2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ പതിയിരുന്നിട്ടും സുരക്ഷയൊരുക്കാതെ അധികൃതര്‍

ഫോട്ടോയെടുക്കുന്നതിനിടെ കെട്ടുങ്ങല്‍ കടവില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു

ജാഫര്‍ കല്ലട

നിലമ്പൂര്‍: ജില്ലയിലെ പ്രധാന ജല ടൂറിസം കേന്ദ്രമായ ചാലിയാര്‍ പഞ്ചായത്തിലെ കാഞ്ഞിരപ്പുഴ, കുറുവന്‍പുഴ എന്നിവയിലെ കടവുകളില്‍ അപകടം പതിയിരിക്കുമ്പോഴും വേണ്ട സുരക്ഷാ സംവിധാനമൊരുക്കാതെ വനം-ടൂറിസം വകുപ്പുകളും പൊലിസും. ആഢ്യന്‍പാറ, കോഴിപ്പാറ, വെണ്ണേക്കോട്, കെട്ടുങ്ങല്‍ കടവ് എന്നിവിടങ്ങളിലായി ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 22 പേര്‍ അപകടത്തില്‍ മരിച്ചിട്ടും അപകട സാധ്യത ഏറെയുള്ള ഭാഗങ്ങളില്‍ ഒരു നിയന്ത്രണവുമില്ലാതെയാണ് വിനോദസഞ്ചാരികള്‍ കടന്നെത്തുന്നത്.
കോഴിപ്പാറ, ആഢ്യന്‍പാറ എന്നിവിടങ്ങളില്‍ വനം-ടൂറിസം വകുപ്പുകള്‍ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും കുറുവന്‍ പുഴയുടെ ഏറ്റവും അപകടം നിറഞ്ഞ വെണ്ണേക്കോട് കെട്ടുങ്ങല്‍ കടവിലടക്കം ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. ജില്ലാ കലക്ടര്‍ക്ക് വെണ്ണേക്കോട് ആദിവാസി കോളനി നിവാസികള്‍ നേരിട്ട് പരാതി നല്‍കുകയും നിലമ്പൂര്‍ സി.ഐ, നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു. കെട്ടുങ്ങല്‍ കടവില്‍ വനം വകുപ്പ് സുരക്ഷയുടെ ഭാഗമായി ഒരു വാച്ചറെയെങ്കിലും നിയമിക്കണമെന്നാണ് കോളനി നിവാസികളുടെ പ്രധാന ആവശ്യം. ഇന്നലെ പന്ത്രണ്ടരയോടെ കെട്ടുങ്ങല്‍ കടവില്‍ നിലമ്പൂര്‍ നല്ലന്തണ്ണി കൊയപ്പാന്‍ വളവിലെ രബീഷ് അപകടത്തില്‍ മരിച്ച ശേഷവും നിരവധി ടൂറിസ്റ്റുകളാണ് ഇതൊന്നുമറിയാതെ ഇവിടെ എത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കടവ് കാണാനെത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മൂന്നാള്‍ക്ക് താഴ്ചയുള്ള കടവാണിത്. നന ഞ്ഞ് കിടക്കുന്ന കല്ലുകള്‍ ഏറെ വഴുക്കുന്നതാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗമാണിത്. നിലമ്പൂരില്‍ നിന്നു കക്കാടംപൊയില്‍ വിനോദ സഞ്ചോര കേന്ദ്രത്തിലേക്കുള്ള വഴിമധേയാണ് മനോഹരമായ കെട്ടുങ്ങല്‍ കടവ് ഉള്ളത്. കാഴ്ചക്കാരായി എത്തുന്നവര്‍ പുഴയിലേക്ക് വഴുതി വീഴുകയാണ്. പാറക്കൂട്ടങ്ങള്‍ ഉള്ളതിനാല്‍ തലയടിക്കുന്നതും പതിവാണ്.
മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ അപകടം. തലശ്ശേരിയിലെ രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരന്‍ എടവണ്ണ സ്വദേശി അടുത്തിടെയാണ് ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മദ്യപാന സംഘങ്ങള്‍ ഉള്‍പ്പെടെ സുരക്ഷിത താവളമെന്ന നിലയിലാണ് ഒരു നിയന്ത്രണവുമില്ലാത്ത ഈ ടൂറിസം കേന്ദ്രങ്ങളിലേക്ക് പലരും എത്തുന്നത്. ഈ മഴക്കാലം കഴിയും വരെയെങ്കിലും കോഴിപ്പാറ, ആഢ്യന്‍പാറയും ഒഴികെയുള്ള മറ്റെല്ലാ കടവുകളിലും ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.
അല്ലാത്ത പക്ഷം വിലപ്പെട്ട മനുഷ്യജീവനുകള്‍ ഇവിടെ വീണ്ടും പൊലിയാന്‍ ഇടയാകും. മൂലേപ്പാടം പാലത്തിന് സമീപം വനം വകുപ്പ് ഒരു ഔട്ട് പോസ്റ്റ് സ്ഥാപിക്കുകയും ഇവിടെ പൊലിസിന്റെ കൂടെ സേവനം ഉറപ്പാക്കുകയും ചെയ്താല്‍ മദ്യമുള്‍പ്പെടെയുള്ള സന്നാഹത്തോടെ പോകുന്നവരെ നിയന്ത്രിക്കാന്‍ കഴിയും. നിലവില്‍ അകമ്പാടം കഴിഞ്ഞാല്‍ പിന്നീട് ഒരു പരിശോധനയും നേരിടേണ്ടി വരില്ലെന്നതിനാല്‍ ഇത്തരക്കാര്‍ ഇവിടേക്കെത്താന്‍ കാരണം. ടൂറിസ്റ്റുകള്‍ അപകടം നിറഞ്ഞ സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിനും മറ്റും ശ്രമിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. തെന്നിക്കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടിയിലാണ് പ്രധാന കടവുകള്‍ ഉള്ളത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.