2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശുദ്ധ കഅ്ബാലയം പുതിയ കിസ്‌വയണിഞ്ഞു

മക്ക: വിശുദ്ധ കഅ്ബാലയം പുതിയ കിസ്‌വയണിഞ്ഞു. ബുധനാഴ്ച രാത്രിയാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി പുതിയ കിസ്‌വ അണിയിച്ചത്. ഇരു ഹറം കാര്യാലയം, കിസ്‌വ നിര്‍മാണ ഫാക്റ്ററിയായ കിങ് അബ്ദുല്‍ അസീസ് കോംപ്ലക്‌സ് ജനറല്‍ അഡ്മിനിസേ്ട്രഷന്‍ എന്നിവരുടെ മേല്‍നോട്ടത്തില കിസ്‌വ മാറിയത്. നേരത്തെ ഉണ്ടായിരുന്ന കിസ്‌വ പൂര്‍ണമായും അഴിച്ചു മാറ്റിയതിന് ശേഷം പുതിയ കിസ്‌വ പുതപ്പിക്കുകയായിരുന്നു.
സാധാരണ നിലയില്‍ ഹാജിമാര്‍ അറഫയില്‍ ഒരുമിച്ചു ചേരുന്ന അറഫാ സംഗമ ദിനത്തിലാണ് പഴയ കിസ്‌വ മാറ്റാറുള്ളത്. ഹാജിമാര്‍ അറഫാത്തില്‍ സംഗമിക്കുമ്പോള്‍ മക്കയില്‍ തിരക്ക് തീരെ ഉണ്ടാവില്ലെന്നതിനാലാണ് ഈ ദിനം തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ നിലവില്‍ മക്കയില്‍ ഹജ്ജ് കാലത്തും വിജനമാണ്. ഇതാണ് നേരത്തെ തന്നെ കിസ്‌വ മാറ്റുവാന്‍ കാരണം. പതിവിന് വിപരീതമായി ഒരു ദിവസം നേരത്തെ ആയിരുന്നു കിസ്‌വ മാറ്റിയത്.
പതിനാല് മീറ്റര്‍ ഉയരമുള്ള പ്രകൃതിദത്തമായ പട്ടില്‍ നിര്‍മിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. മുകളില്‍ നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉള്‍വശത്ത് വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുണ്ടാകും. ആകെ അഞ്ചു കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങള്‍ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നില്‍ തൂക്കുന്ന കര്‍ട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേര്‍ക്കുയാണ് ചെയ്യുന്നത്.
700 കിലോ പട്ടും 120 കിലോ വെള്ളി, സ്വര്‍ണ നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ഒരു കിസ്‌വ നിര്‍മിക്കുന്നതിന് എട്ടു മുതല്‍ ഒമ്പതു മാസം വരെ എടുക്കും. ഹജ്ജ് തീര്‍ഥാടകരുടെ തിരക്ക് ആരംഭിച്ചതോടെ കിസ്‌വ ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. നേരത്തെ മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ വിശുദ്ധ കഅ്ബയിലെ നിലവിലെ കിസ്‌വ ഉയര്‍ത്തി വെച്ചിരുന്നു.
നേരത്തെ, ദുല്‍ഹിജ്ജ ആദ്യ ദിനത്തില്‍ പുതിയ കിസ്‌വ കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന് കൈമാറിയിരുന്നു. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ നേതൃത്വത്തിലാണ് കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവര്‍ ഡോ. സ്വാലിഹ് അല്‍ശൈബിക്ക് കിസ്‌വ കൈമാറിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.