2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വിലാസം തെളിയിക്കാന്‍ ഇനി പാസ്‌പോര്‍ട്ട് മതിയാകില്ല

ന്യൂഡല്‍ഹി: വ്യക്തിയുടെ വിലാസം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഇനി ഉപയോഗിക്കാന്‍ കഴിയില്ല. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ ആളുടെ പൂര്‍ണ വിലാസം വരുന്നതിനാലായിരുന്നു ഇത് ആധികാരിക രേഖയായി കണക്കാക്കിയിരുന്നത്. എന്നാല്‍, ഇത് ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന് വിദേശകാര്യമന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് വിസ ഡിവിഷനിലെ നിയമ വിദഗ്ധര്‍ പറയുന്നു.
പാസ്‌പോര്‍ട്ടിലെ അവസാന പേജ് ഒഴിച്ചിടുന്ന രീതിയില്‍ പുതിയ പാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയാല്‍ അത് ആധികാരിക രേഖയായി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ശുപാര്‍ശ ലഭിച്ചതായി പാസ്‌പോര്‍ട്ട് ഡിവിഷന്‍ നിയമ-നയകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പറഞ്ഞു.
നിലവില്‍ പാസ്‌പോര്‍ട്ടിന്റെ ഒന്നാം പേജില്‍ വ്യക്തിയുടെ ഫോട്ടോയും പേരും വിവരങ്ങളും അവസാന പേജില്‍ പൂര്‍ണ വിലാസവുമാണ് ഉള്ളത്. 2012 മുതല്‍ പാസ്‌പോര്‍ട്ടില്‍ ബാര്‍കോഡ് ചേര്‍ത്തതിനാല്‍ അത് സ്‌കാന്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ വിഭാഗത്തിന് ലഭിക്കും. എന്നാല്‍, ഈ വിവരങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് ലഭിക്കില്ല. അതുകൊണ്ട് മറ്റിടങ്ങളില്‍ വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നാണ് ശുപാര്‍ശ.
അതേസമയം, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. ഉടന്‍തന്നെ ചില മാറ്റങ്ങള്‍ പാസ്‌പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് വിദേശകാര്യവക്താവ് വ്യക്തമാക്കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.