
മനുഷ്യനെക്കാള്‍ മൃഗങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സമ്പ്രദായം തള്ളിക്കളയണം
തൊടുപുഴ: വിവാഹ ഉറപ്പിക്കല്‍ കര്മ്മങ്ങളിലെ അമിത പ്രാധാന്യത്തിന് സി.എസ്.ഐ സഭ വിലക്ക് ഏര്‍പ്പെടുത്തി. വിവാഹ ദിനത്തില്‍ നടക്കേണ്ട ചടങ്ങുകള്‍ ഉറപ്പിക്കല്‍ ദിവസം നടത്തുന്ന പ്രവണതയാണ് സി.എസ്.ഐ സഭ ഉപേക്ഷിക്കുന്നത്.
വിവാഹത്തിന്റെ മഹത്വം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഉറപ്പിക്കല്‍ ചടങ്ങുകളില്‍ മോതിരം മാറുന്നതും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും നിര്‍ത്തലാക്കിയതായി സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഡോ. കെ.ജി. ദാനിയേല്‍ പറഞ്ഞു.
മഹായിടവക കൗണ്‍സില്‍ സമ്മേളനം മേലുകാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. വിവാഹ ഉറപ്പിക്കല്‍ കര്‍മ്മങ്ങളില്‍ ശുശ്രൂഷയും സല്‍ക്കാരവും മാത്രമേ ഇനി ഉണ്ടാകൂ.
വിവാഹ മോചനത്തെ അവകാശമായി ലഭിക്കുവാനുള്ള വാദങ്ങളെ ക്രൈസ്തവ സഭകള്‍ക്ക് അംഗീകരിക്കാനാവില്ല. കാരണം വിവാഹമോചനം വേദപുസ്തക വിരുദ്ധമാണെന്ന് ബിഷപ്പ് ദാനിയേല്‍ പറഞ്ഞു. മനുഷ്യനെക്കാള്‍ മൃഗങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന സമ്പ്രദായം തള്ളിക്കളയണം.
മൃഗങ്ങളാല്‍ മനുഷ്യനെ വേട്ടയാടപ്പെടുന്നതിനെ നിയന്ത്രിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നതിന് നിയമനിര്‍മ്മാണം ഉള്‍പ്പെടെ നടപ്പിലാക്കണം. മൃഗത്തിന് വേണ്ടി മനുഷ്യന് എന്ന ചിന്താധാര മാറ്റേണ്ടിയിരിക്കുന്നു.
ഇന്ത്യയെ ഏകമത – ഏകരാജ്യമാക്കി മാറ്റാന്‍ ബോധപൂര്‍വ്വ ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് കൗണ്‍സില്‍ സമ്മേളനം കുറ്റപ്പെടുത്തി.
ക്രൈസ്തവ വിശുദ്ധ അവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസങ്ങള്‍ ആക്കുക, യോഗ അടിച്ചേല്‍പ്പിക്കുക, ഗോ മാംസ വിരുദ്ധ നിയമം എന്നിവയൊക്കെ മത ന്യൂനപക്ഷങ്ങളെ തുടച്ചുമാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ പിന്നിലും ഗൂഢലക്ഷ്യങ്ങളും മേധാവിത്വ ചിന്താഗതികളുമാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
വൈദികരായ വി.എസ്. ഫ്രാന്‍സിസ്, ജസ്റ്റിന് മണി, അഡ്വ. ടി.എല്‍ സാംകൂട്ടി, ഡോ. ജോസ്മോന് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
ദൈവത്തിന്റെ ലോകത്തിനായ് ദൈവവചനം എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ദേവാലയങ്ങളില്നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.