2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശ്വാസികളുമായി ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ നയമല്ല

പിണറായി വിജയന്‍ മുഖ്യമന്ത്രി

ഏതു മതത്തില്‍ വിശ്വസിക്കുന്നവരുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനാപരമായ കാഴ്ചപ്പാടുകളെ മുറുകെപ്പിടിച്ചു പ്രവര്‍ത്തിക്കുമെന്നു പ്രതിജ്ഞയെടുത്താണു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അതുകൊണ്ട്, അത്തരം ഉത്തരവാദിത്വം നിറവേറ്റാനും പരമോന്നത കോടതിയുടെ വിധി നടപ്പാക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഏതെങ്കിലും വിഭാഗത്തിനുണ്ടെങ്കില്‍ അവരുമായി ചര്‍ച്ച ചെയ്യാനും തെറ്റിദ്ധാരണകള്‍ തിരുത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
മതവിശ്വാസത്തെയും അതിന്റെ ഭാഗമായ ആരാധനാസമ്പ്രദായങ്ങളെയും സംരക്ഷിക്കുക തന്നെ ചെയ്യും. എല്ലാവര്‍ക്കും തുല്യനീതിയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ അവ നടപ്പിലാക്കുകയും ചെയ്യും. വിശ്വാസികളുമായി ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ നയമല്ല. അവര്‍ക്കു സൗകര്യമൊരുക്കുകയാണു ലക്ഷ്യം. അതേസമയം, രാഷ്ട്രീയതാല്‍പ്പര്യത്തോടെ സംഘര്‍ഷം സൃഷ്ടിക്കാനൊരുങ്ങുന്നവരുടെ ശ്രമത്തിനു കീഴടങ്ങില്ല.
ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണമെന്നത് സര്‍ക്കാരിന്റെ ഉത്തരവോ നിയമനിര്‍മാണമോ അല്ല, സര്‍ക്കാര്‍ നല്‍കിയ കേസിലെ വിധിയുമല്ല. ഈ കേസിന്റെ ഉത്ഭവവുമായി സര്‍ക്കാരിനൊരു പങ്കുമില്ല. 1990ല്‍ എസ്. മഹേന്ദ്രന്‍ എന്ന വ്യക്തി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് അയച്ച കത്ത് പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കപ്പെട്ടതോടെയാണ് ഈ കേസിന്റെ ആരംഭം.
ശബരിമലയില്‍ യുവതികള്‍ കയറുന്നുവെന്നും അവിടെ പ്രാര്‍ഥന നടത്തുന്നുവെന്നുമുള്ള പരാതിയാണു മഹേന്ദ്രന്‍ കത്തിലുന്നയിച്ചത്. വി.ഐ.പികളുടെ ഭാര്യമാര്‍ക്കു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും മുന്‍ ദേവസ്വം കമ്മിഷണര്‍ ചന്ദ്രികയുടെ പേരക്കുട്ടിക്ക് അവിടെ ചോറൂണു നല്‍കിയിട്ടുണ്ടെന്നും ഉദാഹരണമായി എടുത്തുകാട്ടി. ചന്ദ്രികയും മറ്റു സ്ത്രീകളും ചോറൂണു ചടങ്ങില്‍ പങ്കെടുക്കുന്ന 1990 ഓഗസ്റ്റ് 19ലെ ജന്മഭൂമി പത്രത്തില്‍ വന്ന ഫോട്ടോയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശബരിമലയില്‍ നടന്ന ചോറൂണില്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഫോട്ടോ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചതു കാണിച്ചുകൊണ്ടാണ് ഈ കേസ് സജീവമാകുന്നത്, എല്‍.ഡി.എഫ് സര്‍ക്കാരോ ബന്ധപ്പെട്ടവരോ നടത്തിയ ഇടപെടലിന്റെ ഭാഗമായല്ല.
ഈ കേസിന്റെ വിചാരണയില്‍ സ്ത്രീപ്രവേശനം തെളിയിക്കുന്ന മറ്റു പല സംഭവങ്ങളും പുറത്തുവന്നു. കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂര്‍ മഹാരാജാവിനൊപ്പം റാണിയും ക്ഷേത്രദര്‍ശനം നടത്തിയെന്നും പല വര്‍ഷങ്ങളിലായി അവിടെ ചോറൂണുകള്‍ നടന്നിട്ടുണ്ടെന്നുമൊക്കെ വാദം ഉയര്‍ന്നു. 20 വര്‍ഷക്കാലം പ്രതിമാസ പൂജക്കാലത്ത് പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുവാദമുണ്ടായിരുന്നുവെന്നും വാദമുണ്ടായി. മണ്ഡലം, മകരവിളക്ക്, വിഷു കാലത്തു മാത്രമായിരുന്നു വിലക്ക്. അതു ദേവസ്വവും അംഗീകരിച്ചു. ദേവസ്വം കമ്മീഷണറായിരുന്ന ചന്ദ്രികയാവട്ടെ 1166 ചിങ്ങം ഒന്നിനു ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ടെന്നു കോടതിയില്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ തിരു- കൊച്ചി ക്ഷേത്ര പ്രവേശന നിയമത്തിലെ 3ാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നു വ്യക്തമാക്കി. ഹിന്ദുമുന്നണിയുടെ അക്കാലത്തെ സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ ക്ഷേത്രം തന്ത്രിയായിരുന്ന മഹേശ്വരരിന് അയച്ച കത്തില്‍ ശബരിമലയില്‍ വിവാഹ ചടങ്ങുകളും വനിതകളുടെ ഡാന്‍സും സിനിമാ ഷൂട്ടിങ്ങും നടന്നുവെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതു കാണിക്കുന്നത് അക്കാലത്തു ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനവും അവര്‍ പങ്കെടുക്കുന്ന മറ്റു ചടങ്ങുകളും നടന്നിട്ടുണ്ടെന്നാണ്.
വാദങ്ങളും വസ്തുതകളും പരിശോധിച്ച ഹൈക്കോടതി ശബരിമലയിലെത്തുന്നതിനു പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണം ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിലെ കാലാവര്‍ത്തിയായ ആചാരമാണെന്നാണു വിധിച്ചത്. കോടതിയുടെ ആ വിധി അക്കാലം മുതല്‍ നടപ്പാക്കിവരികയാണ്. ഈ സര്‍ക്കാരുള്‍പ്പെടെ ഒരു ഇടതുപക്ഷ സര്‍ക്കാരും ആ ഉത്തരവു ലംഘിച്ചിട്ടില്ല.
2006ല്‍ സുപ്രിംകോടതിയില്‍ ഒരു റിട്ട് ഹരജി വന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഈ കേസില്‍ സംസ്ഥാനസര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി. കോടതി നിര്‍ദേശപ്രകാരം 2007 നവംബര്‍ 13 നു വി.എസ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു സത്യവാങ്മൂലം നല്‍കി. ഈ സത്യവാങ്മൂലം മാറ്റി 2016 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം എതിര്‍ത്തു മറ്റൊരു സത്യവാങ്മൂലം നല്‍കി. പിന്നീടുവന്ന ഇടതുമുന്നണി സര്‍ക്കാര്‍ 2007ലെ സത്യവാങ്മൂലം നിലനിര്‍ത്താന്‍ തീരുമാനിച്ചു.
സ്ത്രീ പ്രവേശനം അംഗീകരിച്ചു വിധി വന്നപ്പോള്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം അതിനെ സ്വാഗതം ചെയ്തതാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിധി എല്ലാവര്‍ക്കും ബാധകമാണെന്നു പറഞ്ഞു. പിന്നീടാണു ചെന്നിത്തല നിലപാടു മാറ്റിയത്. ഹിന്ദുവര്‍ഗീയതയുമായി സമരസപ്പെടുന്ന ഈ നിലപാട് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും കളമൊരുക്കലാണെന്നു കോണ്‍ഗ്രസുകാര്‍ വിസ്മരിക്കാതിരിക്കണം.
ബി.ജെ.പിയെ നയിക്കുന്ന ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ നേതൃത്വം ഈ വിധിയെ സ്വാഗതം ചെയ്തതാണ്. കേരളത്തിലെ ബി.ജെ.പി നേതാക്കളും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനാവകാശം വേണമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് കലാപത്തിനിറങ്ങിയത്. ഇരട്ടത്താപ്പാണു ബി.ജെ.പി സ്വീകരിക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അവിടെ നടപ്പിലാക്കി.
ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കു ക്ഷേത്രപ്രവേശനമാകാം കേരളത്തില്‍ പാടില്ല എന്ന പരിഹാസ്യമായ നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഇരട്ടത്താപ്പുകളുടെ നടുവില്‍ നിന്നുകൊണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ എത്രകാലം കഴിയുമെന്ന് അവര്‍ ആലോചിക്കുന്നതു നന്ന്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.