2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

വിദ്യാര്‍ഥിയുടെ മരണം: തലയില്‍ ട്യൂമര്‍ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്

ബേക്കല്‍: ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥി മരിച്ചത് തലയില്‍ ട്യൂമര്‍ ബാധിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. പനയാല്‍ കുന്നൂച്ചിയിലെ സുനില്‍- സരോജിനി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് സ്‌കോളര്‍ കോളജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയുമായ സജിന്‍ (18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി തലവേദന കലശലായതിനെ തുടര്‍ന്നാണ് സജിനെ ഉദുമ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തലയില്‍ ട്യൂമറാണ് മരണകാരണമെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പൊലിസ് സര്‍ജന്‍ ബേക്കല്‍ പൊലിസിനു കൈമാറിയിട്ടുണ്ട്.
ആശുപത്രിയില്‍ വച്ച് സജിന് നല്‍കിയ കുത്തിവെപ്പിലെ അപാകത കാരണമാണ് മാറണമെന്ന് ബന്ധുക്കള്‍ ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് ബേക്കല്‍ പൊലിസ് കേസെടുത്ത് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചിരുന്നു. ഇടക്കിടെ കലശലായ തലവേദന സജിന് അനുഭവപ്പെട്ടിരുന്നു. തലവേദന കലശലായതിനെ തുടര്‍ന്നാണ് സജിനെ ഉദുമ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഡോക്ടര്‍ വന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതിനിടയിലാണ് കുത്തിവെപ്പ് എടുത്തപ്പോള്‍ തലവേദനയും ചര്‍ദിയും ഉണ്ടായത്. തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സജിന്‍ മരിച്ചു.
അതിനിടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട് പുറത്തുവരുന്നതിന് മുന്‍പ് തന്നെ ആശുപത്രിക്കെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തിയിരുന്നുവെന്ന് പറയുന്നു. ഇതിനെതിരെ പൊലിസില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.