2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിശുദ്ധി സൂക്ഷിക്കുക; സൗഹൃദത്തിന്റെ കരുതലാവുക

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

റമദാന്‍ വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി മുസ്‌ലിം ലോകം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുകയാണ്. മുസ്‌ലിം സമൂഹത്തിന് അനുവദിച്ച രണ്ട് ആഘോഷ ദിനങ്ങളില്‍ ഒന്നാണ് ഈദുല്‍ ഫിത്വ്ര്‍. ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാക്കപ്പെട്ടതു കൊണ്ടാണ് ഈ ദിവസത്തിന് ഈദുല്‍ ഫിത്വ്ര്‍ എന്നു നാമകരണം ചെയ്യാന്‍ കാരണം. അന്നേ ദിവസത്തെ പ്രധാന കര്‍മത്തില്‍ പെട്ടതാണ് ഫിത്വ് ര്‍ സകാത്. ഇസ്‌ലാമിന്റെ സാമൂഹ്യവ്യവസ്ഥിതി ഉയര്‍ത്തിക്കാട്ടുന്ന ഒരു കര്‍മമാണിത്.
ഒരു മാസക്കാലം തന്റെ അടിമകള്‍ ചെയ്ത ഇബാദത്തുകളിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ അല്ലാഹു നല്‍കിയ അവസരം കൂടിയാണ് ഫിത്വ്ര്‍ സകാത്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ചെറിയ പെരുന്നാള്‍, ആഘോഷം എന്നതിലുപരി ഒരു ആരാധനയാണ്. പെരുന്നാളിലെ പ്രധാന ആരാധനയാണ് നിസ്‌കാരം. നബി(സ്വ)യുടെ ആദ്യത്തെ പെരുന്നാള്‍ നിസ്‌കാരം ഈദുല്‍ഫിത്വ്ര്‍ നിസ്‌കാരമാണ്.

ഹിജ്‌റ രണ്ടാം വര്‍ഷത്തിലായിരുന്നു ഇത്. ഈ നിസ്‌കാരം നഷ്ടപ്പെടുത്തുന്നത് കറാഹത്താണെന്നാണ് കര്‍മശാസ്ത്ര വിധി. പെരുന്നാള്‍ നിസ്‌കാരം ജമാഅത്തായി നിസ്‌കരിക്കുന്നത് സുന്നത്താണ്. എന്നാല്‍, കൊവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് പള്ളികളില്‍ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് മാത്രമേ അനുമതിയുള്ളൂ. അതിനാല്‍ വീടുകളില്‍ വച്ച് നിസ്‌കാരം നിര്‍വഹിക്കേണ്ടതാണ്. പെരുന്നാള്‍ നിസ്‌കാരത്തിനു വേണ്ടി കുളിക്കല്‍ സുന്നത്താണ്. രാത്രി പകുതിയായത് മുതല്‍ കുളിയുടെ സമയമായി. ഫജ്‌റ് മുതല്‍ക്കാണ് സമയമാവുക എന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്. സുഗന്ധം പൂശുക, ഭംഗിയാവുക തുടങ്ങിയവയും സുന്നത്തുണ്ട്.

സൂര്യോദയം മുതല്‍ മധ്യത്തില്‍നിന്ന് സൂര്യന്‍ തെറ്റുന്നതു വരെയാണ് അതിന്റെ സമയം. എങ്കിലും ചക്രവാളത്തില്‍നിന്ന് ഏഴ് മുഴത്തിന്റെ പരിധി സൂര്യന്‍ ഉയരുന്നതു വരെ (സൂര്യോദയത്തിനു ശേഷം ഏകദേശം ഇരുപതു മിനുട്ട് കഴിയുന്നതു വരെ) പിന്തിക്കലാണ് സുന്നത്ത്. രണ്ട് റക്അത്തുകളാണ് പെരുന്നാള്‍ നിസ്‌കാരം. പെരുന്നാള്‍ നിസ്‌കാരത്തിന്റെ നിയ്യത്തോടെ തക്ബീറതുല്‍ ഇഹ്‌റാം ചെയ്ത ശേഷം മറ്റു നിസ്‌കാരങ്ങളെ പോലെ തന്നെ ഇഫ്തിതാഹിന്റെ ദുആ (വജ്ജഹ്തു) ഓതണം. ശേഷം ഒന്നാം റക്അത്തില്‍ ഏഴ് തക്ബീറുകളും രണ്ടാം റക്അത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലല്‍ സുന്നത്താണ്. ഫാത്വിഹയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തക്ബീറിന്റെ അവസരം നഷ്ടപ്പെടും. ഒന്നാം റക്അത്തില്‍ മറന്നുപോയ തക്ബീറുകള്‍ രണ്ടാം റക്അത്തില്‍ വീണ്ടെടുക്കല്‍ സുന്നത്തില്ല. പുരുഷന്മാര്‍ ജമാഅത്തായി പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കുകയാണെങ്കില്‍ ഖുത്വുബയും സുന്നത്താണ്. ഖുത്വുബ ഇല്ലാതെ നിര്‍വഹിച്ചാലും നിസ്‌കാരം ശരിയാകും. ഇസ്‌ലാമിക കര്‍മശാസ്ത്രമനുസരിച്ച് സ്ത്രീകള്‍ക്കും വീടുകളില്‍ വച്ച് പെരുന്നാള്‍ നിസ്‌കാരം സുന്നത്താണ്. സ്ത്രീകള്‍ തന്നെ വീടുകളില്‍ വച്ച് ജമാഅത്തായി നിസ്‌കരിക്കുകയാണെങ്കില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍വഹിക്കേണ്ടതില്ല. അവരില്‍ വിവരം ഉള്ളവര്‍ ഉണ്ടെങ്കില്‍ ഉപദേശം നല്‍കാവുന്നതാണ്. ഒറ്റയ്ക്ക് നിസ്‌കരിക്കുന്നവനും ഖുത്വുബ സുന്നത്തില്ല.

ഈദുല്‍ ഫിത്വ്ര്‍ ദിവസം അഭിമാനമാണ് വിശ്വാസികള്‍ക്ക്. അല്ലാഹു മലക്കുകളെ വിളിച്ചുകൊണ്ട് പറയും: ‘നിങ്ങള്‍ എന്റെ അടിമകളിലേക്ക് നോക്കുക, അവരോട് ഞാന്‍ ഒരുമാസക്കാലം നോമ്പനുഷ്ഠിക്കാന്‍ പറഞ്ഞു. അവര്‍ നോമ്പനുഷ്ഠിച്ചു. ഇന്ന് അവരോട് നോമ്പ് മുറിക്കാന്‍ പറയുകയും പള്ളിയില്‍ വന്ന് പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിക്കാനും പറഞ്ഞു, അവരതു ചെയ്തു. അതുകൊണ്ടുതന്നെ അവര്‍ക്ക് ഞാന്‍ അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുത്തിരിക്കുന്നു’.
ഈദുല്‍ ഫിത്വ്ര്‍ ആയാല്‍ വഴിയോരങ്ങളില്‍ മലക്കുകള്‍ സജീവ സാന്നിധ്യമാകും. ആ മലക്കുകള്‍ വിളിച്ചുപറയും. ‘മുസ്‌ലിം സമൂഹമേ, നിങ്ങള്‍ അത്യുദാരനായ രക്ഷിതാവിലേക്ക് സഞ്ചരിക്കുക. അവന്‍ നന്മകൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്നു. വലിയ സമ്മാനം നിങ്ങള്‍ക്കു നല്‍കാനൊരുങ്ങുന്നു. നിങ്ങളോട് അവന്‍ രാത്രി നിസ്‌കരിക്കാന്‍ കല്‍പ്പിച്ചു. നിങ്ങള്‍ അതു ചെയ്തു. പകല്‍ വ്രതമനുഷ്ഠിക്കാന്‍ പറഞ്ഞു. അതും അനുവര്‍ത്തിച്ചു. രക്ഷിതാവിനെ നിങ്ങള്‍ അനുസരിച്ചു. അതുകൊണ്ട് പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കവന്‍ മഹത്തായ മാപ്പ് സമ്മാനിച്ചിരിക്കുന്നു. നിങ്ങള്‍ സന്തോഷത്തോടെ സ്വന്തം ഭവനങ്ങളിലേക്കു നീങ്ങുക. ഇത് സമ്മാന സുദിനമാകുന്നു. ആകാശലോകത്ത് ഈ ദിവസം അറിയപ്പെടുന്നത് പുരസ്‌കാര ദിനം (യൗമുല്‍ ജാഇസ) എന്നാണ് (ത്വബ്‌റാനി).

സത്യവിശ്വാസിക്ക് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള വേളയാണ് പെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി സമര്‍പ്പിതരായ വിശ്വാസികള്‍ക്ക് ഇതു സന്തോഷത്തിന്റെ വേളയാണ്. ആത്മീയ ചൈതന്യത്തോടെ അത് ആഘോഷപൂര്‍ണമാക്കുക വിശ്വാസിയുടെ കടമയാണ്. നമ്മുടെ സ്രഷ്ടാവിനോട് നന്ദി പ്രകടിപ്പിക്കുന്നതിന് ലോക്ക് ഡൗണ്‍ തടസ്സമായിക്കൂടാ.
തിന്മകളില്‍നിന്ന് വിശുദ്ധിയിലേയ്ക്ക് നമ്മെ പാകപ്പെടുത്തുകയായിരുന്നു റമദാന്‍. അതിനാവശ്യമായ പരിശീലനമായിരുന്നു വ്രതകാലത്ത് നാം ആര്‍ജിച്ചെടുത്തത്. അത് തുടര്‍ജീവിതത്തില്‍ പുലര്‍ത്താന്‍ നമുക്ക് സാധിക്കണം. റമദാനിന്റെ മുന്‍പ് ഉണ്ടായിരുന്ന താളഭംഗം സംഭവിച്ച ജീവിത ചിട്ടകളിലേയ്ക്ക് നാം ഒരിക്കലും മടങ്ങരുത്. റമദാനിന് മുന്‍പ് ഉണ്ടായിരുന്ന പഴയ അവസ്ഥയിലേക്ക് മടങ്ങുകയാണെങ്കില്‍ അതിനര്‍ഥം ഒരു മാസത്തെ പരിശീലനം കൊണ്ട് നമുക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നാണ്. റമദാന്‍ അവനില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെങ്കില്‍ അവന്റെ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനം വ്യര്‍ഥമായെന്നര്‍ഥം.

റമദാന്‍ സഹാനുഭൂതിയുടെ മാസമായിരുന്നു. അത് തുടരാനുള്ളതാണ്. ഈദുല്‍ ഫിത്വ്ര്‍ ആവശ്യപ്പെടുന്നതും മറ്റൊന്നല്ല. കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരസ്പര സാഹോദര്യവും സ്‌നേഹവും പങ്കുവയ്ക്കുകയും കുടുംബ, അയല്‍പക്ക ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യാനുള്ള വേളയാണ് പെരുന്നാള്‍. നേരിട്ട് സന്ദര്‍ശിക്കുന്നതിന് തടസ്സമുള്ളതിനാല്‍ ഫോണ്‍ വഴിയും മറ്റും നാം ബന്ധം പുതുക്കുക. പെരുന്നാളിന്റെ സന്തോഷത്തില്‍ എല്ലാവരെയും പങ്കാളികളാക്കാനും ആസ്വദിക്കാനും സാധിക്കണം. സ്‌നേഹവും കരുണയും പകര്‍ന്ന് സുകൃതങ്ങളുടെ ഈ ആഘോഷ വേളയെ അല്ലാഹുവിന്റെ പൊരുത്തത്തിലായി വിനിയോഗിക്കുക.
ഒരു മാസക്കാലത്തെ കഠിനാധ്വാനം കൊണ്ട് നേടിയെടുത്ത ചൈതന്യം നഷ്ടപ്പെടുത്താതെ ഇനിയുള്ള ജീവിതം മുന്നോട്ടുകൊണ്ടു പോകുമെന്നുള്ള ദൃഢപ്രതിജ്ഞയാണ് പെരുന്നാള്‍ സുദിനത്തില്‍ നാം എടുക്കേണ്ടത്. പാപപങ്കിലമായ ഒരു ജീവിതത്തെ റമദാനിലെ വിശുദ്ധമായ പകലിരവുകളില്‍ കണ്ണീരുകൊണ്ട് മുക്തമാക്കിയെടുത്ത നാം വീണ്ടും തെറ്റുകളിലേക്കു തന്നെ മടങ്ങുമ്പോള്‍ റമദാന്‍ നമുക്ക് അനുകൂലമായോ എന്നു വിചാരപ്പെടേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വിശുദ്ധ ദിനങ്ങളില്‍ നേടിയെടുത്ത സുകൃതങ്ങളെ ഒറ്റദിനം കൊണ്ട്, പെരുന്നാള്‍ ദിനം കൊണ്ട് നഷ്ടപ്പെടുത്താതെയും ശ്രദ്ധിക്കേണ്ടതുണ്ട്.

പെരുന്നാള്‍ കേവലം ആഘോഷ ദിനമെന്നതിലുപരി അതൊരു പ്രാര്‍ഥനയുടെ ദിനം കൂടിയാണെന്ന ഓര്‍മ വേണം. ഒരുമാസത്തെ ജീവിതം പഠിപ്പിച്ച പാഠങ്ങളുടെ തുടര്‍ച്ച ഇനിയുള്ള ദിനങ്ങളിലും നിലനിര്‍ത്തണം എന്ന് ഏകനായ അല്ലാഹുവിനോട് തേടേണ്ട, പ്രാര്‍ഥിക്കേണ്ട ദിനം കൂടിയാണിത്. റമദാനിന്റെ വിശുദ്ധി കാത്തുസൂക്ഷിച്ച് പെരുന്നാള്‍ സൗഹൃദം പങ്കുവയ്ക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം. ലോകത്തെ പിടികൂടിയ മഹാമാരിയുടെ ഭീതി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സര്‍ക്കാരും ആരോഗ്യവകുപ്പും നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് നാം ഇതുവരെ പ്രവര്‍ത്തിച്ചത്. തുടര്‍ന്നും അങ്ങിനെ തന്നെ ആകണം. റമദാനിനു ശേഷം എല്ലാ മേഖലകളിലും മതനിയമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള കടുത്ത നിയന്ത്രണം അനിവാര്യമാണ്. സാമ്പത്തിക രംഗത്ത് ധൂര്‍ത്തും പാഴ്‌ചെലവുകളും ഒഴിവാക്കി പരിപൂര്‍ണ അച്ചടക്കം പാലിക്കണം. നിരന്തരം പ്രാര്‍ഥനകള്‍ വര്‍ധിപ്പിച്ച് ഈ മഹാമാരിയില്‍ നിന്നു രക്ഷനേടാന്‍ കര്‍മനിരതരാവുക.
അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.