2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിഷം തുപ്പി മോദി

 

മുംബൈ: വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ ചുവയുള്ള പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഭയമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഹിന്ദു മേഖലയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുകയാണ്. ഹിന്ദുക്കളെ ഭയക്കുന്നതുകൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകുന്നത്- മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മോദി വിവാദ പ്രസ്താവന നടത്തിയത്. രാഹുലിന്റെ പേരോ വയനാട് മണ്ഡലമോ പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം.

കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു. ഹിന്ദുത്വ തീവ്രവാദം എന്ന വാദം കോണ്‍ഗ്രസ് ആണ് ഇന്ത്യയില്‍ കൊണ്ടുവന്നത്. അപമാനിതരായ ഹിന്ദു സമൂഹം സമാധാന പ്രിയരും ലോകത്തെ ഒരു കുടുംബമായി കാണുന്നവരുമാണ്. ഹിന്ദു തീവ്രവദത്തിന് തെളിവായി ഉയര്‍ത്തിക്കാണിക്കാന്‍ ഏതെങ്കിലും ഒരു സംഭവം ഉണ്ടോ? സമാധാന പ്രേമികളായ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പാഠം പഠിപ്പിക്കാന്‍ ഹിന്ദുക്കള്‍ തീരുമാനിച്ചു. അതിനാല്‍ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവര്‍ ഭയക്കുകയാണ്- മോദി പറഞ്ഞു. സംഝോത എക്‌സ്പ്രസിലുണ്ടായ സ്‌ഫോടനക്കേസില്‍ സംഘ്പരിവാര്‍ നേതാക്കളായ പ്രതികളെ വെറുതെ വിട്ട് എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച ഉത്തരവ് സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.
മോദിയുടെ പ്രസ്താവനക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്നു. അഞ്ചുവര്‍ഷം ഭരിച്ചിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് ജനങ്ങളെ വര്‍ഗീയമായി തരംതിരിച്ചുള്ള മോദിയുടെ പ്രസംഗമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മോദിക്കെതിരേ
നടപടിവേണമെന്ന്
കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിവാദപരാമര്‍ശനം നടത്തിയ നരേന്ദ്രമോദിക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദി രാജ്യത്തോടു മാപ്പുപറയണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകളിലൂടെ ഇന്ത്യയുടെ മഹത്തായ മതേതരത്വത്തേയും നാനത്വത്തേയും മോദി അപമാനിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ പഴശ്ശിരാജാവിന്റെ ചരിത്രമുള്ള മണ്ണാണ് വയനാടെന്ന് നരേന്ദ്രമോദിക്ക് അറിയുമോ? ആദിവാസികളുടെയും കര്‍ഷകരുടെയും നാടുകൂടിയാണ് വയനാട്. വയനാടിന്റെ ഇത്തരം ചരിത്രങ്ങള്‍ നരേന്ദ്രമോദിക്ക് അറിയുമോ ? ബിജെപിക്ക് അറിയുമോ.. ?- അദ്ദേഹം ചോദിച്ചു. ജാതിമത വികാരങ്ങള്‍ ഇളക്കിവിട്ടു വോട്ടഭ്യര്‍ത്ഥിക്കുന്നത് തടയുന്ന 1951ലെ ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ് മോദിയുടെ പ്രസംഗം. പച്ചയായി വര്‍ഗീയതപ്രസംഗിച്ച് പ്രധാനമന്ത്രി പദവിയെ കളങ്കപ്പെടുത്തുകയാണ് മോദിചെയ്തതെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.