2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിവാഹ ശേഷം

വാഫി പിണങ്ങോട്

ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ പതിവിനു വിപരീതമായി അന്ന് പ്രിയതമയുടെ തളര്‍ന്നുവാടിയ മുഖമാണയാളെ വരവേറ്റത്. പുഞ്ചിരിക്കുന്നുണ്ടെങ്കിലും പഴയ ആകര്‍ഷണീയതയില്ല. സംസാരിക്കുന്നുണ്ടെങ്കിലും ഇന്നലെ വരെ കണ്ട പ്രസരിപ്പില്ല. ഉറക്കം വീണ പോലെ പാതി കൂമ്പിയ കണ്ണുകള്‍, പൊടിയും പുകയുമേറ്റ് അവളുടെ സൗന്ദര്യം പോലും മാഞ്ഞുപോകാന്‍ തുടങ്ങിയിരിക്കുന്നു. കല്ല്യാണം കഴിഞ്ഞു രണ്ടുമാസമേ ആയിട്ടുള്ളൂ. അപ്പോഴേക്കും… ഇല്ല ഇനിയും കാത്തിരിക്കാനാകില്ല. അന്നു രാത്രി തന്നെ അയാള്‍ ഫോണെടുത്ത് നമ്പര്‍ ഡയല്‍ ചെയ്തു. ”ഹലോ…”

അപ്പുറത്തൊരു ഞരക്കം. ”വരാറായില്ലേ അമ്മേ… ഇവിടെ സുബിക്ക് തീരെ വയ്യ. അവളൊറ്റക്കായിട്ടു നാലു ദിവസായില്ലേ…” കുറച്ചു നേരത്തെ മൗനം. പിന്നെ കോള്‍ കട്ടായി. രാത്രി ഉറക്കം വരാതെ കിടന്ന ഏതോ ഒരു നിമിഷം അയാളോര്‍ത്തു.
എന്തോ ഒന്ന് ഞാന്‍ അമ്മയോട് ചോദിക്കാന്‍ മറന്നുപോയിട്ടുണ്ട്. അതിപ്പോഴും അമ്മയുടെ മൗനത്തിന്റെ രണ്ടറ്റങ്ങള്‍ക്കിടയില്‍ ചേരുംപടി ചേരാതെ കിടക്കുകയാണ്. ഒരുപക്ഷെ അതിനു വേണ്ടിയായിരിക്കാം പ്രതീക്ഷയോടെ കുറച്ചുസമയം അമ്മ കാത്തിരുന്നത്. വിക്ടോറിയ സീക്രട്ടിന്റെ ഉന്മാദഗന്ധം അയാളുടെ ചിന്തകളെ വീണ്ടും വഴിതെറ്റിച്ചു. സിരകളിലെ അഗ്നികെടുത്താന്‍ അവളെ കരവലയത്തിലൊതുക്കി അവന്‍ നിദ്രക്കൊരുങ്ങി.
പിറ്റേ ദിവസം രാവിലെ കോളിങ് ബെല്ല് കേട്ടാണവരുണര്‍ന്നത്. വാതില്‍ തുറന്നതും 50 കഴിഞ്ഞ ആ വൃദ്ധ ഒന്നും ഉരിയാടാതെ നേരെ പോയത് അടുക്കളയിലേക്കായിരുന്നു. അവരുടെ വലതുകൈ ബെല്‍റ്റിട്ട് നെഞ്ചോടു ചേര്‍ത്തു കെട്ടിയിട്ടിരിക്കുകയായിരുന്നു. എല്ലുതേയ്മാനത്തിനു ചികിത്സയിലാണെന്നോ കൈ വേദനിക്കുന്നുണ്ടെന്നോ അവരാരോടും പരാതി പറഞ്ഞില്ല. ഇടത്തെ കൈ നീട്ടിയ കട്ടന്‍ചായ വാങ്ങി ചൂടോടെ കുടിക്കുമ്പോള്‍ അയാള്‍ ചോദിച്ചു. അമ്മമ്മക്കു സുഖാണോ അമ്മേ..?
”ഉംം…” ഒരു മൂളല്‍ മാത്രം.
കുസൃതിയൊളിപ്പിച്ച ചിരിയോടെ അയാള്‍ പ്രിയതമയെ ഒന്നു നോക്കി. അവന്റെയുള്ളില്‍ അവളോടുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുകയാണെന്ന് അവള്‍ക്കും മനസിലായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.