2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

വിവാദമായി വീണ്ടും വിവിപാറ്റ്

ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങുകയോ വിവിപാറ്റുകള്‍
50% എണ്ണുകയോ ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

 

കെ.എ സലിം

ന്യൂഡല്‍ഹി: രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വോട്ടിങ് മെഷിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന്റെ സത്യസന്ധത ഉറപ്പാക്കാന്‍ വീണ്ടും പഴയ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങുകയോ 50 ശതമാനമെങ്കിലും വിവിപാറ്റുകള്‍ എണ്ണുകയോ ചെയ്യണമെന്ന് ഡല്‍ഹിയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, മനു അഭിഷേക് സിങ്‌വി, ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ 21 പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് ശേഷമാണ് നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്. വോട്ടിങ് മെഷിനെക്കുറിച്ചുള്ള പരാതികള്‍ ചൂണ്ടിക്കാട്ടി വീണ്ടും സുപ്രിംകോടതിയെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു. അതോടൊപ്പം വോട്ടിങ് മെഷിനെതിരേ രാജ്യവ്യാപകമായി കാംപയിന്‍ സംഘടിപ്പിക്കും.
ആരോപണങ്ങള്‍ ഇങ്ങനെ
ഒരു പാര്‍ട്ടിക്കു വോട്ടു ചെയ്താല്‍ വോട്ട് മറ്റൊരു പാര്‍ട്ടിക്ക് വീഴുന്നു. ലക്ഷക്കണക്കിന് വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതു സംബന്ധിച്ച പരാതികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണിയാല്‍ ഫലപ്രഖ്യാപനത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കൂടുതല്‍ ഉദ്യോഗസ്ഥരെ എണ്ണാന്‍ നിയോഗിച്ചാല്‍ വേഗത്തില്‍ എണ്ണിത്തീര്‍ക്കാം. ഇത് വിശ്വാസ്യതയുടെ പ്രശ്‌നമാണ്. വിവിപാറ്റുകള്‍ എണ്ണുകയെന്നത് ഒഴിവാക്കാന്‍ പറ്റാതായിരിക്കുന്നു. ചെയ്ത വോട്ട് വിവിപാറ്റുകളില്‍ തെളിയുന്ന സമയം 7 സെക്കന്റെന്നത് 3 സെക്കന്റായി കുറച്ചിട്ടുമുണ്ടെന്നും സിങ്‌വി പറഞ്ഞു. ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങുകയെന്നത് സത്യസന്ധമായ തെരഞ്ഞെടുപ്പിന് അനിവാര്യമായി മാറിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രപ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കണമെന്ന ആവശ്യവുമായാണ് താന്‍ മുന്നില്‍ നില്‍ക്കുന്നത്. 191 രാജ്യങ്ങളില്‍ വികസിതമല്ലാത്ത 18 ചെറുരാജ്യങ്ങള്‍ മാത്രമാണ് വോട്ടിങ് മെഷിന്‍ ഉപയോഗിക്കുന്നത്.
സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള ജര്‍മനി ഏതാനും വര്‍ഷം മുമ്പ് വോട്ടിങ് മെഷിന്‍ പരീക്ഷിക്കുകയും വേണ്ടെന്ന് വയ്ക്കുകയും ചെയ്തതായും നായിഡു ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണുന്നത് സംബന്ധിച്ച് ബി.ജെ.പിയുടെയും സഖ്യകക്ഷികളുടെയും നിലപാടെന്താണെന്നും നായിഡു ചോദിച്ചു. ഒരു പാര്‍ട്ടിയൊഴികെ എല്ലാ പാര്‍ട്ടികളും ജനങ്ങളും വോട്ടിങ് മെഷിനില്‍ തട്ടിപ്പ് നടക്കുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എണ്ണാനല്ലെങ്കില്‍ വിവിപാറ്റ് വെറും ഭംഗിക്കുവേണ്ടിയുള്ളതാണോയെന്നാണ് ജനം ചോദിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മറ്റു പാര്‍ട്ടികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് പോകുന്നുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ വോട്ടുകള്‍ മറ്റു പാര്‍ട്ടികള്‍ക്ക് പോകുന്നില്ല. സാധാരണ തകരാറാണേല്‍ അതെങ്ങനെ സംഭവിക്കുന്നു- കെജ്‌രിവാള്‍ ചോദിച്ചു.
രാജ്യത്തെ 70-75 ശതമാനം വോട്ടര്‍മാരുടെ പ്രതിനിധികളായാണ് 21 രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിങ് മെഷിനെതിരേ പരാതിയുന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ ഹരജിയില്‍ ഒരു ലോക്‌സഭാ മണ്ഡലത്തിനുള്ളിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുവീതം ബൂത്തുകളിലെ വിവിപാറ്റുകള്‍ എണ്ണാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ പുനപ്പരിശോധനാ ഹരജി സമര്‍പ്പിക്കുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.