2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

വിവാഹ തട്ടിപ്പുകള്‍: മഹല്ല് നേതൃത്വം ജാഗ്രത പുലര്‍ത്തണം

കല്ല്യാണങ്ങളിലെ ആഭാസങ്ങള്‍എന്ന തലക്കെട്ടില്‍ ജനുവരി എട്ടിന് മുഷ്താഖ് പൊയിലില്‍ സുപ്രഭാതത്തില്‍ എഴുതിയ കുറിപ്പാണ് ഈ എഴുത്തിന് കാരണം.

കല്ല്യാണങ്ങളിലെ ആഭാസങ്ങള്‍ക്ക് മാത്രമല്ല വിവാഹ തട്ടിപ്പിനെതിരേയും മഹല്ല് കമ്മിറ്റികള്‍ ഉണരേണ്ടതുണ്ട്.വിവാഹത്തിന്റെ പേരില്‍ തട്ടിപ്പുകളും ചൂഷണങ്ങളും ഇന്ന് നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്.അനുഭവങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടേയും ഈ യാഥാര്‍ത്ഥ്യം നാം അറിഞ്ഞുകൊണ്ടിരിക്കുന്നു.

നാട്ടുകാരും വീട്ടുകാരും അറിയാതെ നാടിന്റെ പല ഭാഗങ്ങളിലും വിവാഹം കഴിച്ച് കൂടുന്നവരും,നിലവിലുള്ള ഭാര്യയേയും കുട്ടികളേയും കഷ്ടപ്പെടുത്തി പുനര്‍ വിവാഹത്തിന് മുതിരുന്നവരും,ദാമ്പത്യ ജീവിതത്തിലെ വസന്തകാലം മാത്രം കവര്‍ന്നെടുത്ത് കടന്നു കളയുന്നവരും,പെണ്‍കുട്ടികളുടെ ദാമ്പത്യ പ്രതീക്ഷകള്‍ തച്ചുടച്ച് തടി തപ്പുന്നവരും,കിടപ്പാടം പണയം വെച്ചും പലിശക്ക് കടം വാങ്ങിയും യാചിച്ചും മകളെ കെട്ടിച്ചയക്കുന്ന മാതാപിതാക്കളെ ദുഖത്തിന്റേയും ദാരിദ്ര്യത്തിന്റേയും കണ്ണീര്‍ കയത്തില്‍ മുക്കി നാടു വിടുന്നവരും,യാചനക്കും വിവാഹം കഴിക്കാനും മാത്രം മത പരിവര്‍ത്തനം നടത്തി മതത്തെപ്പോലും ചൂഷണം ചെയ്യുന്നവരും നമ്മുടെ സമൂഹത്തില്‍ അധികരിക്കുമ്പോള്‍ ഇതിനെതിരെ നാം ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

വരന്റെ നാടും വീടും കുടുംബവും വ്യക്തമായി അന്വേഷിച്ചറിയാതെ നടത്തപ്പെടുന്ന വിവാഹങ്ങളാണ് തട്ടിപ്പുകാര്‍ക്ക് അവസരം ഉണ്ടാക്കുന്നത്.
വിവാഹാലോചനയുമായി വരുന്നവന്റെ വിവരങ്ങള്‍ വിശദമായി പഠിച്ച് അയാളുടെ കുടുംബത്തിന്റെയും മഹല്ല് കമ്മിറ്റിയുടേയും അറിവോടും ഉത്തരവാദിത്വത്തോടെയും മാത്രമേ നിക്കാഹ് നടത്തപ്പെടുകയുള്ളൂ എന്ന കര്‍ശന വ്യവസ്ഥ ഓരോ മഹല്ലിലും നടപ്പില്‍ വരുത്തിയാല്‍ ഒരു പരിധിവരെ വിവാഹ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ സാധിക്കും.

സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലുകള്‍ തോറും നടപ്പില്‍ വരുത്തിവരുന്ന വിവാഹ നിയമങ്ങള്‍ ശ്ലാഘനീയമാണ്.ഓരോ മഹല്ല് കമ്മിറ്റിയും അത് കര്‍ശനമായി നടപ്പില്‍ വരുത്തണം.

പാവപ്പെട്ട കുടംബങ്ങളേയാണ് വിവാഹ തട്ടിപ്പുകാര്‍ അധികവും ചൂഷണം ചെയ്യുന്നത്.ഈ കഴിഞ്ഞ റമസാന്‍ മാസത്തില്‍ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ നിന്നും പിടികൂടിയ കൊല്ലം സ്വദേശി ബാദുഷയെ ചൊദ്യം ചെയ്തപ്പോള്‍ മലബാര്‍ പ്രദേശത്തു നിന്ന് ഒമ്പത് വിവാഹം കഴിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയുണ്ടായി.

അത് മുഴുവനും പാവപ്പെട്ട നിത്യ ജീവിതത്തിന് ബുദ്ധിമുട്ടുന്ന കുടുംബത്തില്‍ നിന്നാണ്. പത്താമത്തെ വിവാഹത്തിന് ഒരുങ്ങുമ്പോഴായിരുന്നു ബാദുഷയെ അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയുടെ സഹോദരന്‍ കണ്ട് മുട്ടിയതും പിടികൂടിയതും!!

ഇത്‌പോലെ എത്രയെത്ര ബാദുഷമാര്‍ വിവാഹം കഴിച്ച് പണവും പണ്ടവുമായി മുങ്ങി സുഖമായി ജീവിക്കുന്നുണ്ടാവും?
സ്ത്രീധന രഹിത വിവാഹങ്ങള്‍ പ്രോത്‌സാഹിപ്പിക്കാനും മഹല്ലിലെ വിവാഹ പ്രായമായ പാവപ്പെട്ട പെണ്‍കുട്ടികളെ അനുയോജ്യമായവര്‍ക്ക് വിവാഹം കഴിച്ച് കൊടുക്കുവാനും മഹല്ല് കമ്മിറ്റി ശ്രദ്ധിക്കേണ്ടതുണ്ട്.എങ്കിലും വിവാഹത്തിലെ ആര്‍ഭാട ആഭാസങ്ങങ്ങളുടെ പേരുപറഞ്ഞ് മഹല്ല് കമ്മിറ്റിയേയും ഖത്തീബ് ഖാളി തുടങ്ങിയ മഹത്തായ സ്ഥാനം വഹിക്കുന്നവരെയും ഒന്നിനും കൊള്ളാത്തവരായി അടച്ചാക്ഷേപിച്ച കുറിപ്പുകാരന്റെ നടപടി അതിരുവിട്ടെന്ന് പറയാതെ വയ്യ.

എം കെ അബ്ദുസ്സലാം ദാരിമി,
അടിവാരം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.