2017 November 22 Wednesday
മനുഷ്യന്‍ മൃഗമാവുമ്പോള്‍ മൃഗത്തിലും വഷളനാണവന്‍
രവീന്ദ്രനാഥ് ടാഗോര്‍

വിദ്വേഷത്തിന്റെ സന്തതികള്‍ക്ക് ആയുധം നല്‍കുന്ന മന്ദബുദ്ധികള്‍

എ. സജീവന്‍

തീവണ്ടികളിലെ ടോയ്‌ലറ്റ് ചുമരുകളിലും മറ്റും അശ്ലീലം വരച്ചും എഴുതിയും ആത്മനിര്‍വൃതിയടയുന്നവരുണ്ട്. അവരെ ഞരമ്പുരോഗികളെന്നു വിളിക്കാം. എന്നാല്‍, മഹത്തായൊരു കലാലയത്തിന്റെ പേരില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന മാഗസിനില്‍ ഭോഗത്തിന്റെയും മനുഷ്യജനനേന്ദ്രിയങ്ങളുടെയും ചിത്രം വരച്ചുവച്ചവരെ എന്തു പേരിട്ടാണു വിളിക്കേണ്ടത്.

മനസ്സിലെ അധമവികാരം പ്രകടിപ്പിക്കലാണ് അതെങ്കില്‍ അതു ചെയ്തവരെയും ഞരമ്പുരോഗികളെന്നു തന്നെയാണു വിശേഷിപ്പിക്കേണ്ടത്. തീവണ്ടി ടോയ്‌ലറ്റിലെ ചുമരില്‍ അശ്ലീലമെഴുതുന്നതിനേക്കാള്‍ കടുത്ത സാമൂഹ്യവിരുദ്ധതയാണത്. തീവണ്ടിയിലെ ടോയ്‌ലറ്റില്‍ അശ്ലീലമെഴുതുന്നവര്‍ സ്വയം രംഗത്തുവരാന്‍ ഭയക്കുന്നവരാണ്. തങ്ങള്‍ ചെയ്യുന്നതു തെറ്റാണെന്ന് അവര്‍ക്കറിയാം.
എന്നാല്‍, തലശ്ശേരി ബ്രണ്ണന്‍ കോളജ് മാഗസിനില്‍ അശ്ലീലചിത്രം വരച്ചവര്‍ പരസ്യമായി പറയുന്നതു തങ്ങള്‍ ചെയ്തതു ശരിയാണെന്നാണ്. ഫാസിസത്തിനെതിരേ പ്രതികരിക്കുകയായിരുന്നെന്നാണു മാഗസിന്‍ പ്രസിദ്ധീകരിച്ച കോളജ് യൂനിയന്‍ ഭാരവാഹികള്‍ നല്‍കിയ വിശദീകരണമെന്നാണു പ്രിന്‍സിപ്പല്‍ പൊലിസിനു നല്‍കിയ മൊഴി. കോളജ് യൂനിയന്‍ ഭരിക്കുന്ന എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയും ഈ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്.
ഫാസിസത്തിനെതിരേ പ്രതികരിക്കേണ്ടത് ഇത്തരമൊരു സാംസ്‌കാരികപ്രസിദ്ധീകരണത്തില്‍ ഭോഗത്തിന്റെയും ലൈംഗികാവയവങ്ങളുടെയും ചിത്രം വരച്ചുചേര്‍ത്തിട്ടാണോ. അങ്ങനെയാണെങ്കില്‍ എതിരാളിയുമായുള്ള തര്‍ക്കത്തില്‍ വാദിച്ചു ജയിക്കാന്‍ കഴിയില്ലെന്നു വരുമ്പോള്‍ തെറിവിളിക്കുന്നവരെയും ഉടുതുണി പൊക്കിക്കാണിക്കുന്നവരെയും ന്യായീകരിക്കേണ്ടിവരും.
ഇനി, ഫാസിസത്തിനെതിരേയുള്ള പ്രതികരണമാണ് ഇതെന്നു വാദത്തിന് അംഗീകരിക്കാമെന്നു വയ്ക്കുക. എങ്കില്‍ത്തന്നെ അതിന്റെ ഫലമെന്ത്. ബ്രണ്ണന്‍ കോളജ് മാഗസിനില്‍ ഇത്തരത്തിലുള്ള അശ്ലീലചിത്രം വന്നതിന്റെ പേരില്‍ ഫാസിസ്റ്റുകള്‍ വാലും ചുരുട്ടി ഓടിപ്പോവുകയാണോ, കൂടുതല്‍ ശക്തിനേടുകയാണോ ചെയ്തത്.
മതവിദ്വേഷവും ജാതിവെറിയും സ്പര്‍ധയും പരമാവധി വളര്‍ത്തി അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ഫാസിസ്റ്റ് ശക്തികള്‍ അരയും തലയും മുറുക്കി ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതു വാസ്തവമാണ്. ഉത്തരേന്ത്യയില്‍ ദലിതുകളും ന്യൂനപക്ഷങ്ങളും അതിഭീകരമായി വേട്ടയാടപ്പെടുന്നുണ്ട്. ഒരു കാലത്തു ജാതി, മതഭ്രാന്താലയമെന്ന ചീത്തപ്പേരുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്ത് നവോത്ഥാന നായകന്മാരുടെ പരിശ്രമഫലമായി സാമുദായികസാഹോദര്യത്തിന്റെ വിളനിലമായി മാറാന്‍ കഴിഞ്ഞ നാടാണു കേരളം.
ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്ന മൈത്രിയും സഹവര്‍ത്തിത്വവും പരസ്പരാദരവുമാണു കേരളത്തില്‍ ജനാധിപത്യ, മതേതരമൂല്യങ്ങള്‍ക്കു കെട്ടുറപ്പു നല്‍കുന്നത്. അതു തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങള്‍ അടുത്തകാലത്തായി അതിശക്തമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദേശവിരുദ്ധരാക്കുന്ന പ്രവണത ഇവിടെയും തലപൊക്കിയിട്ടുണ്ട്. അതിന്റെ ഫലം ജനാധിപത്യസംവിധാനത്തില്‍ പ്രതിഫലിക്കുന്നതും കണ്ടുതുടങ്ങിയിരിക്കുന്നു.
ഇത്തരമൊരവസ്ഥയില്‍, സാമാന്യബുദ്ധിയുള്ള ജനാധിപത്യ, മതേതരവിശ്വാസികള്‍ ചെയ്യേണ്ടതെന്താണ്. ഫാസിസത്തിന്റെ കുതന്ത്രങ്ങള്‍ക്ക് ഈ മണ്ണില്‍ വേരോട്ടം നല്‍കാന്‍ നേരിയ സാധ്യതപോലുമുള്ള ഒന്നിനും വളക്കൂറുണ്ടാക്കി കൊടുക്കാതിരിക്കണം. മറ്റുള്ളവരെ ദേശദ്രോഹികളെന്ന മുദ്രകുത്തി അതിന്റെ ബലത്തില്‍ ജനമനസ്സുകളില്‍ വിഭാഗീയത സൃഷ്ടിച്ചു രാഷ്ട്രീയമുതലെടുപ്പു നടത്താനുള്ള അവസരമൊരുക്കാതിരിക്കണം.
അതാണോ, ബ്രണ്ണന്‍ കോളജിലെ മാഗസിനില്‍ വൃത്തികേടു വരച്ചുണ്ടാക്കിയവര്‍ ചെയ്തത്.
‘ജനഗണമന അതിനായക ജയഹേ…’ എന്നത് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ദേശീയഗാനമാണ്. സിനിമാ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കണമെന്നും ദേശീയഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും ഉത്തരവിട്ടത് ഭരണഘടനാ സ്ഥാപനങ്ങളില്‍ സുപ്രധാനമായ നീതിപീഠമാണ്.
ഇതു രണ്ടും യാഥാര്‍ഥ്യമായിരിക്കെ അത് അംഗീകരിക്കുകയെന്നതാണ് ഇന്ത്യന്‍ പൗരന്റെ കടമ. നീതിപീഠത്തിന്റെ ഉത്തരവിനോടു വിയോജിപ്പുണ്ടെങ്കില്‍ സമീപിക്കാവുന്നതു നീതിപീഠത്തെ മാത്രമാണ്. അതിനു പകരം, തിയേറ്ററിലെ ഉച്ചഭാഷിണിയില്‍ ദേശീയഗാനം മുഴങ്ങുകയും സ്‌ക്രീനില്‍ ദേശീയപതാക തെളിയുകയും ചെയ്യുമ്പോള്‍ ലൈംഗികപ്രക്രിയയില്‍ ഏര്‍പ്പെടുന്നതല്ല പരിഹാരമാര്‍ഗം. അത്തരം ചിത്രം വരയ്ക്കുന്നതിനെ ആത്മാവിഷ്‌കാരമെന്നു വിശേഷിപ്പിക്കാനാവില്ല. കോളജ് മാഗസിനില്‍ വന്ന ഈ ചിത്രത്തിന്റെ ഗുണഭോക്താക്കളാരാണ്.
കേരളം ഭരിക്കുന്ന പാര്‍ട്ടിക്കാരുടെ വിദ്യാര്‍ഥിപ്രസ്ഥാനം നടത്തിയ ദേശവിരുദ്ധത ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ രംഗത്തുവന്നു. എസ്.എഫ്.ഐക്കാര്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അവഹേളിച്ചുവെന്ന ആരോപണം അവര്‍ ശക്തമായി ഉയര്‍ത്തി. ഇതു കുറേപ്പേരുടെയെങ്കിലും മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടാകുമെന്നതില്‍ സംശയമുണ്ടോ.
സത്യത്തില്‍ നാം ഇപ്പോള്‍ അംഗീകരിച്ച ‘ജനഗണമന അതിനായക ജയഹേ… ‘ എന്ന ഗാനമല്ല ദേശീയഗാനമാകേണ്ടിയിരുന്നതെന്നു പ്രചരിപ്പിക്കുന്നതില്‍ മുന്നിലായിരുന്നു ഫാസിസ്റ്റ് ശക്തികള്‍. ദേശഭക്തി പ്രകടിപ്പിക്കാനല്ല, ബ്രിട്ടീഷ് രാജഭക്തി പ്രകടിപ്പിക്കാനാണ് മഹാകവി ടാഗോര്‍ ഈ ഗാനം എഴുതിയതെന്നത് അക്കാലത്തെ തന്നെ ആരോപണമായിരുന്നു.
ബ്രിട്ടീഷ് രാജാവ് ജോര്‍ജ് ആറാമനും പത്‌നിയും 1911 ഡിസംബറില്‍ ഇന്ത്യയിലെത്തിയപ്പോള്‍ ടാഗോര്‍ എഴുതിയ സ്തുതിഗീതമാണ് അതെന്നായിരുന്നു ആരോപണം. 1911 ഡിസംബറില്‍ കല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ഈ ഗാനം ആദ്യം പാടിയത്. ബംഗാള്‍ വിഭജനം റദ്ദാക്കിയ ജോര്‍ജ് ആറാമനെ ഈ സമ്മേളനത്തില്‍ പ്രകീര്‍ത്തിച്ചിരുന്നുവെന്നതും സത്യം. ഗാനത്തിലെ ‘അതിനായകന്‍’, ‘ഭാരതഭാഗ്യവിധാതാ’ തുടങ്ങിയ പദങ്ങള്‍ ഉദാഹരിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെപ്പോലുള്ളവര്‍ അതു രാജസ്തുതിയായിരുന്നെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.
ആര്‍.എസ്.എസ് നേതാവ് ഭയ്യാജി ജോഷിയെപ്പോലുള്ളവര്‍ ‘ജനഗണമന’യേക്കാള്‍ ദേശീയഗാനമാകാന്‍ യോഗ്യത ബങ്കിംചന്ദ്രയുടെ ‘വന്ദേമാതര’ത്തിനാണെന്ന് അഭിപ്രായപ്പെട്ടതും ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം, 1911 ഡിസംബര്‍ 12ന് ഇന്ത്യയിലെത്തിയ രാജാവിനെ സ്തുതിക്കാന്‍ 1911 ഡിസംബര്‍ 28നു നടന്ന കോണ്‍ഗ്രസ് യോഗത്തിലാണോ ഗാനം ആലപിക്കുന്നതെന്നു ചോദിച്ചു പ്രശസ്തചരിത്രകാരന്‍ സവ്യസാചി ഭട്ടാചാര്യയെപ്പോലുള്ളവര്‍ ഈ ആരോപണത്തെ നിശിതമായി വിമര്‍ശിച്ചിട്ടുമുണ്ട്.
അത്തരം വിവാദങ്ങള്‍ എന്തുമാകട്ടെ.
ഇവിടെ വിദ്വേഷത്തിന്റെ രാഷ്ട്രീയം ചമയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരുടെ കൈയില്‍ വൃത്തികെട്ട ചിത്രം വരച്ചു വജ്രായുധം വച്ചു കൊടുത്തിരിക്കുകയാണ് ഒരു കൂട്ടര്‍.
അവരെ ലളിതമായ ഭാഷയില്‍ വിശേഷിപ്പിക്കാന്‍ മന്ദബുദ്ധികള്‍ എന്ന വാക്കേ മനസ്സില്‍വരുന്നുള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.