2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിവേകത്തിന്റെ വഴി

സിദ്ദീഖ് നദ്‌വി ചേരൂര്‍

പ്രപഞ്ചത്തിന് ഒരു താളക്രമമുണ്ട്. ജീവിതത്തിനും വേണം താളവും ക്രമവും. താളം തെറ്റുമ്പോള്‍ എല്ലാം അവതാളത്തിലാകുന്നു. ക്രമം തെറ്റിയ നീക്കങ്ങള്‍ അക്രമമായിത്തീരുന്നു. ചിന്തയില്‍, പെരുമാറ്റത്തില്‍, പ്രവൃത്തിയില്‍, സമീപനത്തില്‍, പ്രതികരണത്തില്‍ എല്ലാം താളപ്പൊരുത്തവും സംയമനവും വേണം.

 

ഏകദൈവ വിശ്വാസം നല്‍കുന്ന ഏറ്റവും വലിയ ഗുണം മാനസികമായ താളവും ഏകാഗ്രതയുമാണ്. വിശ്വാസപരമായ അനിശ്ചിതത്വവും അരാജകത്വവും അകറ്റാന്‍ ‘തൗഹീദിന് ‘ കരുത്തുണ്ട്. ആചാരപരമായ നിഷ്‌ക്രിയത്വവും അതിക്രമവും ചെറുക്കാന്‍ ഇസ്‌ലാമിലെ അനുഷ്ഠാന മുറകള്‍ സഹായിക്കുന്നു.
പ്രശ്‌നങ്ങളോട് നിസ്സംഗഭാവമോ തീവ്രസമീപനമോ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. വിശ്വാസത്തിലും കര്‍മത്തിലും എല്ലാം ഇതുതന്നെ നില. ഒന്നിലും തീരേ വിശ്വസിക്കാത്തവന് നിസ്സംഗത. കണ്ടതിലൊക്കെ വിശ്വാസം അര്‍പ്പിക്കുന്നത് അരാജകത്വവും. ഏകദൈവത്തില്‍ വിശ്വസിക്കുക വഴി രണ്ടിനും ഇടയിലെ നേര്‍ മാര്‍ഗം നാം സ്വീകരിക്കുന്നു.

‘നിശ്ചയം, ഇതാണെന്റെ വഴി, ഋജുവായ വഴി അത് നിങ്ങള്‍ അനുധാവനം ചെയ്യുക. മറ്റു വഴികള്‍ നിങ്ങള്‍ പിന്‍പറ്റരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്രഷ്ടാവിന്റെ സരണിയില്‍നിന്ന് വഴുതിപ്പോകും’ എന്ന ഖുര്‍ആന്‍ വാക്യ (6:153) ത്തിന് ഏറെ ആഴത്തിലുള്ള അര്‍ഥതലങ്ങളുണ്ട്.

പ്രശ്‌നങ്ങളെ നേരിടുന്നതില്‍ നമുക്ക് രണ്ട് രീതികള്‍ ഉണ്ട്. ബുദ്ധിയുടെ വഴിയും മനസിന്റെ വഴിയും. ആദ്യത്തേത് വിവേകത്തിന്റെ വഴിയാണെങ്കില്‍ മറ്റേത് വികാരത്തിന്റെ വഴിയാണ്. ബുദ്ധിയും മനസും രണ്ടു പ്രധാന ഘടകങ്ങളാണ്. പക്ഷേ, ഒന്ന് മറ്റൊന്നിനെ മറികടക്കുകയോ മരവിപ്പിക്കുകയോ ചെയ്യരുത്. ബുദ്ധിയുടെ അതിപ്രസരം ലോകത്തിന്റെ ചലനാത്മകതയ്ക്ക് മങ്ങലേല്‍പ്പിക്കും. എല്ലാം ബുദ്ധിയുടെ തുലാസിലിട്ട് തൂക്കി മാത്രം ചെയ്യാമെന്ന് വന്നാല്‍ മനുഷ്യന്‍ ത്യാഗങ്ങള്‍ക്കോ സാഹസിക കൃത്യങ്ങള്‍ക്കോ മുതിരില്ല. അത് മരവിപ്പിലേക്ക് നയിക്കും. അതുപോലെ മനസിന്റെ വിളി കേട്ട് മാത്രം ഓടിത്തുടങ്ങിയാല്‍ പിന്നെ ഓടാനേ സമയം കാണൂ. അവിടെ ബ്രേക്കിടാന്‍ ബുദ്ധി കടന്നുവരണം.

വിശുദ്ധ ഖുര്‍ആന്‍ സത്യവിശ്വാസികളുടെ ഗുണവിശേഷങ്ങള്‍ വിവരിക്കുന്നിടത്ത് അവരുടെ ധനവ്യയ ശീലത്തെ ഇങ്ങനെ വിശേഷിപ്പിച്ചു. അവര്‍ ചെലവഴിക്കുമ്പോള്‍ അമിതത്വം കാട്ടുകയോ പിശുക്കുകയോ ചെയ്യില്ല. രണ്ടിന്റെയും മധ്യനിലയാണവരുടെ രീതി. (25: 67) ഇത് ധന വ്യയത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന്റെ ശൈലിയാണ്. ആത്മീയത അതിരു കടന്നു ദുന്‍യാവിനെ പാടേ മറക്കുന്ന ‘സന്ന്യാസം’ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ദുന്‍യാവില്‍ അഭിരമിച്ചു ദീനിനെ അവഗണിക്കുന്നതും ഇസ്‌ലാമിക സങ്കല്‍പ്പത്തിന് വിരുദ്ധമാണ്.

ആരാധനകള്‍ പോലും അമിതമാകുമ്പോള്‍ അത് അധര്‍മവും അനീതിയുമാകുന്ന ദര്‍ശനമാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. മൂന്നു പേര്‍ പ്രവാചകജീവിതം പഠിക്കാന്‍ നബി പത്‌നിയെ സമീപിച്ചു. നിത്യജീവിതത്തില്‍ പ്രവാചകന്റെ ദിനചര്യകള്‍ കേട്ടപ്പോള്‍ ഇത്രയേ ഉള്ളു എന്നൊരു തോന്നല്‍. ഏതായാലും നമുക്ക് അത്ര പോരാ. അവര്‍ തീരുമാനം പ്രഖ്യാപിച്ചു. ‘ഞാന്‍ പകല്‍ സ്ഥിരമായി നോമ്പെടുക്കും.’ രണ്ടാമന്‍: ‘ ഞാന്‍ രാത്രി എന്നും ഉറക്കം ഒഴിച്ചു ആരാധനകളില്‍ മുഴുകും.’ ‘ ഞാന്‍ വിവാഹം നിരസിച്ചു സ്ത്രീ സുഖം വേണ്ടെന്നുവയ്ക്കും’ -മൂന്നാമനും ഉറപ്പിച്ചു.

വിവരം അറിഞ്ഞ പ്രവാചകന്‍ മൂന്നു പേരുടെയും നിലപാടുകള്‍ നിരാകരിച്ച് അവിടുന്ന് പ്രഖ്യാപിച്ചു. ഞാന്‍ നിങ്ങളേക്കാള്‍ ഭക്തനാണ്. പക്ഷേ, ഞാന്‍ പകല്‍ നോമ്പെടുക്കുകയും ഇടയ്ക്കിടെ ഉപേക്ഷിക്കുകയും ചെയ്യുന്നു. രാത്രി പ്രാര്‍ഥനയില്‍ മുഴുകുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം നടത്തുകയും ഭാര്യമാരുമായി സല്ലപിക്കുകയും ചെയ്യുന്നു. ഇതാണെന്റെ ചര്യ. എന്റെ ചര്യയെ നിരാകരിക്കുന്നവര്‍ എന്റെ അനുഗാമിയല്ല.(ബുഖാരി: 47:76)

മരണാസന്നനായ പ്രവാചക സഖാക്കളില്‍ ഒരാള്‍ തന്റെ സമ്പാദ്യം മുഴുവന്‍ ദൈവമാര്‍ഗത്തില്‍ ദാനം ചെയ്യാന്‍ അനുമതി ചോദിച്ചു. പ്രവാചകന്‍ സമ്മതിച്ചില്ല. എന്നാല്‍, പകുതി നല്‍കാമെന്ന് സഹാബിവര്യന്‍. അതും അധികമാണെന്ന് പ്രവാചകര്‍. മൂന്നിലൊന്ന് നല്‍കിയാലോ എന്നായി അദ്ദേഹം. അതിനു തിരുനബി സമ്മതം മൂളി, അത് തന്നെ ധാരാളം എന്ന അനുബന്ധത്തോടെ. നിന്റെ ആശ്രിതരെ അന്യരുടെ ഔദാര്യത്തിന് കൈ നീട്ടാന്‍ വിടാതെ, സ്വയം പര്യാപ്തരായി ഉപേക്ഷിക്കുകയാണ് ഉത്തമമെന്നും തിരുനബി കൂട്ടിച്ചേര്‍ത്തു.(ബുഖാരി: 25:91)

അപ്പോള്‍ ദീനും ദുന്‍യാവും സമന്വയിച്ച ഒരു ദര്‍ശനമാണ് ഇസ്‌ലാം ലോകത്തിന് നല്‍കുന്നത്. ഇവ രണ്ടിനും ഇടയിലെ ബാലന്‍സ് തെറ്റുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് .

വിധി വിശ്വാസവും തവക്കുലും (ഭരമേല്‍പ്പിക്കല്‍) ഇസ്‌ലാമിക വിശ്വാസത്തിന്റെ മര്‍മമാണ്. ഇതുപക്ഷേ, നിഷ്‌ക്രിയത്വത്തിനോ ഉദാസീനതയ്‌ക്കോ ഉള്ള അനുമതിപ്പത്രമല്ല. കൈവിട്ടു പോയ സൗഭാഗ്യങ്ങളെ ഓര്‍ത്തു നഷ്ടബോധവും ഇഛാഭംഗവുമായി നടക്കുന്നത് ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. വരാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി അനാവശ്യമായ ഭയപ്പാടും ആശങ്കകളും നിറഞ്ഞ കാഴ്ചപ്പാടും ആര്‍ക്കും ഭൂഷണമല്ല. ആശയ്ക്കും ആശങ്കയ്ക്കും ഇടയിലായിരിക്കണം വിശ്വാസിയുടെ മനസ്.

പ്രശ്‌നങ്ങളോട് വൈകാരികമായി മാത്രം പ്രതികരിക്കുന്ന ചിലരുണ്ട്. അല്ലെങ്കില്‍ അവരാണ് ലോകത്ത് കൂടുതല്‍. ബന്ധങ്ങളിലെ വിള്ളലുകള്‍ക്കും അകല്‍ച്ചകള്‍ക്കും പ്രധാന ഹേതു സംശയങ്ങളും തെറ്റിദ്ധാരണകളും ആണെന്ന് കാണാം. മുന്‍ വിധികളോടെ നാം വ്യക്തികളെയും സംഭവങ്ങളെയും വീക്ഷിക്കുന്നു. പലപ്പോഴും കേട്ടപാതി കേള്‍ക്കാത്ത പാതി എന്ന നില. കേട്ടറിഞ്ഞ കാര്യങ്ങള്‍ വച്ചു നാം പ്രതികരിക്കുന്നു. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. നിജസ്ഥിതി പലപ്പോഴും ഭിന്നമായിരിക്കും.
അത് അന്വേഷിച്ചറിയാന്‍ നമുക്ക് സമയമില്ല. പരിണിതഫലമോ? ദാമ്പത്യ ബന്ധങ്ങള്‍ മുതല്‍ രാഷ്ട്രാന്തരീയ ബന്ധങ്ങള്‍ വരെ തകര്‍ന്നു തരിപ്പണമാകുന്നു. അല്‍പ്പം മനസു വച്ചാല്‍, സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ തീര്‍ക്കാന്‍ കഴിയുന്ന കൊച്ചുകൊച്ചു പ്രശ്‌നങ്ങളാണ് പലപ്പോഴും രൂക്ഷമായി ആളിപ്പടര്‍ന്നു, കുടുംബങ്ങളെയും രാജ്യങ്ങളെയും വിഴുങ്ങിക്കളയുന്ന അഗ്‌നിഗോളമായി മാറുന്നത്. ഇത്തിരി സംയമനത്തിന്റെയും സമവായത്തിന്റെയും പ്രസക്തിയാണിവിടെ തെളിഞ്ഞു വരുന്നത്.

വ്യത്യസ്ത ജനവിഭാഗങ്ങളും ആശയഗതിക്കാരും സാമ്പത്തികമായി വിവിധ തട്ടുകളിലുള്ളവരും ഒരുമിച്ച് ജീവിക്കുന്ന സാഹചര്യങ്ങളില്‍ ആരോഗ്യകരമായ പരസ്പര ബന്ധവും ശാന്തമായ സാമൂഹികജീവിതവും സാധ്യമാകണമെങ്കില്‍ അതീവ ജാഗ്രതയും ശക്തമായ കരുതല്‍ നടപടികളും വേണ്ടിവരും. നിലപാടുകളിലും നടപടികളിലും സംയമനം പാലിച്ചും സമവായത്തിന്റെ മാര്‍ഗം സ്വീകരിച്ചും മാത്രമേ ഇത്തരം ഘട്ടങ്ങളെ നേരിടാന്‍ കഴിയൂ. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും കാണിക്കുന്ന ശുഷ്‌കാന്തി പോലെ തന്നെ ഇതരരുടെ ന്യായമായ അവകാശങ്ങള്‍ മാനിക്കുന്നതിലും അലോസരപ്പെടാത്ത മനസ് കാത്തുസൂക്ഷിക്കാന്‍ സഹായകമായ അന്തരീക്ഷവും സംസ്‌കാരവും രൂപപ്പെട്ടുവരണം. വ്യക്തികളില്‍ മാത്രമല്ല സംഘടനകളിലും പ്രസ്ഥാനങ്ങളിലും ഇത്തരമൊരു ശീലം രൂഢമൂലമാകണം.

പരസ്പരം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിയുന്ന മനസ്ഥിതി പ്രോല്‍സാഹിപ്പിക്കപ്പെടണം. സഹിക്കാനും സഹകരിക്കാനും തയ്യാറുള്ളവരുടെ എണ്ണം പെരുകിവരണം. ശത്രുതയുടെയും സംഹാരത്തിന്റെയും ഭാഷ നിരാകരിക്കപ്പെടണം. സ്വസ്ഥവും സമാധാനപൂര്‍ണവുമായ ജീവിതം എല്ലാവരുടെയും അവകാശമാണ്. സൗഹൃദവും പരസ്പര വിശ്വാസവും കളിയാടുന്ന അന്തരീക്ഷത്തില്‍ മാത്രമേ അത് സാധ്യമാകൂ. അതിനു ഭംഗം വരുത്താന്‍ ശ്രമിക്കുന്നവര്‍ ആരായാലും അവര്‍ സമൂഹത്തിന്റെ പൊതു ശത്രുക്കളാണ്.

അവരെ നേര്‍വഴിയിലേക്ക് തിരിച്ചു കൊണ്ടുവരാനാകണം സമൂഹത്തിന്റെ നല്ല ഭാവി കാംക്ഷിക്കുന്ന എല്ലാവരുടെയും ശ്രമം. നിങ്ങള്‍ നന്‍മയിലും ഭക്തിയിലും അന്യോന്യം സഹകരിക്കുക, പാപത്തിലും ശത്രുതയിലും പരസ്പരം സഹകരണം അരുത്. (വിശുദ്ധ ഖുര്‍ആന്‍: 5:2).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.