2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

വിവാദം കൊഴുക്കുന്നു, ഖാദര്‍ കമ്മിഷന്‍ നല്‍കിയത് കെ.എസ്.ടി.എ റിപ്പോര്‍ട്ടിന്റെ പകര്‍പ്പോ?

കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഡോ. എം.എ ഖാദര്‍ അധ്യക്ഷനായ വിദഗ്ധ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ പലതും മുന്‍പ് പ്രൊഫ. ജെ പ്രസാദ് ചെയര്‍മാനായ കെ.എസ്.ടി.എ പൊതു വിദ്യാഭ്യാസ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് പകര്‍ത്തിയെഴുതിയതാണെന്ന് ആരോപണം.
പൊതുജനങ്ങളില്‍നിന്നും അധ്യാപക സംഘടനകളില്‍നിന്നും മറ്റും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ഒന്നര വര്‍ഷത്തോളം സമയമെടുക്കുകയും ചെയ്ത വിദഗ്ധ സമിതി കെ.എസ്.ടി.എയുടെ പൊതു വിദ്യാഭ്യാസ കമ്മിഷന്‍ റിപ്പോര്‍ട്ട് കോപ്പിയടിക്കുകയാണ് ഉണ്ടായതെന്നു വിവിധ അധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു.
2014 ഒക്‌ടോബര്‍ ഏഴിനു കോഴിക്കോട് പ്രഥമ സിറ്റിങ് നടത്തിയ കെ.എസ്.ടി.എ കമ്മിഷന്‍ 2017 മാര്‍ച്ച് 20നാണ് ശുപാര്‍ശകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയത്. സി.പി.എം ആഭിമുഖ്യമുള്ള അധ്യാപക സംഘടനയാണ് കെ.എസ്.ടി.എ. കമ്മിഷനില്‍ ഡോ. എം.എ ഖാദര്‍, പ്രൊഫ. സി.പി ചിത്ര, ഡോ. പി സത്യനേശന്‍, ഡോ. സി.രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളും കെ.സി അലി ഇക്ബാല്‍ മെമ്പര്‍ സെക്രട്ടറിയുമായിരുന്നു.
ഡോ. ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി രാമകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായി 2017 ഒക്ടോബര്‍ 10നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചത്. ഇതില്‍ ജി.ജ്യോതിചൂഢന്‍ ഒഴികെയുള്ളവര്‍ കെ.എസ്.ടി.എ കമ്മിഷനില്‍ അംഗങ്ങളായിരുന്നു. 2018 മാര്‍ച്ച് മൂന്നിലെ ഉത്തരവിലൂടെയാണ് വിദഗ്ധ സമിതി ചെയര്‍മാനായി ഡോ. ഖാദറിനെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗമാണ് വിദഗ്ധ സമിതി ഇക്കഴിഞ്ഞ ജനുവരി 24ന് സര്‍ക്കാരിന്റെ പരിഗണനക്ക് സമര്‍പ്പിച്ചത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള വിദ്യാഭ്യാസം ഒരുകുടക്കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും ഇതില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടില്‍ പ്രീ സ്‌കൂള്‍, സ്‌കൂള്‍ പ്രവേശന പ്രായം, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘട്ടങ്ങള്‍, ഘടന-ഭരണ നിര്‍വഹണം, കേരള എജ്യുക്കേഷന്‍ സര്‍വിസ്, കായിക വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം, റിസോഴ്‌സ് അധ്യാപകര്‍, ലൈബ്രേറിയന്‍, നിയന്ത്രണവും മോണിറ്ററിങും, വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജന്‍സികള്‍, അധ്യാപക യോഗ്യത, അധ്യാപക പരിശീലനം, സേവന പൂര്‍വകാല പരിശീലനം എന്നീ ശീര്‍ഷകങ്ങള്‍ക്കു കീഴെ ചേര്‍ത്തിരിക്കുന്ന ശുപാര്‍ശകളില്‍ പലതും കെ.എസ്.ടി.എ കമ്മിഷന്‍ റിപ്പോര്‍ട്ടിലേതാണെന്ന് വലതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു.
കെ.എസ്.ടി.എ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ 157, 159, 169, 265, 318, 320, 342, 343, 348, 360 പേജുകളില്‍ ചേര്‍ത്തിരിക്കുന്ന ശുപാര്‍ശകള്‍ അതേപടി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങളില്‍നിന്നും അധ്യാപക സംഘടനകളില്‍ നിന്നും സ്വീകരിച്ച നിര്‍ദേശങ്ങളെ അപ്പാടെ അവഗണിച്ച് വിദഗ്ധ സമിതി തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ നീക്കമുണ്ടെന്ന സന്ദേഹവും അവര്‍ക്കുണ്ട്. കെ.എസ്.ടി.എ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അവധിക്കാലം, സ്‌കൂള്‍ സമയം, റഫറണ്ടം എന്നിവയുമായി ബന്ധപ്പെട്ട് വിവാദ ശുപാര്‍ശകളും ഉണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഈ ശുപാര്‍ശകളും ഇടംപിടിച്ചിരിക്കാമെന്ന സംശയവും സംഘടനാനേതാക്കളില്‍ ചിലര്‍ക്കുണ്ട്. സംശയദൂരീകരണത്തിനു വിദഗ്ധ സമിതി റിപ്പോര്‍ട്ട് അപ്പാടെ പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.