2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദ്യാര്‍ഥി സുരക്ഷ: സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ്‌സെക്രട്ടറിമാര്‍ക്ക് കോടതി നോട്ടിസയച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യഹരജി പരിഗണിക്കവെ, ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റേതാണ് നടപടി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിലെ വനിതാഅഭിഭാഷകരായ അഭയ ആര്‍.ശര്‍മ, സംഗീതാ ഭാരതി എന്നിവര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയാണ് ചീഫ്ജസ്റ്റിന്റെ ബെഞ്ച് മുന്‍പാകെയുള്ളത്.
ഗുഡ്ഗാവിലെ പ്രശസ്തമായ റയാന്‍ സ്‌കൂളില്‍ ഏഴുവയസുകാരനായ വിദ്യാര്‍ഥി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെടുകയും സമീപത്തെ മറ്റൊരുസ്‌കൂള്‍ വിദ്യാര്‍ഥിനി ലൈംഗിക അതിക്രമത്തിനിരയാവുകയുംചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷസംബന്ധിച്ച വിഷയം കോടതിയുടെ പരിഗണനയിലെത്തിയത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ഗുഡ്ഗാവിലേതു പോലുള്ള സംഭവങ്ങള്‍ തടയാന്‍ സഹായകരമാവുമെന്നു, നോട്ടിസയക്കാന്‍ ഉത്തരവിട്ട് ചീഫ്ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കേസ് ഈമാസം 30നു വീണ്ടും പരിഗണിക്കും.
അതിനു മുന്‍പ് സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ തയാറാണെന്ന് ഇന്നലെ കേസ് പരിഗണിക്കവെ കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സേളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത്കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് മൂന്ന് വ്യത്യസ്ത സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിനു പുറമേ സ്‌കൂളുകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന വിധത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്.

നിയമം പൊളിച്ചെഴുതണം

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു നിലവിലെ നിയമം പൊളിച്ചെഴുതി കര്‍ക്കശവകുപ്പുകള്‍ ചേര്‍ക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എല്ലാ സ്‌കൂളുകളിലും ശിശുസംരക്ഷണനയം ഉണ്ടായിരിക്കണം.
ഓരോ സ്‌കൂളിലും രണ്ടുവീതം വിദ്യാര്‍ഥികളും രക്ഷാകര്‍തൃ പ്രതിനിധികളും അധ്യാപകരും ഉള്‍പ്പെടുന്ന ലൈംഗികാതിക്രമംതടയല്‍ സമിതി രൂപീകരിക്കണം. ജീവനക്കാരെ നിയമിക്കുന്നതിന് പൊലിസ് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ പരിസരത്ത് ലഹരിവസ്തുക്കള്‍, പുകയില, പാന്‍മസാല തുടങ്ങിയവയുടെ വില്‍പ്പനപാടില്ല. സ്‌കൂള്‍ ജീവനക്കാര്‍ ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അവരെ സര്‍വിസില്‍ നിന്നു പുറത്താക്കണം.
സ്‌കൂളുകളിലെ വിശ്രമമുറി, ശൗചാലയങ്ങള്‍, ഭക്ഷണമുറി എന്നിവയ്ക്കു സമീപം വനിതാജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും വീഴ്ചവരുത്തുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.