
തിരുവനന്തപുരം: കുട്ടനാട്ടിലെ കൃഷിയെ തള്ളിയുള്ള വിവാദ പ്രസ്താവനയില്‍ റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് തെറ്റ് ഏറ്റുപറഞ്ഞെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടത്. സര്‍ക്കാര്‍ നയത്തിനുവിരുദ്ധമായി ഒരു ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ പാടില്ല.
പി.എച്ച് കുര്യന്റെ പരസ്യപ്രസ്താവന വന്നശേഷം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പി.എച്ച് കുര്യനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിനിടയിലാണ് കുര്യന് തെറ്റുപറ്റിയെന്ന് അറിയിച്ചത്. കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാര്‍ നയം. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കുട്ടനാട്ടിലേത് കൃഷിക്കു യോജിച്ച ഭൂമിയല്ലെന്നും ടൂറിസത്തിനാണ് ഇവിടെ പ്രാധാന്യം നല്‍കേണ്ടതെന്നുമായിരുന്നു പി.എച്ച് കുര്യന്റെ വിവാദ പ്രസ്താവന. കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിനെതിരായ പരാമര്‍ശത്തിലും പി.എച്ച് കുര്യന് ഖേദം പ്രകടിപ്പിച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തന്റെ പരാമര്‍ശമെന്നും ഇത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും പി.എച്ച് കുര്യന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും മന്ത്രി വി.എസ് സുനില്‍ കുമാറിനെയും ഫോണില്‍ വിളിച്ച് പറഞ്ഞു.
തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും പി.എച്ച് കുര്യന് അവരെ അറിയിച്ചു. റവന്യൂ മന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടിയതിനുപിന്നാലെയാണ് കുര്യന് ഇരുവരെയും വിളിച്ച് ഖേദം പ്രകടിപ്പിച്ചത്.