‍

 

സ്വന്തം ലേഖകന്‍

കോഴിക്കോട്: വിഷുവിന് നാട്ടിലെത്താനും ജോലി സ്ഥലത്തേക്ക് തിരിക്കാനുമുള്ള യാത്രക്കാരുടെ പരിമിതികള്‍ മുതലെടുത്ത് പതിവുപോലെ സ്വകാര്യ ബസ് സര്‍വിസുകാരുടെ കൊള്ള.
സാധാരണ നിരക്കിന്റെ ഇരട്ടിയിലധികം ടിക്കറ്റ് ചാര്‍ജാണ് പല റൂട്ടുകളിലും സ്‌പെഷല്‍ സര്‍വിസ് എന്ന പേരില്‍ ഈടാക്കുന്നത്. കോഴിക്കോട്ട് നിന്നു ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തുന്ന ഇതുപോലുള്ള സ്‌പെഷല്‍ ബസില്‍ ടിക്കറ്റിന് 2000 രൂപയാണ് ചാര്‍ജ്. 850 മുതല്‍ 900 രൂപവരെയാണ് സാധാരണ നിരക്ക്.
1100 രൂപ മുതല്‍ 1400 രൂപക്ക് വരെ സര്‍വിസ് നടത്തുന്ന മറ്റു കമ്പനികളുടെ ബസുകളുമുണ്ട്. എ.സി, നോണ്‍ എ.സി, സ്ലീപര്‍, സെമി സ്ലീപര്‍ വിഭാഗങ്ങളിലായി തോന്നിയപോലെയാണ് ചാര്‍ജ് വര്‍ധനവ്. തിരുവനന്തപുരത്തേക്ക് എ.സി സ്ലീപര്‍ ബസിന് 750 രൂപയില്‍ നിന്ന് 1400 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 950, 1200 രൂപക്ക് സര്‍വിസ് നടത്തുന്ന ബസുകളുമുണ്ട്.
കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്കുള്ള നിരക്കിലും വലിയ വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്. ഇന്നും നാളെയുമായി യാത്ര നടത്തേണ്ടവരെയാണ് പ്രധാനമായും സ്വകാര്യബസ് കമ്പനിക്കാര്‍ ഇത്തരത്തില്‍ കൊള്ളയടിക്കുന്നത്. ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ കഴിയാത്തവരും കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ലഭിക്കാത്തവരും ഗത്യന്തരമില്ലാതെ സ്വകാര്യ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്.
ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് എല്ലാ ടിക്കറ്റിന്‍മേലും 50 രൂപയുടെ വര്‍ധനവ് വരുത്തിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് നിയമങ്ങള്‍ കര്‍ശനമാക്കാത്തതും ഉദ്യോഗസ്ഥ ഇടപെടലുകള്‍ കുറയുന്നതും സ്വകാര്യ സര്‍വിസുകാര്‍ക്ക് അനുഗ്രഹമാകുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.