2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിധിയെഴുത്ത് കഴിഞ്ഞു: കൂട്ടിയും കിഴിച്ചും മുന്നണികള്‍

ഒലവക്കോട്: വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ കണക്കുകള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന പാലക്കാട് ഇത്തവണയും തീപാറിയ പോരാട്ടമാണ് നടന്നത്. സിറ്റിങ് എം.പി എംബി രാജേഷും ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠനും നഗരസഭാ ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാറും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്.
പാലക്കാട് 77.60 ആലത്തൂര്‍ 79.81 ശതമാനമാണ് പോളിങ്. മൂന്നാംമൂഴത്തിനായി എം.പി രാജേഷും കന്നിയങ്കത്തില്‍ വെന്നിക്കൊടി നാട്ടാന്‍ ശ്രമിക്കുന്ന ശ്രീകണ്ഠനും ബി.ജെ.പി എം.പിയാവാന്‍ കൃഷ്ണകുമാറും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു നടന്നത്. ശബരിമല വിഷയം മുതല്‍ നഗരത്തിലെ രണ്ടുമാസം നീണ്ട മാലിന്യ പ്രശ്‌നം വരെ വിഷയമാക്കിയായിരുന്നു മുന്നണികളുടെ പ്രചാരണം. എന്നാല്‍, ഒന്നരമാസക്കാലത്തെ കാത്തിരിപ്പിനു ശേഷം വിധിയെഴുത്ത് കഴിഞ്ഞെങ്കിലും മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും നെഞ്ചില്‍ ചങ്കിടിപ്പുകൂടുകയാണ്. റിസല്‍ട്ടറിയാന്‍ ഒരുമാസക്കാലം കാത്തിരിക്കണമെന്നിരിക്കെ രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ഏറ്റവും കൂടുതല്‍ വോട്ടുകച്ചവടം നടക്കുന്ന ജില്ലകൂടിയാണ് പാലക്കാടെന്നിരിക്കെ ഇത്തവണയും എത്രത്തോളം വോട്ട് ചോരുമെന്നാണറിയേണ്ടത്. കോണ്‍ഗ്രസ്, സി.പി.എം ആധിപത്യമുള്ള മണ്ഡലങ്ങളില്‍പ്പോലും നടന്നിട്ടുള്ള വോട്ടുകച്ചവടം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാലക്കാട്ടെ ഇടതു -വലതു പക്ഷ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തീര്‍ത്തിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ പടലപിണക്കങ്ങളും വിഭാഗീയതയുമൊക്കെ ഇത്തവണ പാലക്കാടിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിവയ്ക്കപ്പെടുമോയെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ഇടതിനു സ്വാധീനമുള്ള, മലമ്പുഴ, മുണ്ടൂര്‍, കോങ്ങാട്, പിരായിരി, കുഴല്‍മന്ദം, കോട്ടായി, ചിറ്റൂര്‍ വോട്ടും വലതിന് ആധിപത്യമുള്ള മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, പട്ടാമ്പി മണ്ഡലങ്ങളിലെ വോട്ടും മുന്നണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഷൊര്‍ണ്ണൂര്‍ എം.എല്‍.എ ശശിയുടെ പീഡനകേസും ചെര്‍പ്പുളശ്ശേരിയിലെ പാര്‍ട്ടി ഓഫിസിലെ കേസുമൊക്കെ ഇത്തവണ ഇടതിനെ എത്രത്തോളം ബാധിക്കുമോയെന്നാണ് ഇനിയറിയാനുള്ളത്.
എന്നാല്‍ കഴിഞ്ഞ തവണ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ നേടിയ വോട്ടിനേക്കാള്‍ ഭൂരിപക്ഷം കൂടുമെന്ന് സി. കൃഷ്ണകുമാര്‍ അവകാശപ്പെടുമ്പോഴും നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ വോട്ടുകുറക്കാനിടയാക്കും.
നഗരത്തിലെ ഒന്നാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശത്തെ ബി.ജെ.പി വോട്ടുകള്‍ കോണ്‍ഗ്രസ് പിടിച്ചതും മലമ്പുഴ മണ്ഡലത്തില്‍ നഷ്ടമാകുന്ന വോട്ടുകളും നഗരസഭയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതിനാല്‍ 52 വാര്‍ഡുകളില്‍ നിന്നുള്ള നഗരവാസികളുടെ ബി.ജെ.പി യോടുള്ള വോട്ടു ബഹിഷ്‌കരണവുമെല്ലാം എന്‍.ഡി.എ സാരഥികളില്‍ തന്നെ ആശങ്ക നിറക്കുകയാണ്.
ആറു നഗരസഭകളും 7 പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലത്തില്‍ വള്ളുവനാടന്‍ കേന്ദ്രമായ ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, പട്ടാമ്പിക്കു പുറമെ സംസ്ഥാനത്തെ ആദിവാസി മേഖലയായ അട്ടപ്പാടിയുള്‍പ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ.ബി രാജേഷ് 1,05,300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എന്നാല്‍, പ്രാദേശിക തലത്തിലെ സി.പി.എം -സി.പി.ഐ തര്‍ക്കങ്ങള്‍ സി.പി.എംലെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ ഇടതിനെ ബാധിക്കുമ്പോള്‍ യു.ഡി.എഫിലെ പ്രശ്‌നങ്ങളും ശ്രീകണ്ഡനെയും മുന്നണിയെയും അലട്ടുന്ന വിഷയമാണ്. എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കിട്ടിയ 4,30,953 വോട്ടും യു.ഡി.എഫിന് 3,62,916 വോട്ടും ബി.ജെ.പിക്ക് 1,62,386 വോട്ടുകളുമാണെന്നിരിക്കെ എല്‍.ഡിഎഫിന്റെ ഭൂരിപക്ഷം 68,037 ആയിരുന്നവെന്നു മാത്രമല്ല അന്ന് മലമ്പുഴ പാലക്കാട് മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ജില്ലയില്‍ ആകെയുള്ള 25,85, 151 വോട്ടര്‍മാരുള്ളതില്‍ 41,817 എണ്ണം കന്നിവോട്ടര്‍മാരുള്ളതില്‍ 23,306 പുരുഷന്മാരും 18,510 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണ കാലവും കഴിഞ്ഞ വിധിയെഴുത്ത് പൂര്‍ണമായതോടെ ഫലമറിയാന്‍ ഇനി ഒരു മാസക്കാലം കൂടി കാത്തിരിക്കണമെന്നിരിക്കെ പാലക്കാടിന്റെ ചിത്രമറിയും മുമ്പെ മുന്നണികള്‍ കൂട്ടിയും കിഴിച്ചും സജീവമായിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.