2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

വിമാനത്താവളത്തില്‍ ലഗേജുകളില്‍ നിന്നും മോഷണം

ഉത്തരവാദിത്വം കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ കസ്റ്റംസ് ശ്രമം

നെടുമ്പാശ്ശേരി: അന്താരാഷ്ട്ര യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും നിരന്തരമായി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതിന്റെ ഉത്തരവാദിത്വം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവക്കാന്‍ കസ്റ്റംസിന്റെ ശ്രമം.
കഴിഞ്ഞ ദിവസം കസ്റ്റംസ് കമ്മിഷണര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇത്തരത്തില്‍ ശ്രമം നടത്തിയത്. ലഗേജില്‍ നിന്നും യാത്രക്കാരുടെ വസ്തുക്കള്‍ മോഷ്ടിക്കപ്പെടുന്നതിന് പിന്നില്‍ ഗ്രൗണ്ട് ഹാന്റ്‌ലി ജീവനക്കാരായിരിക്കാമെന്നും ഇവരെ നിയമിക്കുമ്പോള്‍ വിമാനത്താവള അധികൃതര്‍ ജാഗ്രത പാലിക്കണമെന്നുമാണ് കമ്മിഷണര്‍ പറഞ്ഞത്.
കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയ യാത്രക്കാരാണ് ലഗേജില്‍ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി പരാതി ഉന്നയിച്ചത്.
കരിപ്പൂരില്‍ നാല് മാസത്തിനിടെ ഇരുപതോളം പരാതികളും, നെടുമ്പാശ്ശേരിയില്‍ മൂന്ന് പരാതികളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഒരു കേസില്‍ പോലും ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. വിമാനങ്ങള്‍ ടാക്‌സി ബേയില്‍ നിന്നും പാര്‍ക്കിങ് ബേയിലെത്തി യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയ ശേഷമാണ് ലഗേജുകള്‍ ഇറക്കുന്നത്.ഈ ലഗേജുകള്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ കസ്റ്റംസിന്റെ സ്‌കാനിങ് റൂമിലേക്കാണ് എത്തുന്നത്. വിമാനത്തില്‍ നിന്നും ലഗേജുകള്‍ ഇറക്കി കണ്‍വെയര്‍ ബെല്‍റ്റില്‍ കയറ്റുന്നത് വരെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാരുടെ ഓരോ ചലനവും സൂക്ഷമമായി നിരീക്ഷിക്കാന്‍ സി.സി ടി.വി കാമറകളും വിമാനത്താവളങ്ങളില്‍ സജ്ജമാണ്. മാത്രമല്ല സ്വര്‍ണകടത്ത് സംഘങ്ങള്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ് തൊഴിലാളികളെ ഉപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവരെ ഓരോ ദിവസവും കര്‍ശനമായ പരിശോധനകള്‍ക്കും വിധേയമാക്കുന്നുണ്ട്.
ലഗേജുകള്‍ കുത്തിതുറന്നാണ് മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിച്ചിരിക്കുന്നത്. പരാതി ഉയര്‍ന്നപ്പോള്‍ തന്നെ മുഴുവന്‍ സി.സിടി.വി ദൃശ്യങ്ങളും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചെങ്കിലും ഒരു പരാതിയില്‍ പോലും ഗ്രൗണ്ട് ഹാന്റെ്‌ലിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കമ്മീഷണറുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ട ചില യാത്രക്കാര്‍ ഇക്കാര്യത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയിരുന്നു. ഇത് മനസ്സിലാക്കി ഇതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം കരാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടി വക്കാനാണ് കമ്മിഷണറുടെ ശ്രമം. ഇക്കാര്യത്തില്‍ കരാര്‍ ജീവനക്കാര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടായിരുന്നെങ്കില്‍ അത് ‘മാര്‍ഗ്ഗ തടസ്സങ്ങളില്ലാത്ത ‘ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കമ്മിഷണറുടെ പ്രസ്താവനക്കെതിരെ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വിഭാഗത്തിലെ കരാര്‍ ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം ശക്തമായിരിക്കുകയാണ്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് യു.കെയില്‍ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ ദമ്പതികളുടെ ബാഗേജില്‍ നിന്നും വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ നെടുമ്പാശ്ശേരി പൊലിസിന്റെയും വിമാനത്താവള അധികൃതരുടെയും സാന്നിധ്യത്തിന്‍ ലഗേജ് വിമാനത്തില്‍ നിന്നും ഇറക്കുന്നത് മുതല്‍ ഇവര്‍ കൈപ്പറ്റുന്നത് വരെയുള്ള തുടര്‍ച്ചയായ സി.സി ടി.വി ദൃശ്യങ്ങള്‍ പരാതിക്കാര്‍ക്ക് കാണിച്ചു കൊടുത്താണ് കവര്‍ച്ച നടന്നത് നെടുമ്പാശ്ശേരിയില്‍ വച്ചല്ലെന്ന് ബോധ്യപ്പെടുത്തിയത്.
ഇത്തരത്തില്‍ വിദേശയാത്രക്കാര്‍ വിമാനത്തില്‍ കയറി ഇവിടെ എത്തുന്നതിന് മുന്‍പുള്ള ഏതെങ്കിലും വിമാനത്താവളങ്ങളില്‍ കവര്‍ച്ച നടക്കുന്നതായാണ് വ്യക്തമാകുന്നത്.

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.