2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

വിഷവിമുക്ത പഴവും പച്ചക്കറിയും: മലയാളി ഗവേഷകന്റെ നേട്ടത്തിന് ആഗോള അംഗീകാരം

കണ്ണൂര്‍: പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും വിഷാംശം ഇല്ലാതാക്കാന്‍ മലയാളി ഗവേഷകന്‍ വികസിപ്പിച്ചെടുത്ത ഔഷധക്കൂട്ടിന് അന്താരാഷ്ട്ര അംഗീകാരം. കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. അഡ്വ.കെ മോഹനന്റെ ഔഷധം സംബന്ധിച്ച് വേള്‍ഡ് ഇന്‍ടലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പ്രസിദ്ധപ്പെടുത്തി. ഇതേ സമയം കേരളത്തില്‍ അതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതില്‍ ബന്ധപ്പെട്ട ഗവേഷകരുടെ ഭാഗത്തു നിന്നുണ്ടായത് തടസവാദങ്ങള്‍ മാത്രമാണെന്ന് മോഹനന്‍ പറയുന്നു. ചുരുങ്ങിയ ചിലവില്‍ നിര്‍മിക്കാന്‍ സാധിക്കുന്ന ആയുര്‍വേദ ഔഷധക്കൂട്ടിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും വിപണനസാധ്യതകളും വിശദീകരിച്ചു നല്‍കിയിട്ടും നാലു വര്‍ഷമായി അതിന്മേല്‍ യാതൊരു തിരുമാനവുമെടുക്കാന്‍ കേരളത്തിലെ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍ തയാറായില്ല.
യു.എ.ഇയിലെ അല്‍-ഹോട്ടി സ്റ്റേന്‍ജര്‍ എന്ന അന്താരാഷ്ട്ര അംഗീകാരമുള്ള ലാബില്‍ നൂറ് ശതമാനം ഗുണമേന്മ കണ്ടെത്തിയിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബുകളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ലഭിക്കാന്‍ മോഹനന്‍ നടത്തിയ ശ്രമം അധികാരികള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് മുഖം തിരിച്ചു. പച്ചക്കറികളിലും പഴ വര്‍ഗങ്ങളിലും കിഴങ്ങുവര്‍ഗങ്ങളിലും ധാന്യങ്ങളിലും ഉണ്ടാകുന്ന വിഷാംശം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഔഷധക്കൂട്ട് വികസിപ്പിച്ചെടുത്ത മലയാളിയുടെ ഗവേഷണനേട്ടത്തിന് വലിയ പ്രാധാന്യം നാലു വര്‍ഷം മുമ്പ് ദേശീയ മാധ്യമങ്ങളടക്കം നല്‍കിയിരുന്നു. ലോകപ്രശസ്ത ലബോറട്ടറികളിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കു ശേഷം താന്‍ രൂപപ്പെടുത്തിയ ജൈവൗഷധിക്ക് പ്രൊവിഷണല്‍ പേറ്റന്റടക്കം നേടിയ മോഹനന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് വ്യാവസായികാടിസ്ഥാനത്തില്‍ ഇതിന്റെ നിര്‍മ്മാണം ലക്ഷ്യമിട്ട് അധികൃതരെ സമീപിച്ചത്.
അഭിഭാഷകനായി കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേ ദീര്‍ഘകാല അവധിയെടുത്ത് അല്‍ ഐനിലെ പഴംപച്ചക്കറി രംഗത്തെ ലോകപ്രശസ്ത കമ്പനിയായ ബരാക്കത്ത് ഇന്റര്‍നാഷണല്‍ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ കമ്പനിയില്‍ ജോലി ചെയ്ത കാലയളവിലാണ് വിഷപ്രയോഗത്തിന്റെ രൂക്ഷത മോഹനന്‍ മനസിലാക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന 26 ഔഷധികളും വിദേശരാജ്യങ്ങളില്‍ നിന്നു ലഭിക്കുന്ന രണ്ട് ജൈവ ചേരുവകളും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുള്ള ഔഷധക്കൂട്ടാണ് മോഹനന്‍ വികസിപ്പിച്ചെടുത്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.