2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വിപണിയില്‍ പിടിമുറുക്കി വ്യാജ വെളിച്ചെണ്ണ

കൊഴിഞ്ഞാമ്പാറ: സംസ്ഥാനത്ത് തേങ്ങവിലക്കൊപ്പം വെളിച്ചെണ്ണക്കും കുത്തനെ ഉയര്‍ന്നതോടെ വിപണിയില്‍ വ്യാജവെളിച്ചെണ്ണ വില്‍പന തകൃതിയാവുന്നു. നേരത്തെ വ്യാജവെളിച്ചെണ്ണ വിപല്‍പനക്കെതിരേ പരിശോധനകള്‍ ശക്തമാക്കിയതോടെ നിലച്ചുപോയ വിപണി വീണ്ടും സജീവമായിരിക്കുകയാണ്.
വിപണിയില്‍ വെളിച്ചെണ്ണക്ക് 230 രൂപയോളമെത്തിയതോടെയാണ് 150-180 രൂപക്ക് വ്യാജ വെളിച്ചെണ്ണ അതിര്‍ത്തി എത്തുന്നത്. വ്യാജവെളിച്ചെണ്ണ കടകളില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതോടെ ഇടക്കാലത്ത് കടകളില്‍ നിന്നും അപ്രതീക്ഷിതമായ വ്യാജനാണ് വീണ്ടും വിപണി കയ്യടക്കുന്നത്.
നാളികേരത്തിന് കിലോക്ക് 60 ലെത്തിയതോടെ ഇനിയും വെളിച്ചെണ്ണവിലയുയരാനാണ് സാധ്യതയുള്ളത്.
എന്നാല്‍ തമിഴ്‌നാട്ടിലെ ട്രിച്ചി, സേലം, കരൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് സംസ്ഥാനത്തേക്ക് വ്യാജ വെളിച്ചെണ്ണ എത്തുന്നത്. പാംകര്‍ണല്‍ ഓയില്‍ കലര്‍ത്തിയ എണ്ണയാണ് കൂടുതലും അതിര്‍ത്തി കടക്കുന്നത്.

സ്വര്‍ണം, കേരപ്ലസ്, റാണി മയൂരി, എവര്‍ഗ്രീന്‍ എന്നീ നിരവധി പേരുകളിലാണ് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ കടകകളില്‍ വില്‍ക്കുന്നത്. 100 ഗ്രാമിന്റെ പാക്കറ്റിന് 13 രൂപയും 200 ഗ്രാമിന്റെ 23 ഉം അരലിറ്ററിന് 70 ഉം ഒരു ലിറ്റര്‍ 140 ഉം മാണ് വില. എന്നാല്‍ പാക്കറ്റുകളില്‍ വിലരേഖപ്പെടുത്താത്തതില്‍ വ്യാപാരികള്‍ തോന്നിയ വിലക്കാണ് ഇത്തരം വെളിച്ചെണ്ണ വില്‍ക്കുന്നത്.

പൊതുവിപണിയില്‍ വെളിച്ചെണ്ണ വിലയുയരുമ്പോഴും സഹായകമാവേണ്ട സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ 46 രൂപയുടെ അര ലിറ്റര്‍ പാക്കറ്റുമാണ് സബ്‌സിഡിയില്‍ നല്‍കുന്നതെന്നിരിക്കെ ഇതില്‍ ഭൂരിഭാഗം കസ്റ്റമര്‍ക്കും കിട്ടാത്തതിനാല്‍ 210 രൂപ നല്‍കി സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ നിന്നം ശബരി വെളിച്ചെണ്ണ വാങ്ങേണ്ട ഗതികേടാണ്.

ശബരി വെളിച്ചെണ്ണ ഇല്ലാതാക്കി ഔട്ട്‌ലെറ്റുകളില്‍ മറ്റുകമ്പനികളുടെ വെളിച്ചെണ്ണ എം.ആര്‍.പി വിലയിലും കുറച്ച് വില്‍ക്കുകയാണ് ചെയ്യുന്നത്.
എന്നാല്‍ സപ്ലൈക്കോ പീപ്പിള്‍ ബസാറുകളിലെത്തുന്ന ശബരി വെളിച്ചെണ്ണ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കരിഞ്ചന്തിയില്‍ മറിച്ചുവില്‍ക്കുന്നതായും ആരോപണമുയരുന്നുണ്ട്.
അതിര്‍ത്തി കടന്നെത്തുന്ന നിലവാരം കുറഞ്ഞ വെളിച്ചെണ്ണയുടെ വിപണനം തടയാനോ ഇവയുടെ ഗുണനിലവാരംപരിശോധിക്കാനോ ആരോഗ്യവകുപ്പും തയ്യാറാകാത്തതാണ് വിപണിയില്‍ വ്യാജന്മാര്‍ പിടിമുറുക്കുന്നതിനു കാരണം. ഇത്തരത്തില്‍ ഒറിജിനലിനെ വെല്ലുന്ന വ്യാജ വെളിച്ചെണ്ണയുടെ ഉപയോഗം മൂലം മാരകരോഗങ്ങള്‍ വരെ പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് പറയുന്നത്.

വ്യപാരികള്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്നതിനാലും ക്രഡിറ്റ് സൗകര്യം നല്‍കുന്നതിനാലുമാണ് മിക്ക വ്യാപാരികളും ഇവയുടെ വില്‍പനക്കും പിന്നില്‍.
അതിര്‍ത്തിയിലെ പരിശോധനകള്‍ പോലുമില്ലാതെ നിഷ്പ്രയാസം കടന്നെത്തുന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോലുമില്ലാത്ത ഇത്തരം വ്യാജ വെളിച്ചെണ്ണ വില്‍പന തടയണമെന്നാവശ്യം ശക്തമാവുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.