2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വിമാനക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാളി നിരവധി പേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി പരാതി

സി.എച്ച്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനിലെ പ്രമുഖ വിമാനക്കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി നിരവധി പേരെ ഒരു പ്രവാസി മലയാളി വഞ്ചിച്ചതായി പരാതി. ഒരു പൊലിസുകാരന്‍ എന്ന വ്യാജേനെയെത്തിയ പ്രവാസി മലയാളി നിരവധി പേരില്‍ നിന്നു പണംവാങ്ങി വഞ്ചിച്ചതെന്നാണ് പരാതി.

വൈകാതെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നാട്ടിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും പണം വാങ്ങി ഇദ്ദേഹത്തിന് നല്‍കിയവരാണ് ഇതോടെ വെട്ടിലായത്. ഓരോ വിസയ്ക്കും 1000 ബഹ്‌റൈന്‍ ദിനാര്‍ (ഏകദേശം 1,70,000 ഇന്ത്യന്‍ രൂപ) വീതമാണ് ഇവര്‍ ഓരോരുത്തരും നാട്ടിലുള്ള ഉദ്യോഗാര്‍ഥികളുടെ കൈയില്‍ നിന്ന് പിരിച്ചു നല്‍കിയത്.

ഇപ്രകാരം 158 പേരില്‍ നിന്നായി 1000 ദിനാര്‍ വീതം വാങ്ങി മലയാളി ‘പൊലിസുകാരന്‍’ വഞ്ചിച്ചതായി തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നു പണം ശേഖരിച്ച് നല്‍കി കബളിപ്പിക്കപ്പെട്ട കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി ജോസഫ് പറഞ്ഞു.

ജോസഫ് ബഹ്‌റൈനിലെ ഒരു ഇന്റീരിയര്‍ കമ്പനിയിലായിരുന്നു നേരത്തെ ജോലി ചെയ്തിരുന്നത്. അവിടെ നിന്ന് ശമ്പളം ലഭിക്കാത്ത് അവസ്ഥയുണ്ടായപ്പോഴാണ് ഇവിടെ വിമാനക്കമ്പനിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും പൊലിസില്‍ ജോലി ചെയ്യുന്ന ഒരു മലയാളിയുടെ ശിപാര്‍ശ ഉണ്ടെങ്കില്‍ അവിടെ ജോലി ലഭിക്കുമെന്നും അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് പൊലിസുകാരനായി ചമഞ്ഞ മലയാളിയുടെ അടുക്കലെത്തിയത്.

അദ്ദേഹത്തെ സമീപിച്ചപ്പോള്‍ 90 ദിവസത്തിനകം ജോലി ലഭ്യമാകുമെന്നും ഇതിനായി 1000 ദിനാര്‍ വിസയ്ക്ക് നല്‍കണമെന്നും ഈ പണം വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്ന പാക്കിസ്താന്‍ സ്വദേശിക്ക് നല്‍കാനുള്ളതാണെന്നും ജോസഫിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഇദ്ധേഹം പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത് എന്ന് ധരിച്ചാണ് താനും മറ്റു ചിലരും ഇദ്ധേഹത്തിന് പണം സംഘടിപ്പിച്ച് നല്‍കിയതെന്നും ജോസഫ് പറഞ്ഞു.

പറഞ്ഞ സമയം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതായ ഉദ്യോഗാര്‍ഥികള്‍ വിസയ്ക്ക് വേണ്ടി നല്‍കിയ പണമെങ്കിലും മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരികയായിരുന്നു. എന്നാല്‍, തന്നെ വിമാനകമ്പനിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ കബളിപ്പിച്ചു എന്ന് പറഞ്ഞ് ഇപ്പോള്‍ ‘പൊലിസുകാരന്‍’ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്.

ഇലക്ട്രിക്കല്‍, അഡ്മിന്‍, മെയിന്റനന്‍സ് തുടങ്ങിയ വിഭാഗങ്ങളില്‍ ഉയര്‍ന്ന ശമ്പളവും താമസസൗകര്യവും ഓവര്‍ ടൈമും അടക്കമുള്ള ജോലിയാണ് ഇദ്ദേഹം നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ ഒരു മാസം കാത്തു നിന്നിട്ടും ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല ഫോണും എടുക്കാതായതിനെ തുടര്‍ന്ന് നേരില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ കബളിക്കപ്പെട്ടതായി ‘പൊലിസുകാരന്‍’ അറിയിച്ചത്. ഇദ്ധേഹം പണം ഏല്‍പ്പിച്ച വിമാനക്കമ്പനിയിലെ ഉദ്യോഗസ്ഥനായ പാക്കിസ്താന്‍ സ്വദേശി ഇതിനിടെ രാജ്യം വിട്ടുപോയെന്നും അദ്ധേഹം പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News