2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

വിഷയം മാറി; അമേരിക്ക-ചൈന തര്‍ക്കം വീണ്ടും

 

ഒട്ടാവ: ചൈനീസ് ടെലികോം സ്ഥാപനമായ വാവെയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ മെങ് വാന്‍ഷോയെ കാനഡയില്‍ അറസ്റ്റ് ചെയ്തു. ഡിസംബര്‍ ഒന്നിനു വാന്‍കോവില്‍വച്ചാണ് അറസ്റ്റ് നടന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട നിയമലംഘനം നടത്തിയതിനു നാടുകടത്താനുള്ള യു.എസ് അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് നിയമങ്ങള്‍ ലംഘിച്ച് ഇറാനു വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ കൈമാറിയെന്നാണ് മെങ് വാന്‍ഷോക്കെതിരേയുള്ള ആരോപണം. ഇവരെ ഉടന്‍ യു.എസിനു കൈമാറിയേക്കും. എന്നാല്‍, ഇവര്‍ക്കതെിരേയുള്ള കുറ്റങ്ങള്‍ എന്താണെന്നു യു.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ചൈനീസ് കമ്പനി പ്രതിനിധിക്കെതിരേയുള്ള നീക്കം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ തര്‍ക്കത്തിനു തുടക്കമിട്ടിരിക്കുകയാണ്. മെങ് വാന്‍ഷോയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ചൈന രംഗത്തെത്തിയിട്ടുണ്ട്.
യു.എസിലും കാനഡയിലും ഔപചാരികമായ രീതിയിലാണ് തങ്ങളുടെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷോങ് ആവശ്യപ്പെട്ടു. കാരണം വ്യക്തമാക്കാതെ ഒരാളെ അറസ്റ്റ് ചെയ്തതു മനുഷ്യാവകാശ ലംഘനമാണ്. വ്യക്തിയുടെ നിയമ അവകാശങ്ങള്‍ സംരക്ഷിക്കാനായി തടങ്കലില്‍നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്‌തെന്ന കാര്യം കാനഡ സ്ഥിരീകരിച്ചു. അവരെ കൈമാറാന്‍ യു.എസ് അഭ്യര്‍ഥിച്ചിരുന്നെന്നും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും കാനഡ ജസ്റ്റിസ് മന്ത്രാലയം പറഞ്ഞു. എന്നാല്‍, നിയമങ്ങളനുസരിച്ചാണ് തങ്ങളുടെ കമ്പനി പ്രവര്‍ത്തിച്ചതെന്നു വാവെ പ്രസ്താവനയില്‍ പറഞ്ഞു. ഉപരോധ നിയമം, കയറ്റുമതി. യു.എന്‍, യു.എസ്, ഇ.യു നിയങ്ങള്‍ പാലിച്ചെന്നും അവര്‍ അവകാശപ്പെട്ടു.
നിയമലംഘനം നടത്തിയതിനു വാവെയ്‌ക്കെതിരേ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഏപ്രിലില്‍ അന്വേഷണം ആരംഭിച്ചെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ സുരക്ഷാ താല്‍പര്യങ്ങള്‍ തകര്‍ക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ഇതു കണ്ടുനില്‍ക്കാനാകില്ലെന്നും യു.എസ് സെനറ്റര്‍ ബെന്‍ സാസ്സെ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.