2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

പ്രതിസന്ധിക്കിടയിലും തിരൂരിന്റെ വെറ്റിലപ്പെരുമ കാത്ത് കര്‍ഷകര്‍

കെ. പ്രവീണ്‍കുമാര്‍

തിരൂര്‍: വിദേശരാജ്യങ്ങളില്‍ വരെ പേരുകേട്ട തിരൂര്‍ വെറ്റിലയുടെ വിപണനവും കൃഷിയും ഗണ്യമായി കുറഞ്ഞെങ്കിലും പെരുമ കൈവിടാതെ കര്‍ഷകര്‍. പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി നിലച്ചതോടെ പ്രതിസന്ധിയിലായ വെറ്റില കൃഷി പക്ഷേ കൈവിടാതെ കാക്കുകയാണ് പാരമ്പര്യകര്‍ഷകരായ ഇന്നാട്ടുകാര്‍. തിരൂര്‍ ചെമ്പ്ര, മീനടത്തൂര്‍, വൈലത്തൂര്‍, താനൂര്‍ മോര്യ, വടക്കേ മുക്കോല, കിഴക്കേ മുക്കോല, വെള്ളിയാമ്പുറം, പുല്‍പ്പറമ്പ് ചെരങ്ങര മേഖലകളിലാണ് വെറ്റില കൃഷി.
രണ്ട് വര്‍ഷം മുന്‍പ് വരെ സജീവമായിരുന്ന വെറ്റില വിപണി കയറ്റുമതിയിലെ ഇടിവോടെയാണ് പ്രതിസന്ധിയിലാകുകയായിരുന്നു. കിഴക്കേ ചെമ്പ്ര, പടിഞ്ഞാറെ ചെമ്പ്ര, മീനടത്തൂര്‍ മേഖലകളില്‍ മുന്‍പ് അഞ്ചൂറില്‍പ്പരം വെറ്റില കര്‍ഷകരുണ്ടായിരുന്നത് ഇന്ന് നൂറോളമായി ചുരുങ്ങി.
വിപണിയിലെ ഇടിവും തൊഴിലാളികളുടെ കൂലി വര്‍ധനവും കൂടിയായപ്പോള്‍ പലരും വെറ്റില കൃഷി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പാരമ്പര്യമായി കൃഷി തുടര്‍ന്നവര്‍ ഇപ്പോഴും പെരുമ മുറുകെ പിടിച്ച് കൃഷിയിറക്കുന്നുണ്ട്. പ്രധാനമായും പാക്കിസ്ഥാന്‍, ശ്രീലങ്ക പോലുള്ള അയല്‍രാജ്യങ്ങളിലേക്കായിരുന്നു തിരൂര്‍ വെറ്റിലയുടെ കയറ്റുമതി. ഇതില്‍ ഇടിവ് സംഭവിച്ചതോടെ രാജ്യത്തെ തന്നെ അന്യസംസ്ഥാനങ്ങളിലേക്ക് മാത്രമായി വിപണി ചുരുങ്ങി. അതോടെ കൃഷിയും കുറയുകയായിരുന്നു. നാല്‍പത് വര്‍ഷമായി ഈ രംഗത്തുള്ള മീനടത്തൂര്‍ മാപ്പാട് ഇയ്യാത്തിയില്‍ വീട്ടില്‍ ബാവു കഴിഞ്ഞ വര്‍ഷം അറുപത് വെറ്റിലക്കൂട്ടം ഇറക്കിയിരുന്നു.
എന്നാല്‍ ഈ വര്‍ഷമത് 33 ആക്കി ചുരുക്കി. നൂറുവെറ്റിലയ്ക്ക് കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് 20 രൂപയാണ്. ഇത്രയും വെറ്റില നുള്ളാന്‍ തൊഴിലാളിയ്ക്ക് 11 രൂപ കൂലി കൊടുക്കണം. വെറ്റിലക്കൊടി പടര്‍ത്താന്‍ കവുങ്ങ് വേണം. ആവശ്യത്തിന് കിട്ടാനുമില്ല, കിട്ടിയാല്‍ തന്നെ നല്ല വിലയും കൊടുക്കണം. വളമായി നല്‍കുന്ന ആട്ടിന്‍കാട്ടത്തിനും കോഴിക്കാട്ടത്തിനും അത്യാവശ്യം വിലയുമുണ്ട്. സാഹചര്യം ഇങ്ങനെയൊക്കെയാണെങ്കിലും പാരമ്പര്യമായി കൈമാറി വന്ന വെറ്റില കൃഷി തുടര്‍ന്ന് പോകുകയാണെന്ന് അറുപത്തിരണ്ടുകാരനായ ബാവു പറഞ്ഞു. കിഴക്കേ ചെമ്പ്ര, പടിഞ്ഞാറെ ചെമ്പ്ര മേഖലകളിലാണ് കൂടുതല്‍ കര്‍ഷകര്‍ വെറ്റില കൃഷി ചെയ്യുന്നത്.

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.