2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിമാനജീവനക്കാരനെ ചെരുപ്പൂരിയടിച്ച എം.പിയെ തള്ളി സര്‍ക്കാരും സ്പീക്കറും

വ്യോമയാന ഡയരക്ടറേറ്റിന്റെ മാര്‍ഗനിര്‍ദേശമാണ് വിമാനകമ്പനികള്‍
സ്വീകരിച്ചത്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ പിന്തുണയ്ക്കാതെ കേന്ദ്ര സര്‍ക്കാരും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനും. വിമാനക്കമ്പനികള്‍ എം.പിക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിക്കണമെന്ന് ശിവസേന ലോക്‌സഭയില്‍ ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാരും സ്പീക്കറും എം.പിയുടെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി സംഭവത്തെ അനുകൂലിക്കാന്‍ തയാറാകാതിരുന്നത്.
എയര്‍ ഇന്ത്യാ ജീവനക്കാരനെ മര്‍ദ്ദിച്ച എം.പിയുടെ നടപടി ശരിയല്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു വ്യക്തമാക്കി. നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്നും വിമാന സര്‍വീസുകളില്‍ മികച്ച സുരക്ഷ സജ്ജീകരണങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു. ഒരു എം.പി ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
സിവില്‍ വ്യോമയാന ഡയരക്ടറേറ്റിന്റെ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് ഗെയ്ക്ക്‌വാദിനെതിരേ നടപടിയുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു. വിഷയത്തില്‍ സ്പീക്കര്‍ സുമിത്ര മഹാജനും എം.പിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞു.
ശിവസേനയുടെ ആനന്ദ്‌റാവു അദ്‌സുലാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. ഗെയ്ക്ക്‌വാദിന്റെ യാത്രാ വിലക്ക് നീക്കാന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും അടുത്തിടെ കപില്‍ ശര്‍മ വിമാനത്തില്‍ മോശമായി പെരുമാറിയ സംഭവവമുണ്ടായെന്ന കാര്യവും ചൂണ്ടിക്കാട്ടിയെങ്കിലും എം.പിയുടെ നിലപാട് തെറ്റാണെന്ന കാര്യത്തില്‍ മന്ത്രി ഉറച്ചു നിന്നു.
പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഗെയ്ക്ക് വാദിന്റെ പെരുമാറ്റം ന്യായീകരിക്കാവുന്നതല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇതു ശരിയായ സന്ദേശമല്ല നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സ്ഥാപനങ്ങളിലും ന്യൂനപക്ഷ കമ്മിഷനുകളിലെയും ഒഴിവുകള്‍ നികത്താതിനെച്ചൊല്ലി രാജ്യസഭയിലും ഇന്നലെ പ്രതിപക്ഷം ബഹളമുണ്ടായി. ഏറെക്കാലമായി ന്യൂനപക്ഷ കമ്മിഷന്‍ ഉള്‍പ്പടെയുള്ള പല സ്ഥാപനങ്ങളിലും നിയമനം നടക്കുന്നില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.