2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വിവാഹപ്രായനിയമം: സമരപുരോഗതി അറിയാന്‍ താല്‍പര്യമുണ്ട്

മുസ്്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ വലിയ ചര്‍ച്ച നടന്നു. മുസ്്‌ലിംകള്‍ക്ക് ചില പ്രത്യേക വിഷയങ്ങളില്‍ ശരീഅത്ത് അനുസരിച്ച് ജീവിതം നയിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കി. അതില്‍പെട്ടതാണ് വിവാഹം. നാളിതുവരെ മുസ്്‌ലിം വിവാഹങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതനുസരിച്ച് നടന്നുവന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ കര്‍ക്കശമാക്കി. ഇതിന് കാരണം പറഞ്ഞത് ആരോഗ്യവും വിദ്യാഭ്യാസവുമായിരുന്നു. 18 വയസിന് മുന്‍പുള്ള വിവാഹം ആരോഗ്യത്തെ ബാധിക്കുമെങ്കില്‍ നമ്മുടെ ഉമ്മമാര്‍ക്കൊന്നും ഇക്കാലത്ത് എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയുമായിരുന്നില്ല. മറ്റൊരു വാദം വിദ്യാഭ്യാസത്തെ ബാധിക്കുമെന്നാണ്. ഇതും യുക്തിക്ക് നിരക്കാത്തതാണ്. മുഴുവന്‍ പെണ്‍കുട്ടികളെയും നേരത്തെ പിടിച്ച് കെട്ടിക്കണമെന്ന് ആരും പറയുന്നില്ല. അവരുടെ വിവാഹം 18 ലോ 25 ലോ 40 ലോ നടക്കട്ടെ. ആ കാരണത്താല്‍ മൊത്തം കുടുംബങ്ങളെയും ദുരിതത്തില്‍ ആക്കരുത്. ശാരീരശാസ്ത്ര പരമായി വളര്‍ച്ചയെത്തിയ പെണ്‍കുട്ടികളെ ചിലപ്രത്യേക സാഹചര്യത്തില്‍ വിവാഹം ചെയ്തയക്കേണ്ടി വരുമ്പോള്‍ അതിന് നിയമക്കുരുക്ക് സൃഷ്ടിക്കുന്നത് ശരിയല്ലെന്നാണ് ന്യായം. പെണ്ണിന്റെ സൈകോളജിയും ബയോളജിയുമറിയാത്ത വിവരദോഷികള്‍ പറയുന്നതിനനുസരിച്ച് നില്‍ക്കാന്‍ വിവരമുള്ളവര്‍ക്കാകില്ലല്ലോ.
 ഇത്തരം മുസ്്‌ലിം ചുവയുള്ള വിഷയങ്ങള്‍ ആളിക്കത്തിക്കാന്‍ ചില പ്രത്യേക മാധ്യമങ്ങള്‍ക്കൊപ്പം സമുദായത്തിന്റെ സ്ഥിരം പ്രതിനിധികളായ കാര-മംഗല്ലൂരികളും പ്രത്യക്ഷപ്പെടാറുണ്ട്. സമുദായം നേരിടുന്ന വിവാഹപ്രായനിയമത്തിലെ ഈ അനീതിക്കെതിരേ മുസ്്‌ലിം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാം ഇപ്പോള്‍ ആറിത്തണുത്ത മട്ടാണ്. വിവാഹ മോചനവിവാദത്തില്‍ ജാഗ്രത കാട്ടുന്നതുപോലെ വിവാഹ പ്രായ വിഷയവും ഗൗരവത്തിലെടുക്കണം. ശരീഅത്ത് നിര്‍ണയിച്ച മാനദണ്ഡങ്ങളില്‍ ലാഘവത്വം കാണിക്കുന്നതാണ് ഫാസിസ്റ്റുകള്‍ക്ക് വളം നല്‍കുന്നതെന്ന് തിരിച്ചറിയണം.

മുഹമ്മദ് ബശീര്‍ കൂട്ടക്കടവത്ത്
ചെറുവാടി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.