
‘എന്തെന്നാല്‍ എനിക്കു വിശന്നു,
നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു.
എനിക്കു ദാഹിച്ചു,
നിങ്ങള്‍ കുടിക്കാന്‍ തന്നു.
ഞാന്‍ പരദേശിയായിരുന്നു,
നിങ്ങള്‍ എന്നെ സ്വീകരിച്ചു.
ഞാന്‍ നഗ്നനായിരുന്നു,
നിങ്ങള്‍ എന്നെ ഉടുപ്പിച്ചു.
അനന്തരം അവര്‍ അവന്റെ മുഖത്ത്
തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.
അവന്റെ വസ്ത്രം ഉരിഞ്ഞു മാറ്റി.
ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്റെ ശിരസില്‍ വച്ചു.’
-മത്തായിയുടെ സുവിശേഷം
ി ി ി ി
‘വിശക്കുന്നെനിക്കെ’ന്നൊരു മനുഷ്യന്റെയിടറിയ
വാക്കിന്റെ കൈകൂപ്പുന്ന യാചന.
‘കള്ളനിവനെ’ന്നൊരു
പരിഷ്കൃത സമൂഹത്തിന് ശബ്ദം.
‘ദാഹിക്കുന്നെനി’ക്കെന്നൊരു മനുഷ്യന്റെ നോവുന്ന
വാക്കിന്റെ ദീനവിലാപം.
‘ഭ്രാന്തനിവ’നെന്നലറും
പുതുലോകത്തിന്നൊച്ച.
‘കറുത്തവനിവന്’ പൊങ്ങച്ച വെളുപ്പേന്തും
ഡിജിറ്റല്‍ സ്വനം.
‘വിശപ്പാണെന് രോഗം..’
മെല്ലിച്ച മാനുഷന്റെ കണ്ണുനീര്…
മര്‍ദനം നിസഹായനൗഷധം, മരിക്കുക നീ..
പ്രാകൃതന്, അപരിഷ്കൃതന് നീ..
നീയീനാടിന്നപമാനം,
നീയാം വൈകൃതമില്ലാത്തൊരീ ലോകം സുന്ദരം, നീ ബലിയാവുക..
‘താടക'(1)യുടെ യുവതാരുണ്യമൊടുക്കിയോരമ്പും,
‘ഏകലവ്യ’ (2) ന്റെ പെരുവിരല്‍ മുറിച്ചോരസൂയയും,
‘ഘടോല്ക്കച’ (3) ന്റെ മാറിടം തുളച്ചൊരു വേലും
ഇനി നിന്നന്ത്യത്തിനു സ്മാരകം…
വനമൃഗം പോലും നോവിച്ചിടാത്ത നിന്നെ
നഗരത്തിന് മൃഗത്വം വേട്ടയാടുന്നു..
‘ജീന്‍ വാല്ജീനി’ (4)ന് കല്‍ത്തുറുങ്ക്,
മണ്ണിന്റെ വനപുത്രനു മരണം..
‘അവനെ ക്രൂശിക്ക… അവനെ ക്രൂശിക്ക…’
പുരുഷാരത്തിന്റെയാര്ത്തട്ടഹാസം വീണ്ടും തുടരുന്നു…
(1). താടക: ഒരു ദ്രാവിഡ രാജകുമാരി. (രാമായണത്തിലെ കഥാപാത്രം)
(2). ഏകലവ്യന്: വനവാസിയായ രാജകുമാരന് (മഹാഭാരതത്തിലെ കഥാപാത്രം)
(3). ഘടോല്ക്കചന്: ഭീമസേനനു കാട്ടാള സ്ത്രീ ഹിഡിംബിയിലുണ്ടായ പുത്രന്.
(4). ജീന്‍ വാല്ജീന്: വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ എന്ന നോവലിലെ കഥാപാത്രം. റൊട്ടി മോഷ്ടിച്ചതിനു ജയിലിലടക്കപ്പെട്ടു ജീന്‍ വാല്ജീന്.