2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

വിമാനമിറങ്ങിയില്ല; ആറന്മുളയില്‍ വിത്തിറക്കി

ആറന്‍മുളയില്‍ കൃഷിയിറക്കി; വിമാനത്താവളം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി    

പത്തനംതിട്ട: ആറന്മുള വിമാനത്താവളം അടഞ്ഞ അധ്യായമാക്കി പദ്ധതിക്കായി ഏറ്റെടുത്ത പ്രദേശത്ത് വിത്തുവിതച്ചു. തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ രാവിലെ 11 ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിത്തെറിഞ്ഞ് പദ്ധതി ഉദ്ഘാടനം ചെയ്തത്.  വിമാനത്താവളം പദ്ധതിക്കായി മണ്ണിട്ടുനികത്തിയ സ്ഥലമടക്കമുള്ള 58 ഹെക്ടറില്‍ ആറന്മുളയിലെ കര്‍ഷകരും കൃഷിവകുപ്പും സംയുക്തമായാണു കൃഷിയിറക്കുന്നത്. ആറന്മുള എന്‍ജിനിയറിങ് കോളജിന് എതിര്‍വശത്തുള്ള സ്ഥലത്താണു മുഖ്യമന്ത്രി വിത്തിട്ടത്.
ആറന്മുളയില്‍ വിമാനത്താവളം ആവശ്യമില്ല. പരിസ്ഥിതിക്ക് എതിരായതിനാലാണു സി.പി.എം പദ്ധതിയെ എതിര്‍ത്തത്. പദ്ധതിക്കായി കെ.ജി.എസ് കമ്പനി മണ്ണിട്ടു നികത്തിയ സ്ഥലത്തും കൃഷിയിറക്കും. ഇതിനു തടസം നില്‍ക്കുന്ന വ്യവസായമേഖലാ പ്രഖ്യാപനം പിന്‍വലിക്കും.
തങ്ങളുടെ വാദം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നു കെ.ജി.എസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനാലാണ് ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാകുന്നത്. തരിശുനിലത്ത് കൃഷിയിറക്കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ തുടക്കമാണ് ആറന്മുളയിലേത്.
പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് നെല്‍ കൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. കര്‍ഷകരുടെ പക്കലുള്ള നിലങ്ങളിലാകും ആദ്യഘട്ടത്തില്‍ കൃഷിയിറക്കുക. പച്ചക്കറി കൃഷിയും വ്യാപകമാക്കും. പച്ചക്കറിയുടെ കാര്യത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. കൃഷിയിറക്കല്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്കു കൃഷിമന്ത്രി സുനില്‍കുമാര്‍ മറുപടി നല്‍കി.  
ജലവിഭവമന്ത്രി മാത്യു ടി.തോമസ്, എം.എല്‍.എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ, കാര്‍ഷികോല്‍പ്പാദന കമ്മിഷണര്‍ രാജു നാരായണസ്വാമി, ഡയറക്ടര്‍ ബിജു പ്രഭാകര്‍, മുന്‍ എം.എല്‍.എ എം.പത്മകുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി എ.പി. ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, റവന്യൂ-തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.